നടനിൽ നിന്നു സംവിധായകനായപ്പോൾ പൃഥ്വിരാജ് എത്രമാത്രം ഫോക്കസ്ഡായിട്ടാണ് വർക്കു ചെയ്യുന്നത്. എന്തു വേണമെന്നും വേണ്ട എന്നും അദ്ദേഹത്തിനു കൃത്യമായി അറിയാം. വളരെ പ്രചോദനാത്മകമായ വ്യക്തിത്വമാണു പൃഥ്വിരാജിന്റേത്. എന്റെ കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം എന്നതിനെക്കാൾ വലിയ സിനിമയുടെ ഭാഗമാകാൻ സാധിച്ചു എന്നത് ഭാഗ്യമായാണ് കാണുന്നത്’’ മലയാളത്തിലെ വന്പൻ ഹിറ്റായി മാറി പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളിലൊന്നായ ആദിൽ ഇബ്രഹാമിന്റെ വാക്കുകളിൽ ആനന്ദം നിറഞ്ഞു നിൽക്കുകയാണ്. നടൻ, അവതാരകൻ എന്നിങ്ങനെ പരിചിതനായ ആദിലിന്റെ സഞ്ചാരങ്ങളിലേക്ക്...
സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ദുബായിലുള്ള ചെറിയ സിനിമകളിലും ഓഫ് ബീറ്റ് സിനിമകളിലും അഭിനയിച്ച് തുടങ്ങിയെങ്കിലും റിയാലിറ്റി ഷോയിൽ അവതാരകനായപ്പോഴാണ് മലയാളികൾ തിരിച്ചറിയുന്നത്. നിർണായകത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ നാട്ടിൽനിന്നാൽ മാത്രമാണ് സിനിമയോടൊപ്പം സഞ്ചരിക്കാനാവൂ എന്നു തിരിച്ചറിഞ്ഞു. അതാണ് അവതാരകനായി എത്താൻ കാരണമാകുന്നതും കേരളത്തിൽ സ്ഥിരതാമസം ആകുന്നതും. സിനിമയോട് സീരിയസായുള്ള സമീപനം തുടങ്ങുന്നത് നിർണായകം, അച്ചായൻസ്, കാപ്പിരിത്തുരുത്തൊക്കെ ചെയ്തപ്പോഴാണ്. നായകൻ എന്നതിനൊപ്പം ഒരു നടൻ എന്ന നിലയിൽ പെർഫോം ചെയ്യണം എന്നാണ് ആഗ്രഹം.
ചെറുപ്പം മുതൽതന്നെ സിനിമാ ആഗ്രഹം ഒപ്പമുണ്ടായിരുന്നോ?
യുഎഇയിൽ വളർന്നതുകൊണ്ടുതന്നെ ചെറുപ്പം മുതൽ ഒഴിവുവേളകളിൽ കൂടുതലും ടിവി കാണുകയായിരിക്കും പ്രധാന ഹോബി. സിനിമ കണ്ടുകണ്ടാണ്് അതിനോടു പ്രിയം തോന്നുന്നത്. കെമിക്കൽ എൻജിനീയറിംഗ് പഠനം കഴിഞ്ഞ് മൂന്നു വർഷത്തോളം വിദേശത്ത് ജോലി ചെയ്തു. പിന്നീട് ദുബായ് പശ്ചാത്തലമാക്കിയ ചെറിയ പ്രൊജക്ടുകളിൽ അഭിനയിച്ചു തുടങ്ങി. കേരളത്തിലേക്ക് എത്തുന്നതും മിനിസ്ക്രീനിൽ അവതാരകനായി വന്നതുമെല്ലാം സിനിമയ്ക്കുവേണ്ടിയാണ്.
നിർണായകത്തിലൂടെയാണല്ലോ ശ്രദ്ധ കിട്ടുന്നത്?
തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് മുഖേനയാണ് സംവിധായകൻ വി.കെ പ്രകാശിനെ പരിചയപ്പെടുന്നത്. ഒരു ആക്ടിംഗ് വർക് ഷോപ്പിലും പങ്കെടുത്തു. അവിടെനിന്നുമാണ് നിർണായകത്തിലേക്കു വി.കെ.പി തെരഞ്ഞെടുക്കുന്നത്. പിന്നീടാണ് ഡാൻസ് റിയാലിറ്റി ഷോയിൽ ഒരു സീസണിൽ എത്തുന്നത്. അതിലൂടെയാണ് എനിക്കൊരു മേൽവിലാസം പ്രേക്ഷകർക്കിടയിൽ കിട്ടുന്നത്.
അവതാരകനായി ഇപ്പോൾ കാണുന്നില്ല. ഇനിയും പ്രതീക്ഷിക്കാമോ?
അവതാരകനാകുന്നത് എനിക്ക് ഇഷ്ടമുള്ളതുമാണ്. നിരവധി ഷോസിലേക്ക് അവതാരകനായി അവസരം വരുന്നുണ്ടെങ്കിലും ഒരു ഇടവേള എടുക്കാം എന്നു കരുതി. സിനിമയിൽ എന്റെ തുടക്കകാലമാണ്. അതുകൊണ്ട് ഇപ്പോൾ കൂടുതൽ ശ്രദ്ധയും സിനിമയ്ക്കാണ് നൽകുന്നത്. എങ്കിലും എന്നെ ത്രില്ലടിപ്പിക്കുന്ന ഷോസ് വന്നാൽ ചിലപ്പോൾ അതു ചെയ്തേക്കും.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ലൂസിഫറിലും എത്തുന്നുണ്ടല്ലോ?
ന്യൂസ് ചാനലിൽ വർക്ക് ചെയ്യുന്ന റിജു എന്ന ജേർണലിസ്റ്റായാണ് ഞാൻ ചിത്രത്തിൽ എത്തുന്നത്. സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രം എന്നതിനപ്പുറം ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. ലാലേട്ടന്റെ കടുത്ത ആരാധകനായ പൃഥ്വിരാജ് ലാലേട്ടനെ നായകനാക്കി ചെയ്ത സിനിമയാണത്. ടോവിനോ, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, പൃഥ്വിരാജ്, വിവേക് ഒബ്റോയി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ. ഷൂട്ടിംഗിലും വിശ്രമസമയവുമൊക്കെ അവർക്കൊപ്പമായിരുന്നത് നല്ല എക്സ്പീരിയൻസായിരുന്നു.
സിക്സ് അവേഴ്സിലൂടെ പ്രധാന കഥാപാത്രമായി എത്തുന്നതിന്റെ വിശേഷം?
തമിഴ് നടൻ ഭരതിനൊപ്പം അഭിനയിക്കുകയാണ് സിക്സ് അവേഴ്സിൽ. രാഹുൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലേക്ക് എത്താൻ കാരണം കാമറാമാൻ സിനു സിദ്ധാർഥാണ്. കാമറാമാൻ എന്ന നിലയിലും വ്യക്തിപരമായും സിനു സിദ്ധാർഥിനെ എനിക്കു വളരെ ഇഷ്ടമാണ്. സംവിധായകൻ സുനീഷ് കുമാറിന്റെ ആദ്യ സിനിമയാണിത്. നല്ലൊരു വിഷ്വൽ എക്സ്പീരിയൻസ് പ്രേക്ഷകർക്കു നൽകുന്ന ചിത്രമായിരിക്കും സിക്സ് അവേഴ്സ്. ഭരതിന്റെ തിരിച്ചുവരവിൽ അദ്ദേഹത്തിനെ ഫലപ്രദമായി ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
കുടുംബ വിശേഷം?
ദുബായിലാണ് എന്റെ കുടുംബം. ഞങ്ങൾ അഞ്ച് മക്കളാണ്. അതിൽ മൂന്നാമത്തെയാളാണ് ഞാൻ.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.