കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
Tuesday, May 16, 2023 5:45 PM IST
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യുന്നുണ്ടെങ്കിലും മുന്തിരിങ്ങയ്ക്ക് മധുരം പോര. പടിഞ്ഞാറൻ മണ്ണിൽ ഉണ്ടാകുന്നതു കൊണ്ടാവാം മിക്കതിനും നല്ല പുളിയാണ്.
എന്നാൽ, ഇടവന്നലശേരിൽ ഷിജോ ജോണിന്റ പുരയിടത്തിൽ വിരിഞ്ഞ മുന്തിരിങ്ങയ്ക്കു നല്ല തേൻ മധുരം. നാഗർകോവിൽ നിന്ന് അഗ്രിക്കൾച്ചർ കോഴ്സ് പാസായ ഷിജോ കൃഷിയിൽ ഏറെ തത്പരനാണു താനും.
കോവിഡിന്റെ തുടക്കത്തിൽ ആയുർവേദ ചികിത്സക്കായി തമിഴ്നാട്ടിലെ കന്പത്തു പോയപ്പോൾ അവിടുത്തെ ഒരു മുന്തിരി തോപ്പിൽ നിന്നു 100 രൂപ നൽകി വാങ്ങിയ മുന്തിരി ചെടിയിലാണ് നല്ല മധുരമുള്ള കറുത്ത മുന്തിരിക്കുലകൾ വിളഞ്ഞുകിടക്കുന്നത്.
നാലു സെന്റ് പുരയിടത്തിലാണ് ഈ അപൂർവ വിളവ്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഇതിൽ പഴങ്ങൾ ഉണ്ടായത്. അന്ന് 13 കുലകൾ കായ്ച്ചു. ഇത്തവണ 30 ലധികം കുലകൾ കിട്ടി.
കാര്യമായ രാസവള പ്രയോഗമൊന്നും നടത്താതെയാണ് ചെടി പരിപാലിച്ചത്. വീട്ടിൽ പശു വളർത്തൽ ഉള്ളതുകൊണ്ട് ഇഷ്ടം പോലെ ചാണകപ്പൊടി ഇട്ടു കൊടുത്തു.
കൂടെ വേപ്പിൻപിണ്ണാക്കും. രാവിലെയും വൈകിട്ടും നന്നായി നനച്ചു കൊടുക്കുകയും ചെയ്തു. നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. പന്തലിട്ടു കൊടുക്കണം. ഓരോ വിളവെടുപ്പ് കഴിയുന്പോഴും വള്ളികൾ പ്രൂണ്‍ ചെയ്യുകയും വേണം.
വിരൽ വണ്ണത്തിലുള്ള വള്ളി നിർത്തി ബാക്കിയുള്ളവ മുറിച്ചു കളയുന്നതിനെയാണ് പ്രൂണ്‍ ചെയ്യുക എന്നു പറയുന്നത്. കഴിഞ്ഞ ഡിസംബ റിലാണ് അവസാനം പ്രൂണ്‍ ചെയ്തത്. നാലു സെന്റു മാത്രമുള്ള ഷിജോ യുടെ പുരയിടം നിറയെ കൃഷിയാണ്.
ഏത്തൻ, പൂവൻ, കദളി തുടങ്ങി വിവിധ ഇനം വാഴകൾ, കുരുമുളക്, കപ്പളം, കോവൽ, റംന്പൂട്ടാൻ, കപ്പ, മാതളം, മാങ്കോസ്റ്റിൻ തുടങ്ങി നിരവധി ഇനങ്ങൾ. ഒരിഞ്ചു മണ്ണുപോലും പാഴാക്കിയിട്ടില്ല.
സ്ഥലപരിമിതി മൂലം ഹാങ്ങിംഗ് ചെടികളാണ് കൂടുതലും. 13 ഇനം റോസും 5 ഇനം കറിവേപ്പും ഷിജോയ്ക്കുണ്ട്.
കുര്യൻ കുമരകം