കൂവപ്പൊടിക്കു നല്ല ഡിമാൻഡാണ്, കൂവകൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞ് സിബി
Monday, August 26, 2024 1:45 PM IST
ഔഷധ, പോഷക ഗുണങ്ങളാൽ സന്പന്നമാണു കൂവ. 5000 വർഷങ്ങൾക്കു മുന്പു രചിക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ കൂവയുടെ ഉപയോഗം, ഗുണങ്ങൾ എന്നിവയെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ ആദിവാസികൾ അന്പുകൊണ്ടേൽക്കുന്ന മുറിവിലെ വിഷം അകറ്റാനും മുറിവുണക്കാനും കൂവയാണ് ഉപയോഗിച്ചിരുന്നത്.
നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ തലമുറ പിന്നോട്ടുപോയാൽ കൂവകൊണ്ടുള്ള വിഭവങ്ങൾ കഴിക്കാത്തവർ വിരളം. ഇടുക്കി ജില്ലയിൽ മൂലമറ്റത്തിനു സമീപം വെള്ളിയാമറ്റം സ്വദേശിയായ സിബി കെ. ജോണ് കിഴക്കേക്കര കൂവകൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞ യുവകർഷകനാണ്.
വീടിനോടു ചേർന്നുള്ള മൂന്നേക്കറിൽ അരയേക്കർ സ്ഥലത്താണു കൂവകൃഷി. വാഴത്തോട്ടത്തിലെ ഇടവിള. കൂവയുടെ വിവിധതരം മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുന്ന സിബി മികച്ച വരുമാനമാണു നേടുന്നത്.
കൂവപ്പൊടി
സ്വന്തം കൃഷിയിടത്തിലെ കൂവയ്ക്കു പുറമെ സമീപപ്രദേശങ്ങളിലെ കർഷകരിൽ നിന്നും കൂവ വാങ്ങിയാണ് സിബി കൂവപ്പൊടി ഉത്പാദിപ്പിക്കുന്നത്. വേര് നീക്കം ചെയ്തു നൽകുന്ന പച്ചക്കൂവ കിലോയ്ക്ക് 20 രൂപയ്ക്കും ഒരുക്കാത്തത് 15 രൂപയ്ക്കുമാണു വാങ്ങുന്നത്.
ഒരു വർഷം മൂന്നു ടണ് കൂവ പുറത്തുനിന്നു വാങ്ങുന്നുണ്ടെന്ന് സിബി പറഞ്ഞു. വേരും പുറംതൊലിയും നീക്കം ചെയ്തു കഴുകി വൃത്തിയാക്കലാണ് ആദ്യപടി. പിന്നീട് ആണി കൊണ്ടു തുളച്ച് അരമുണ്ടാക്കിയ തകരപാട്ടയിൽ അരച്ചെടുക്കുന്ന രീതിയായിരുന്നു പണ്ട്.
ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് കൂവ അരച്ചെടുക്കുന്നത്. ഈ മെഷീന് 20,000 മുതൽ 60,000 രൂപ വരെ വിലയുണ്ട്. ദിവസം 300 കിലോ വരെ അരച്ചെടുക്കാൻ കഴിയുന്ന മെഷീനാണ് സിബിക്കുള്ളത്. അരച്ചെടുക്കുന്ന കൂവപ്പൊടി വലിയ പാത്രങ്ങളിലാക്കി വെള്ളം ഒഴിച്ചു മൂടി വയ്ക്കും.
പൊന്തിവരുന്ന പിശട് ദിവസവും ഊറ്റിക്കളയും. ഇങ്ങനെ ആറോ ഏഴോ ദിവസം ആവർത്തിക്കുന്പോൾ അടിയിൽ ശുദ്ധമായ കൂവപ്പൊടി അവശേഷിക്കും. ഇത് നല്ല വെയിലത്ത് ഉണക്കിയെടുക്കും. മൂന്നോ നാലോ ദിവസം ടെറസിൽ പ്ലാസ്റ്റിക് പടുത വിരിച്ചാണ് ഉണക്കുന്നത്.
പൊടിയും ഇലയും വീഴാതിരിക്കാൻ വലയിടും. ഉണങ്ങിയ പൊടി പ്ലാസ്റ്റിക് ജാറുകളിൽ ശേഖരിക്കും. പിന്നീട് 100, 250, 500 ഗ്രാം, ഒരു കിലോ എന്നീ കണക്കിൽ പ്ലാസ്റ്റിക് കവറുകളിലും ബോട്ടിലുകളിലും നിറയ്ക്കും.
