"ഒടിയൻ' മാസ് - ഫാന്‍റസി ത്രില്ലർ: തിരക്കഥാകൃത്ത് ഹരികൃഷ്ണൻ
Monday, July 9, 2018 3:50 PM IST
മികച്ച സിനിമയ്ക്കുവേണ്ടി എ​ത്ര പണം വേ​ണ​മെ​ങ്കി​ലും മു​ട​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്ന പ്രൊ​ഡ്യൂ​സ​ർ; മോ​ഹ​ൻ​ലാ​ൽ, മ​ഞ്ജു​വാ​ര്യ​ർ, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി​യ അസാമാന്യ പ്രതിഭാധനരായ താ​ര​ങ്ങ​ൾ; ശ്രീ​കു​മാ​ർ മേനോനെ​പ്പോ​ലെ ഏറെ ക്രിയേറ്റീവ് ആയ സം​വി​ധാ​യ​ക​ൻ; പീ​റ്റ​ർ ഹെ​യ്നെ​പ്പോ​ലെ​യു​ള്ള ടെ​ക്നീ​ഷ​ൻ​സ്... ഇ​ത്ര​യും ചേ​രു​വ​ക​ളി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ മാ​സ് - ഫാന്‍റസി ത്രില്ലർ രൂ​പം​കൊ​ള്ളു​ക​യാ​ണ് - ആശീർവാദ് ഫിലിംസിന്‍റെ ‘ഒടിയൻ’.

ആ​ന്‍റ​ണി​യെ​പ്പോ​ലെ ഒ​രു പ്രൊ​ഡ്യൂ​സ​റെ ഇ​ൻ​വെ​സ്റ്റ് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തും മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലെ ഒ​രാ​ക്ട​റി​ന്‍റെ സ​മ​ർ​പ്പ​ണ​മു​ണ്ടാ​യ​തും ഇ​ത് ഇ​ത്ര​യും വ​ലി​യ സി​നി​മ​യാ​യ​തു​മെ​ല്ലാം ക​ഥ​യു​ടെ വ്യ​ത്യ​സ്ത​തയും ക​രു​ത്തും കാ​ര​ണ​മാ​ണ്. എ​ല്ലാ​ത്തി​നും പി​ന്നി​ലു​ള്ള ആദ്യ ആ​ക​ർ​ഷ​ണം ഒ​ടി​യ​ന്‍റെ തീം ​ത​ന്നെ ആ​യി​രു​ന്നു. ഈ ​തീം മു​ന്പ് ആ​രും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ‘ഒടിയൻ’എ​ക്കാ​ല​വും ഓ​ർ​മി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു ഗ്രോ​സ് ക​ള​ക്‌ഷ​ൻ നേ​ടു​മെ​ന്ന വിശ്വാസത്തോടെ പറഞ്ഞു തുടങ്ങുക‍യാണ് ദേശീയ പുരസ്കാര ജേതാവും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ‘ഒ​ടി​യ​ന്‍റെ’ തിരക്കഥാകൃത്തുമായ ഹ​രി​കൃ​ഷ്ണ​ൻ.

“മോ​ഹ​ൻ​ലാ​ൽ എ​ന്‍റെ ദീ​ർ​ഘ​കാ​ല സു​ഹൃ​ത്താ​ണ്. മ​ഞ്ജു എന്‍റെ നല്ല കൂ​ട്ടു​കാ​രി​യും ശ്രീ​കു​മാ​ർ എ​ന്‍റെ പ്രിയപ്പെട്ട കൂ​ട്ടു​കാ​ര​നും നാ​ട്ടു​കാ​ര​നു​മാ​ണ്. അതെ, എ​ന്‍റെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഒ​രു സമാഹാരം കൂടിയാണ് ഒ​ടി​യ​ൻ എന്ന സിനിമ.



ഒ​ടി​യ​ൻ മാ​ണി​ക്കൻ എ​ന്ന അ​വ​സാ​ന​ത്തെ ഒ​ടി​യ​ന്‍റെ ക​ഥ​യാ​ണി​ത്. അ​വി​ടെ​വ​ച്ച് അ​യാ​ൾ അ​വ​സാ​നി​ക്കു​ന്നു. അ​യാ​ൾ​ക്കു​ശേ​ഷം തേ​ങ്കുറി​ശി എ​ന്ന ഗ്രാ​മ​ത്തി​ൽ, കേ​ര​ള​ത്തി​ൽ, ഈ ​ഭൂ​മി​മ​ല​യാ​ള​ത്തി​ൽ എ​ന്തു​കൊ​ണ്ട് ഒ​ടി​യ​ന്‍റെ വം​ശം ഇ​ല്ലാ​തെ​യാ​യി എ​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഈ ​സി​നി​മ.​ കൊ​ച്ചി​യി​ലും മും​ബൈ​യി​ലു​മാ​യി ഒ​ടി​യ​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്‌ഷ​ൻ തു​ട​രു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ ന​മ്മ​ൾ എ​ങ്ങ​നെ​യൊ​ക്കെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കുന്നുവോ അങ്ങനെയൊക്കെ കാ​ണി​ക്കു​ക​യാ​ണ് ഒ​ടി​യ​നി​ൽ. മോ​ഹ​ൻ​ലാ​ൽ​ ഫാ​ൻ​സി​നും ഈ ​പ​ടം ഒ​രു​ത്സ​വ​മാ​യി​രി​ക്കും. 3500 -4000 തി​യ​റ്റ​റു​ക​ളി​ൽ ലോ​ക​വ്യാ​പ​ക​മാ​യി റി​ലീ​സ് ചെ​യ്യു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ​യാ​ണ് ഒ​ടി​യ​ൻ; കേ​ര​ള​ത്തി​ൽ​ത്ത​ന്നെ 400ലേ​റെ തി​യ​റ്റ​റു​ക​ളി​ൽ. ഡിസംബർ 14നു ചിത്രം റിലീസ് ചെയ്യും.”

