കമ്യൂണിറ്റീസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് യൂട്യൂബ്
Friday, September 20, 2024 11:11 AM IST
ക്രിയേറ്റര്‍മാര്‍ക്കും സബ്സ്ക്രൈബേഴ്സിനും ഒരുമിച്ചുകൂടാനുള്ള കമ്യൂണിറ്റീസ് എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ച് യൂട്യൂബ്. യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. കമ്യൂണിറ്റീസ് വഴി കാഴ്ചക്കാര്‍ക്ക് പരസ്പരം ഇടപഴകാനും സാധിക്കും.
നേരത്തെ യൂട്യൂബ് വീഡിയോയ്ക്ക് കമന്റ് ചെയ്യാന്‍ മാത്രമാണ് കാഴ്ചക്കാരെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാഴ്ചക്കാര്‍ക്കും ക്രിയേറ്റര്‍ കമ്യൂണിറ്റിയില്‍ അവരുടെ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കാനാവും. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച് ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാവും.
സബ്സ്ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനാവുക. എന്നാല്‍ ഉള്ളടക്കങ്ങളുടെ നിയന്ത്രണം ക്രിയേറ്റര്‍മാര്‍ക്ക് ആയിരിക്കും. നിലവില്‍ ചുരുക്കം ചില ക്രിയേറ്റര്‍മാര്‍ക്കിടയില്‍ മൊബൈല്‍ ഫോണില്‍ മാത്രമാണ് യൂട്യൂബ് കമ്യൂണിറ്റീസ് ഫീച്ചര്‍ പരീക്ഷിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ആളുകളിലേക്ക് ഈ സൗകര്യമെത്തും. കൂടാതെ കമ്യൂണിറ്റി ഹബ്, ഓട്ടോ ഡബ്ബിംഗ്, ഹയിപ് ഫീച്ചര്‍, യൂട്യൂബ് ഷോപ്പിംഗ് എക്സ്പാന്ഷന്, ബിഗ് സ്ക്രീന്‍ ഫീച്ചേഴ്സ് തുടങ്ങിയവയും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്.