വിപണനം
വെള്ള, മഞ്ഞ, നീല, കുഴി എന്നിങ്ങനെ വിവിധയിനം കൂവകളുണ്ട്. ഇതിൽ മഞ്ഞ, നീല ഇനം കൂവയിൽ നിന്നുള്ള പൊടിയാണ് സിബി ഉത്പാദിപ്പിക്കുന്നത്. ബേക്കറികൾ, പലചരക്കു കടകൾ, മെഡിക്കൽ ഷോപ്പുകൾ, ടൂറിസം സെന്ററുകൾ, കോതമംഗലം, എറണാകുളം കേന്ദ്രീകരിച്ചുള്ള കയറ്റുമതി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് വില്പന.
വിദേശത്തേക്ക് പോകുന്ന ധാരാളം പേർ കൂവപ്പൊടി വാങ്ങാൻ വീട്ടിലെത്താറുമുണ്ട്. മഞ്ഞ കൂവപ്പൊടി കിലോയ്ക്ക് 1300 രൂപയും നീല 1400 രൂപയുമാണ് വില. പേൾസ് ആരോ റൂട്ട് എന്ന പേരിലാണ് വിപണനം.
പോഷക മൂല്യം
പോഷക മൂല്യങ്ങളുടെ കലവറയാണ് കൂവ. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയിൽ സന്പന്നമാണ് കൂവപ്പൊടി. ക്ഷീണമകറ്റാനും രോഗശമനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഫലപ്രദം.
വയറിളക്കം ശമിപ്പിക്കാൻ ഉത്തമം. മൂത്രാശയരോഗം, കാൻസർ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകും. ഹൃദയാരോഗ്യത്തിനും രക്തചംക്രമണത്തിനും വിളർച്ചയെ പ്രതിരോധിക്കാനും കൂവപ്പൊടി നല്ലതാണ്.
ഔഷധ നിർമാണത്തിനു പുറമെ ചർമം മൃദുലമാക്കുന്ന ക്രീമുകളിലും ടാൽക്കം പൗഡറുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
കുറുക്കും അടയും
ഏറ്റവും എളുപ്പം തയാറാക്കാവുന്നതും ആരോഗ്യം നൽകുന്നതുമായ വിഭവമാണ് കൂവക്കുറുക്ക്. ഏതാനും സ്പൂണ് കൂവപ്പൊടി എടുത്ത് പാത്രത്തിൽ പച്ചവെള്ളം ചേർത്ത് ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്താൽ കൂവപ്പൊടിക്കുറുക്കായി.
വാഴയിലയിൽ അട ഉണ്ടാക്കി കഴിക്കാൻ കൂവപ്പൊടി ഒന്നാംതരമാണ്. പാലിൽ ചേർത്തും കഴിക്കാം. പുട്ട്, അപ്പം, ഇഡ്ഡലി എന്നിവയിൽ ചേരുവയായും ഉൾപ്പെടുത്താം. കേക്ക്, ബർഗർ, ബ്രഡ്, സ്റ്റൂ, ഹൽവ, ജാം, ഐസ്ക്രീം, പുഡിംഗ് തുടങ്ങി നിരവധി വിഭവങ്ങളുമുണ്ടാക്കാനും കൂവപ്പൊടി ഉപയോഗിക്കുന്നുണ്ട്.
അനുകൂല കാലാവസ്ഥ
കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവ കൃഷിക്ക് ഏറെ അനുകൂലമാണ്. ഏപ്രിൽ മെയ് മാസത്തിൽ പുതുമഴയോടെ കൂവ കൃഷി നടത്താം. മൂന്നിഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ചയിലുമാണു വിത്ത് നടുന്നത്.
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഠനപ്രകാരം ചെടികൾ തമ്മിൽ 25 - 30 സെന്റീ മീറ്ററും വരികൾ തമ്മിൽ 15 സെന്റീ മീറ്ററും അകലം വേണം. നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശിയുള്ള മണ്ണിലാണ് കൂവ നന്നായി വളരുന്നത്.
ചാണകം, കോഴികാഷ്ഠം, ചപ്പുചവറുകൾ എന്നിവയാണ് വളം. എന്നാൽ, രാസവളവും കീടനാശിനിപ്രയോഗവും ആവശ്യമില്ല. ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്. പച്ചക്കറികളുടെയും മറ്റു പല വിളകളുടെയും ഇടയിൽ കൂവ നട്ടാൽ കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം കുറയും.
കുരുമുളകിന്റെ ദ്രുതവാട്ടം കുറയ്ക്കാനും എലിശല്യം കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കാനും സാധിക്കുമെന്നാണ് സിബിയുടെ നിരീക്ഷണം. കൂവ കൃഷിക്കു പുറമെ രണ്ടരയേക്കറിൽ റബർ, കൊക്കോ, കമുക്, മരിച്ചീനി, വാഴ എന്നീ കൃഷികളുമാണ് സിബി നടത്തിവരുന്നത്.
ഇതോടൊപ്പം കാലിവളർത്തലുമുണ്ട്. ഭാര്യ: ലിറ്റി ജോസ്, മക്കൾ: റോസന്ന, ബ്രിജിറ്റ്, മേരി.
ഫോണ്:9746151156.