കു​ട്ടി​സ്രാ​ങ്ക് 2010ൽ, ​സ്വ​പാ​നം 2013ൽ, ​ഒ​ടി​യ​ൻ 2017ൽ...​ര​ച​ന​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ഇ​ട​വേ​ള​ക​ൾ. എ​പ്പോ​ഴാ​ണ് ഒ​രു സി​നി​മ​യ്ക്കു വേ​ണ്ടി എ​ഴു​താം എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്...?

പൂ​ർ​ണ​സ​മ​യ സി​നി​മാ​ക്കാ​ര​നാ​ണെ​ങ്കി​ൽ മാ​ത്ര​മേ അ​തു വ​ലി​യ ഇ​ട​വേ​ള​യാ​യി കാ​ണാ​നാ​വൂ. ഞാ​നൊ​രു സീ​നി​യ​ർ ജേ​ണ​ലി​സ്റ്റാ​ണ്. പത്രത്തിൽ ഏറെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ജോ​ലി ചെ​യ്യു​ന്നു. അ​തു ക​ഴി​ഞ്ഞു​ള്ള ഒ​ഴി​വു​സ​മ​യ​ത്തു മാ​ത്ര​മേ സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ള്ളൂ. അതുകൊണ്ടുതന്നെ അ​ധി​കം പ്രോ​ജ​ക്ടു​ക​ൾ ചെ​യ്തി​ട്ടി​ല്ല. ഒ​ടി​യ​നു മു​ന്പ് ഷാ​ജി എ​ൻ. ക​രു​ണി​നു​വേ​ണ്ടി മൂ​ന്നു സി​നി​മ​ക​ളെ​ഴു​തി. ആ​ദ്യം ചെ​യ്ത​ത് ‘കു​ട്ടി​സ്രാ​ങ്ക്.’ കു​ട്ടി​സ്രാ​ങ്കി​നു​വേ​ണ്ടി ഷാ​ജി ഒ​രു എ​ഴു​ത്തു​കാ​ര​നെ തേ​ടു​ന്ന​താ​യും പോ​യി കാ​ണ​ണ​മെ​ന്നും മുതിർന്ന പത്രപ്രവർത്തകനായ എ​സ്. ജ​യ​ച​ന്ദ്ര​ൻ നാ​യ​രാ​ണു പ​റ​ഞ്ഞ​ത്. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ അ​ദ്ദേ​ഹ​വു​മാ​യി ആ​ദ്യ​ത്തെ കൂ​ടി​ക്കാ​ഴ്ച.



ഞാ​ൻ ഒ​രു സ്ക്രി​പ്റ്റ് പോ​ലും എ​ഴു​താ​ത്ത ഒ​രു കാ​ല​ത്താ​ണ് ഷാ​ജി സാ​ർ എ​ന്നോ​ടു സ്ക്രി​പ്റ്റെ​ഴു​ത​ണ​മെ​ന്നു പ​റ​ഞ്ഞ​ത്. ഷോ​ർ​ട്ട്ഫി​ലിം പോ​ലും ചെ​യ്തി​ട്ടി​ല്ലാ​ത്ത എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണു വിളിച്ച​തെ​ന്നു ഞാ​ൻ ചോ​ദി​ച്ചു. എ​ന്‍റെ എ​ഴു​ത്തി​ലെ വി​ഷ്വ​ൽ​സാ​ണ് ശ്ര​ദ്ധി​ച്ച​തെ​ന്നും എ​നി​ക്കു വി​ഷ്വ​ൽ ലാം​ഗ്വേ​ജ് ന​ന്നാ​യി വ​ഴ​ങ്ങു​മെ​ന്ന ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണു വി​ളി​ച്ച​തെ​ന്നും മ​റു​പ​ടി. ആ ​ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്താ​ണ് എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ള്ള ഒ​രു ക​ഥ​യാ​ണ​ത്. ഒ​രു ഭാ​ഗം പി.​എ​ഫ്. മാ​ത്യൂ​സ് എ​ഴു​തി. ബാ​ക്കി ര​ണ്ടു ഭാ​ഗം ഞാ​ൻ ചെ​യ്തു. ര​ണ്ടു ഭാ​ഗ​ങ്ങ​ളും വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ ഞാ​ൻ എ​ഴു​തി​ക്കൊ​ടു​ത്തു.

