സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ളു. എങ്കില്‍ സ്വര്‍ണത്തിനു സുഗന്ധം കൂടെ ഉണ്ടാകുമ്പോഴുള്ള കൗതുകരമായ വൈവിധ്യം നമുക്ക് അനുഭവിക്കാനാകും. 'സൊസൈറ്റി ഗാര്‍ളിക്' എന്നു വിളിപ്പേരുള്ള അത്യാകര്‍ഷകമായ പൂച്ചെടിയുടെ കഥയാണിത്. സസ്യനാമം 'തുല്‍ബാഗീയ വിയോലേസിയ'. 'വൈല്‍ഡ് ഗാര്‍ളിക് 'എന്നും പേരുണ്ട്. ശിലാരാമങ്ങളെയും ഉദ്യാനത്തിന്റെ അതിരുകളെയും ഒക്കെ നയനാനന്ദകരമാക്കാന്‍ ഇതിനോളം പോന്ന മറ്റ് ഉദ്യാനസസ്യങ്ങള്‍ കുറവ്.

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഈ ഉദ്യാനസുന്ദരിയുടെ ഇലകള്‍ക്ക് പേര് സൂചിപ്പിക്കുന്നതുപോലെ വെളുത്തുള്ളിയുടെ ഗന്ധമുണ്ട്. ഉള്ളിയും വെളുത്തുള്ളിയും ഒക്കെ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗമാണിത്. എന്നാല്‍ ജനുസില്‍ വ്യത്യാസമുണ്ട് എന്നു മാത്രം. തുല്‍ബാഗീയ എന്നാണ് ജനിതകപ്പേര്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡച്ച് ഗവര്‍ണറായി റിക് തുല്‍ബാഗിന്റെ ഓര്‍മയ്ക്കായിട്ടാണ് ഈ പേര് നല്‍ കിയിരിക്കുന്നത്. കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെ ഗവര്‍ണറായിരുന്നു ഇദ്ദേഹം. 'വിയോലേസിയ' എന്നത് സ്പീഷീസ് പേരാണ്. പൂവിന്റെ നിറത്തെ ആണിത് സൂചിപ്പിക്കുന്നത്. നീല, ഇളം നീല, പിങ്ക്, വയലറ്റ്, പര്‍പ്പിള്‍ കലര്‍ന്ന വയലറ്റ് എന്നിങ്ങനെ വിവിധ നിറങ്ങള്‍ ഇതിനുണ്ട്. കൂട്ടമായി വളരുന്ന ചെടിയുടെ സ്വഭാവത്തെയാണ് സൊസൈറ്റി ഗാര്‍ളിക് എന്ന പേര് സൂ ചിപ്പിക്കുന്നത്. സമൂഹമായി വളരുന്നത് എന്നര്‍ഥം. എന്നാല്‍ ഇതിന്റെ പൂക്കള്‍ക്ക് അത്രരൂക്ഷമായ വെള്ളു ള്ളി ഗന്ധമില്ല.

ചുവട്ടിലെ ഉള്ളിക്കുട(ബള്‍ബ്) ത്തി ല്‍ നിന്നാണ് ഓരോ ചെടിയും വളരുക. ഏതാണ്ട് ഒരടി നീളം വയ്ക്കും. ഓരോ ചെടിയിലും അഞ്ചോ ആറോ ഇലകളുണ്ടാകും. വീതി കുറഞ്ഞ ഇലകള്‍ പുല്ലുപോലെ നേര്‍ത്തതായിരിക്കും. ചെടി ഒറ്റയ്ക്കു വളരുമ്പോള്‍ അത്ര ശ്രദ്ധേയമാകില്ലെങ്കിലും ചെടികള്‍ കൂട്ടത്തോടെയാണ് വളരുന്നതെ ന്നതിനാല്‍ ഒരു വലിയ സസ്യജാലത്തിന്റെ പ്രതീതി തീര്‍ക്കുക പതിവാണ്. പൊതുവേ സൊസൈറ്റി ഗാര്‍ളിക്കിന്റെ ഇലകള്‍ക്ക് തവിട്ടു കലര്‍ന്ന പച്ച നിറമാണെങ്കിലും ചില ഇനങ്ങള്‍ വര്‍ണവൈവിധ്യം പ്രകടിപ്പിക്കാറുണ്ട്.

'സില്‍വര്‍ ലേസ്' എന്ന ഇനത്തിന് വെളുത്ത അരികുള്ള പച്ച ഇലകളാണുള്ളത്. ട്രൈകളര്‍ എന്ന ഇനത്തിനാകട്ടെ പിങ്ക്, വെള്ള, പച്ച എന്നീ നിറങ്ങളില്‍ വരകളാണ്.

