കോവിഡ് മാറ്റി, മൊബൈല്‍ ഉപയോഗത്തെയും
കോവിഡ് മാറ്റി, മൊബൈല്‍ ഉപയോഗത്തെയും
Wednesday, November 4, 2020 4:07 PM IST
കോവിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗരീതികളെ മാറ്റിമറിച്ചു. എങ്ങനെയൊക്കെ എന്ന് ആലോചിച്ചുവോ? കാര്യമായ മാറ്റങ്ങളാണ് വന്നത്. തൊട്ടുപോകരുത് ഫോണ്‍ എന്നു കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തിയിരുന്നിടത്ത് ഇപ്പോള്‍ എന്താ കഥ! ഫോണുകള്‍ അവരുടെ പഠനോപാധിയായി മാറിയിരിക്കുന്നു. അവരുടെ ആവശ്യം കഴിഞ്ഞു കിട്ടിയാല്‍ ആയി എന്ന അവസ്ഥ.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കംപ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയേക്കാള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നത് ഫോണ്‍ ആണെന്നതുതന്നെ കാര്യം. ഫോണുകളുടെ കച്ചവടം കുത്തനേ കൂടിയെന്നു കടയുടമകള്‍ പറയുന്നു. ബജറ്റ് മോഡലുകളില്‍ പലതും കിട്ടാനുമില്ല. കംപ്യൂട്ടര്‍ ആക്‌സസറികള്‍ക്ക്, പ്രത്യേകിച്ച് വെബ്കാം പോലുള്ളവയ്ക്കു കടുത്ത ക്ഷാമം വന്നതുപോലെ മൊബൈല്‍ വിപണിയിലും ഗണ്യമായ മാറ്റങ്ങളുണ്ടായി.

ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഹാന്‍ഡ്‌സെറ്റുകളുടെ ഓഡിയോ ക്വാളിറ്റിക്കാണെന്നു പുതിയ പഠനം വെളിവാക്കുന്നു. മുമ്പ് ഡിസ്‌പ്ലേയ്ക്കു നല്‍കിയിരുന്ന മുന്‍ഗണനയാണ് ഇപ്പോള്‍ ഓഡിയോയ്ക്കുള്ളത്.

ലോക്ക് ഡൗണിനു ശേഷം വന്ന പ്രധാന മാറ്റമാണ് ഇത്. കാരണമറിയാമോ? ആളുകളില്‍ പാട്ടുകേള്‍ക്കുന്ന ശീലം കൂടി. സദാ സ്‌ക്രീന്‍ നോക്കിയിരുന്നാല്‍ കണ്ണിന് അസ്വസ്ഥത വരുമെന്നായപ്പോള്‍ തനിയെ വന്ന ശീലമാണ്. ഇന്ത്യയിലെ ഓരോ നാലില്‍ മൂന്ന് മൊബൈല്‍ ഉപയോക്താക്കളും ദിവസത്തിലൊരിക്കലെങ്കിലും പാട്ടുകേള്‍ക്കാന്‍ മൊബൈല്‍ എടുക്കുന്നു എന്നാണ് കണക്ക്. നോക്കിയ മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബലും സൈബര്‍ മീഡിയ റിസര്‍ച്ച് എന്ന സ്ഥാപനവും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്. പാട്ടുമാത്രമല്ല, പോഡ്കാസ്റ്റുകള്‍ കേള്‍ക്കാനും എഫ്എം റേഡിയോ ഉപയോഗത്തിനും മൊബൈലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. വിദ്യാഭ്യാസകാര്യങ്ങള്‍ക്കു പോഡ്കാസ്റ്റിംഗ് ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമാവുകയാണ്. എന്തായാലും മൊബൈല്‍ ഉപയോഗരീതിയും, അതുമൂലമുള്ള ജീവിതരീതിയും അടിമുടി മാറി എന്നു ചുരുക്കം.

മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് ഇതു വലിയ സാധ്യതകളാണു തുറന്നിടുന്നത്. ഉടന്‍ വിപണിയിലെത്താനിരിക്കുന്ന ഏതാനും മോഡലുകളെ പരിചയപ്പെടാം.


മോട്ടോറോള വണ്‍ ഫ്യൂഷന്‍ പ്ലസ്

പോപ്അപ് സെല്‍ഫി കാമറ എന്ന പ്രധാന ആകര്‍ഷത്തോടെയാണു മോട്ടോ വണ്‍ ഫ്യൂഷന്‍ പ്ലസ് എത്തിയത്. ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍ എന്തൊക്കെ എന്നു നോക്കാം.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് നോച്ച്ലെസ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 730 എസ്ഒസി, 6 ജിബി റാം, 128 ജിബി ഇന്‍േറണല്‍ സ്റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടിബി വരെ), ക്വാഡ് കാമറ (64 എംപി മെയിന്‍, 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍, 5എംപി മാക്രോ, 2 എംപി ഡെപ്ത് സെന്‍സര്‍), 16 എംപി പോപ്അപ് കാമറ സെല്‍ഫി സെന്‍സര്‍, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റ് ബണ്‍, 5,000 എംഎഎച്ച് ബാറ്ററി, 15 വാ് ഫാസ്റ്റ് ചാര്‍ജിംഗ്. ട്വിലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ലെനോവോ ലീജിയണ്‍ ഗെയിമിംഗ് ഫോണ്‍

അടുത്തകാലത്ത് ഏറ്റവുമധികം ലീക്ഡ് ഇമേജുകള്‍ വന്നിുള്ള ഫോണ്‍ മോഡലാണു ലെനോവോ ലീജിയണ്‍.

ഒേറെ പ്രത്യേകതകളുള്ള രൂപകല്പനയും ഹാര്‍ഡ് വെയര്‍ ഭാഗങ്ങളും അടങ്ങുന്നതാണ് ഈ ഗെയിമിംഗ് ഫോണ്‍. വശത്തുനിന്നു പോപ്അപ് ചെയ്യുന്ന സെല്‍ഫി കാമറയാണ് ഒരു പ്രത്യേകത. ഫോണ്‍ കൂടുതലും ഹൊറിസോണ്ടല്‍ ആയി ഉപയോഗിക്കുന്നവര്‍ക്കു പ്രയോജനകരമാവും ഇത്. മെയിന്‍ കാമറകളാക െഫോണിന്റെ പിന്‍വശത്തു മധ്യത്തിലാണു സ്ഥാപിച്ചിരിക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് അടങ്ങുന്ന ഫോണ്‍ 5ജി നെറ്റ് വര്‍ക്കുകളെ പിന്തുണയ്ക്കുന്നതാകും. 90 വാട്ട്‌ ചാര്‍ജിംഗ് സാധ്യമാണെന്നു നേരത്തേ റിപ്പോര്‍ുകളുണ്ടായിരുന്നു. ലിക്വിഡ് കൂളിംഗ് ടെക്‌നോളജി, ആക്ടീവ് കൂളിംഗ് ഫാന്‍ എന്നിവയുമുണ്ടാകും. ഏതാണ്ട് അമ്പതിനായിരത്തിനടുത്താണ് പ്രാരംഭവില.

ഓണം സീസണ്‍ ഡിജിറ്റല്‍ വിപണിക്കു പൊതുവേ നല്ലകാലമാണു സമ്മാനിക്കാറുള്ളത്. മൊബൈലുകളുടെ കാര്യത്തില്‍ ഇത്തവണ മികച്ച വില്പനയാണു പ്രതീക്ഷിക്കുന്നത്. കമ്പനികള്‍ നല്ല ഓഫറുകള്‍ പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണ് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവര്‍.