ആപ്പിള്‍, സാംസംഗ്... വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്ന ഫോണുകള്‍ ഇവ
Monday, September 2, 2024 11:06 AM IST
പഴയ സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ആപ്പിള്‍, ലെനോവോ, എല്‍ജി, മോട്ടോറോള, സാംസംഗ്, സോണി തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ 35ലധികം സ്മാര്‍ട്ട്ഫോണുകളില്‍ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് വാട്സ്ആപ്പ് നിര്‍ത്തുമെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ കനാല്‍ടെക് അവകാശപ്പെട്ടു.
വാട്സ്ആപ്പ് മിനിമം സിസ്റ്റം ആവശ്യകതകളില്‍ മാറ്റം വരുത്തുന്നതോടെ, പഴയ ഫോണുകളുള്ള ഉപയോക്താക്കളെ ബാധിക്കും. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റുകളോ സുരക്ഷാ പാച്ചുകളോ ലഭിച്ചേക്കില്ല.
സാംസംഗിന്റെ ഗാലക്സി നോട്ട് 3, ഗാലക്സി എസ് 3 മിനി, ഗാലക്സി എസ് 4 മിനി, മോട്ടോറോളയുടെ മോട്ടോ ജി, മോട്ടോ എക്സ് എന്നിങ്ങനെ നിരവധി ഫോണുകളില്‍ ഭാവിയില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ മോഡലുകളെയും പിന്തുണയ്ക്കുന്നത് വൈകാതെ തന്നെ വാട്സ്ആപ്പ് അവസാനിപ്പിക്കും. 2024 അവസാനത്തോടെ ആപ്പ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പിന്തുണ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.