സ്മാർട്ട്ഫോണ് വില്പനയിൽ റിക്കാർഡ് ഇടിവ്
Wednesday, May 10, 2023 1:52 PM IST
മുംബൈ: സ്മാർട്ട്ഫോണ് വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തിടെ ഇന്ത്യയിൽ സ്റ്റോർ തുറന്നത്. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇന്ത്യൻ സ്മാർട്ട്ഫോണ് വിപണിക്ക് ഒട്ടും അനുകൂലമല്ല. രാജ്യത്തെ മൊബൈൽ ഫോണ് ഹാൻഡ്സെറ്റ് വില്പന നാലു വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണു റിപ്പോർട്ട്.
ഗവേഷണ സ്ഥാപനമായ ഇന്റർനാഷണൽ ഡേറ്റ കോർപറേഷന്റെ (ഐഡിസി) കണക്കുപ്രകാരം ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ 3.1 കോടി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത്, കഴിഞ്ഞ വർഷം ഇതേസമയത്തെ കണക്കിനെ അപേക്ഷിച്ച് 16 ശതമാനം കുറവാണ്. നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കും. ഇന്ത്യയിലെ സ്മാർട്ട്ഫോണ് വ്യാപാരം വരാനിരിക്കുന്ന പാദങ്ങളിലും കുറയുമെന്നാണ് ഐഡിസിയുടെ പ്രവചനം.
ഇന്ത്യയിലെ വിപണി വിപുലീകരിക്കുന്നതിനു ലക്ഷ്യമിട്ടാണ് ആപ്പിൾ ഇന്ത്യയിൽ സ്റ്റോർ തുറന്നത്. എന്നാൽ, ഈ മേഖലയിലെ ചെറുകിട കന്പനികൾ നിലനിൽപ്പിനായി ബുദ്ധിമുട്ടുകയാണ്. കോവിഡിനുശേഷം, ഉപയോക്താക്കൾ വില കൂടിയ ഡിവൈസുകളിലേക്കു മാറുന്നതിന്റെ സൂചനകളും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ, പ്രീമിയം സ്മാർട്ട്ഫോണ് വില്പന ഇരട്ടിയായെന്നു ടെക് മാർക്കറ്റ് ഗവേഷകനായ പ്രചിർ സിംഗ് പറഞ്ഞു. ആപ്പിൾ, സാംസംഗ് തുടങ്ങിയ കന്പനികളാണ് ഈ മാറ്റത്തിൽനിന്നു നേട്ടമുണ്ടാക്കിയവർ. ചൈനീസ് കന്പനികളായ ഷിയോമി, റിയൽമി എന്നിവയുടെ വില്പനയിൽ വൻ ഇടിവു സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ആളുകൾ പഴയ സ്മാർട്ട്ഫോണ് ഉപയോഗിക്കുന്നതു തുടരുന്നതും വില്പന ഇടിയാൻ കാരണമായി. ഗ്രാമീണമേഖലകളിലും വില്പനയിൽ വൻ ഇടിവു സംഭവിച്ചിട്ടുണ്ട്.