ജൈവ നിയന്ത്രണത്തിന് സൂക്ഷ്മജീവികള്‍
Saturday, May 4, 2019 1:43 PM IST
ചില ബാക്ടീരിയകളെ കീടനിയന്ത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. അതില്‍പ്പെട്ട ഒന്നാണ് ബി.ടി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാസില്ലസ് തുറിഞ്ചിയന്‍സിസ്. ഇവ ഉണ്ടാക്കുന്ന എന്‍ഡോസ്‌പോറുകളാണ് പുഴുക്കള്‍, വണ്ടുകള്‍ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ച് നിയന്ത്രണം സാധ്യമാക്കുന്നത്. ബി.ടി.യുടെ എന്‍ഡോസ്‌പോറുകള്‍ ഭക്ഷണത്തിലൂടെയോ കീടങ്ങളുടെ ശരീര ആവരണങ്ങളിലൂടെയോ അകത്തുകടക്കുന്നു. ഇത്തരം എന്‍ഡോസ് പോറുകള്‍ ക്ഷാരഗുണമുള്ള പരിതസ്ഥിതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. പുഴുക്കളുടെ ദഹനപഥത്തില്‍ ക്ഷാരഗുണമുള്ളതിനാല്‍ അവിടെ എന്‍ഡോസ്‌പോറുകള്‍ പ്രവര്‍ത്തിക്കുന്നു. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ പുഴുക്കളുടെ ആമാശയ കോശങ്ങളെ നശിപ്പിക്കുകയും കീടങ്ങളുടെ നിയന്ത്രണം സാധ്യമാക്കുകയും ചെയ്യുന്നു. മനുഷ്യന്‍ അടക്കമുള്ള സസ്തനികളുടെ ദഹനേന്ദ്രിയങ്ങളില്‍ അമ്ലഗുണമാണ് എന്നതിനാല്‍ ഈ ബാക്ടീരിയ ഉള്ളില്‍ ചെന്നാല്‍പ്പോലും പ്രവര്‍ത്തനം നടക്കുകയില്ല. ഒപ്പം ഇത് സസ്തനികള്‍ക്ക് നിരുപദ്രവകാരിയുമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ബി.ടി. ഉത്പന്നങ്ങള്‍ ലഭ്യമാണ്. നമ്മുടെ സംസ്ഥാനത്ത് സ്റ്റേറ്റ് ബയോകണ്‍ട്രോള്‍ ലാബും ബിടി എന്ന പേരില്‍ ഇതു വിപണനം ചെയ്യുന്നു. നാലു മില്ലി ലിറ്റര്‍ ഒരു ലിറ്ററിന് എന്ന തോതില്‍ എടുത്ത് പുഴുക്കളുടെ ആക്രമണം കാണുന്നിടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്.
വൈറസുകള്‍
പുഴുക്കള്‍ക്കെതിരേ തന്നെയാണ് ഇതും ഉപയോഗിക്കപ്പെടുന്നത്. പട്ടാളപ്പുഴു, ഇലതീനിപ്പുഴുക്കള്‍ എന്നിവയ്‌ക്കെതിരേ ഫലപ്രദമാണ്. ഒരു രാസകീടനാശിനി നല്കുന്ന നിയന്ത്രണത്തേക്കാള്‍ കൂടുതല്‍ നല്‍കാന്‍ എന്‍.പി. വി.(നൂക്ലിയാര്‍ പോളിഹീഡ്രല്‍ വൈറസ്) എന്നറിയപ്പെടുന്ന വൈറസുകള്‍ക്കു കഴിയും. വില കൂടിയതിനാല്‍ കേരളത്തില്‍ വ്യാപകമായി ഇതുപയോഗിക്കുന്നില്ല. എന്‍.പി.വി. യുടെ അടിസ്ഥാനഘടകമായ വൈറിയോണുകളാണ് കീടങ്ങളുടെ കോശത്തിനുള്ളില്‍ കടന്ന് അതിനെ നശിപ്പിച്ച് ദ്രാവകരൂപത്തിലാക്കുന്നത്. ഇവ വെള്ളത്തിലും മണ്ണിലും ദീര്‍ഘനാള്‍ നിലനില്‍ക്കും. പുഴുക്കള്‍ക്ക് എതിരേ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ പരിസ്ഥിതിക്കോ മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ ഒരു ദോഷ വും ഇവ വരുത്തുന്നില്ല. പുഴുക്കളെയല്ലാതെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരേ പോ ലും ഇവ പ്രവര്‍ത്തിക്കില്ല. ഒരു തവണ എന്‍.പി.വി. ഉപയോഗിച്ച് നശിപ്പിക്കപ്പെട്ട പുഴുക്കളെ അരച്ചെടുത്ത് വീണ്ടും ഉപയോഗിക്കാം. കാര ണം ചത്തപുഴുക്കളില്‍ ഇവ ലക്ഷക്കണക്കിനെണ്ണം ഉണ്ടായിരിക്കും. ഇലകളുടെ ഇരുഭാഗത്തും വീഴുന്ന രീതിയില്‍ വേണം തളിക്കാന്‍. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു രക്ഷപ്പെടുന്നതിനായി വൈകുന്നേരങ്ങളില്‍ മാത്രമേ ഇതു തളിക്കാവൂ. ബാക്യുലോ വൈറസ് കോളിഫ്‌ളവര്‍, കാബേ ജ് തുടങ്ങിയ വിളകളിലെ പുഴുക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നു.
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പഴയന്നൂര്‍, തൃശൂര്‍