സൊസൈറ്റി ഗാര്‍ളിക്കില്‍ ഇലപ്പരപ്പിനു മുകളിലായി 1-2 അടി നീളത്തില്‍ ഒരു പൂത്തണ്ട് ഉയര്‍ന്നു നില്‍ക്കും. ഇതില്‍ ഏതാണ്ട് ഇരുപതോളം പൂക്കള്‍ വിടരുകയാണു പതിവ്. സാധാരണ വെളുത്തുള്ളി ചെടിയേക്കാള്‍ ദൃശ്യഭംഗിയുള്ളതാണ് ഇതിന്റെ പൂക്കള്‍. ഓരോ പൂവിനും 3/4 ഇഞ്ച് നീളം. രാത്രികാലത്ത് പൂക്കള്‍ അതിസുഗന്ധം പരത്തും. കുഴലിന്റെ ആകൃതിയാണ് പൂക്കള്‍ക്ക്. നക്ഷത്രരൂപം. അഗ്രം കൂര്‍ത്ത ആറ് ഇതളുകള്‍. വേനല്‍കാലം മുഴുവന്‍ പുഷ്പിക്കല്‍ തുടന്നു കൊണ്ടേയിരിക്കും.


ചെടി വളരുന്നതനുസരിച്ച് ചുവട്ടിലെ ബള്‍ബുകളില്‍ നിന്ന് പുതിയ തൈകള്‍ പൊട്ടി വളരുകയും അവിടമാകെ കൂട്ടമായി തീരുകയും ചെയ്യും. ദ്രുതവളര്‍ച്ചാ സ്വഭാവമുള്ള ചെടിയാണിത്. നനവും ജൈവവളപ്പറ്റും ഉള്ള മണ്ണില്‍ ഇത് നന്നായി വളരും. ചെടി വളരുന്നതനുസരിച്ച് ഇതില്‍ ത്രികോണാകൃതിയില്‍ കായ്കളുണ്ടാകും. മൂത്ത കായ്കള്‍ താനേ പൊട്ടിത്തുറന്ന് കട്ടിയുള്ള പരന്ന കറുത്ത വിത്തുകള്‍ പുറത്തേക്കു ചാടും. ഈ വിത്തു വഴിയും ചെടിച്ചുവട്ടിലെ കുഞ്ഞുതൈകള്‍ ഇളക്കി നട്ടും പുതിയ തൈകള്‍ വളര്‍ത്താം. വിത്താണെങ്കില്‍ മണ്ണും മണലും കലര്‍ത്തിയ മിശ്രിതത്തില്‍ പാകി മുളപ്പിക്കണം. ഒരു വര്‍ഷത്തെ വളര്‍ച്ചക്കുശേഷം ഇത് ഇളക്കിനടാം.

രാത്രിക്കലത്ത് പൂക്കള്‍ അതിസുഗന്ധം പ്രസരിപ്പിക്കുന്നതിനാല്‍ നിശാശലഭങ്ങളെ ധാരാളമായി ആകര്‍ഷിക്കുകയും അങ്ങനെ പരാഗണം അനായാസം നടക്കുകയും ചെയ്യുന്നു. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുള്ള വളര്‍ച്ചാമാധ്യമവും ഉറപ്പാക്കിയാല്‍ മാത്രമേ സൊസൈറ്റി ഗാര്‍ലിക് സുഗമമായി പുഷ്പിക്കുകയുള്ളു.

ഉദ്യാനത്തിലെ തടങ്ങള്‍ അരികുകള്‍ എന്നിവ അലങ്കരിക്കാനും കോട്ടേജ് ഗാര്‍ഡന്‍, സിറ്റി ഗാര്‍ഡന്‍, ഹെര്‍ബ് ഗാര്‍ഡന്‍ തുടങ്ങിയവ ആകര്‍ഷകമാക്കാനും സൊസൈറ്റി ഗാര്‍ളിക് ഉപയോഗിക്കാം. സ്വതഃസിദ്ധമായ ഭംഗി കിട്ടാന്‍ ചെടി കൂട്ടമായി നട്ടുവളര്‍ത്തണം.

മേന്മകള്‍ ഏറെ

ദൃശ്യഭംഗി പോലെ തന്നെ ഔഷധപരമായി ഏറെ മേന്മകളുള്ള ഉദ്യാനസസ്യമാണ് സൊസൈറ്റി ഗാര്‍ളിക്. ഇലകളും തണ്ടും പച്ചക്കും വേവിച്ചും ഭക്ഷണമായി ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നു. സലാഡ് ആയും ഉപയോഗിക്കാം.ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് സുഗന്ധം നല്‍കാനും നന്ന്. പൂക്കളും ഇതുപോലെതന്നെ ഉപയോഗിക്കുന്ന പതിവുണ്ട്. ഉള്ളിക്കുട (ബള്‍ബ്)ങ്ങളില്‍ നിന്ന് തയാറാക്കുന്ന കഷായം ഉദരകൃമികളെയും വിലകളെയും നശിപ്പിക്കാന്‍ ഉത്തമം. ഇടക്കാലത്ത് നടത്തിയ ഗവേഷണങ്ങള്‍ സൊസൈറ്റി ഗാര്‍ളിക്കിന്റെ അര്‍ബുദരോഗപ്രതിരോധശേഷിയിലേക്കും വിരല്‍ ചൂണ്ടുന്നു.

ബാക്റ്റീരിയ ഉള്‍പ്പെടെയുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ ചെടിക്ക് കഴിവുണ്ട്. വീടിനു ചുറ്റുവട്ടത്ത് നട്ടു വളര്‍ത്തിയാല്‍ പാമ്പ്, കൊതുക്, ചെള്ള്, മൂട്ട തുടങ്ങിയ ജീവികളെ ഇത് അകറ്റി നിര്‍ത്തും.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്