ത​നി​ക്കു തൃ​പ്തി​യാ​യെ​ന്നും ഇ​നി​യു​ള്ള ത​ന്‍റെ എ​ല്ലാ സി​നി​മ​ക​ളി​ലും ഞാ​നാ​യി​രി​ക്കും സ്ക്രി​പ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും ഷാ​ജി​സാ​ർ എ​ന്നോ​ടു പ​റ​ഞ്ഞു. ഒരു തിരക്കഥാകൃത്തിന് ഏ​തെ​ങ്കി​ലു​മൊ​രു ഡ​യ​റ​ക്ട​ർ ഇ​ങ്ങ​നെ വാ​ക്കു​കൊ​ടു​ത്ത​താ​യി ഞാ​ൻ കേ​ട്ടി​ട്ടി​ല്ല. അ​ത്ത​ര​മൊ​രു ഉ​റ​പ്പ് ഷാ​ജി​സാറിനെ പ്പോലെ ഒ​രാ​ൾ ന​ല്കി എ​ന്നു​ള്ള​ത് എന്‍റെ ജീവിതത്തിന്‍റെ സന്തോഷമാണ്. അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഞാ​ൻ പി​ന്നീ​ടു ‘സ്വ​പാ​നം’ എഴുതി. ഷാ​ജി സാ​റി​നൊ​പ്പ​മു​ള്ള മൂ​ന്നാ​മ​ത്തെ സി​നി​മ, ടി. ​പ​ദ്മ​നാ​ഭ​ന്‍റെ ‘ക​ട​ലി​’നെ അ​ധി​ക​രി​ച്ച് ചെ​യ്യു​ന്ന ‘ഗാ​ഥ’ ഇ​നി വ​രാ​നി​രി​ക്കു​ന്നു. ‘ഗാഥ’യുടെ തിരക്കഥ അഞ്ചു വർഷം മുൻപേ പൂർത്തിയാക്കിയിരുന്നു. അ​തു ഹി​ന്ദി​യി​ലാ​ണു വ​രു​ന്ന​ത്. അ​തു വ​ൻ സി​നി​മ​യാ​ണ്. ഫ്രാ​ൻ​സ്, പോ​ള​ണ്ട്, ഇ​ന്ത്യ- സം​യു​ക്ത നി​ർ​മാ​ണ​ സം​രം​ഭ​മാ​ണ് ഗാ​ഥ.



‘പു​ലി​മു​രു​ക’​നു​ശേ​ഷം മോ​ഹ​ൻ​ലാ​ൽ ക​മി​റ്റ് ചെ​യ്ത സി​നി​മ​യാ​ണ​ല്ലോ ‘ഒ​ടി​യ​ൻ’....‍?

പു​ലി​മു​രു​ക​ന്‍റെ വ​ൻ​വി​ജ​യ​ത്തി​നു ശേ​ഷം മോ​ഹ​ൻ​ലാ​ൽ അസാമാന്യമായ മ​റ്റൊ​രു ത​ല​ത്തി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സ​മ​യം. ലാ​ലി​ന് ഒ​രു​പാ​ടു ക​ഥ​ക​ൾ വ​ന്നു​കൊ​ണ്ടി​രു​ന്നു. പു​ലി​മു​രു​ക​ൻ ഉ​ണ്ടാ​ക്കി​യ മാ​ജി​ക്കി​ന്‍റെ അ​പ്പു​റം പോ​കു​ന്ന ഒ​രു സി​നി​മയാവണം അടുത്തതെന്നു ചി​ല​പ്പോ​ൾ അ​ദ്ദേ​ഹം ക​രു​തി​യി​രി​ക്ക​ണം. ശ്രീ​കു​മാ​ർ മേ​നോ​നും ഞാനും യാ​ദൃ​ച്ഛി​ക​മാ​യി പ​റ​ഞ്ഞ ഒ​രു കാ​ര്യ​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഞാൻ ഒ​ടി​യ​ന്‍റെ ക​ഥ​യി​ലെ​ത്തി​യ​ത്. ഞാ​ൻ പ​റ​ഞ്ഞ വ​ണ്‍​ലൈ​ൻ ശ്രീ​കു​മാ​റി​ന് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു. ഞങ്ങൾ മറ്റൊരു സി​നി​മ​യു​ടെ ആ​ലോ​ച​ന​ക​ളി​ലേ​ക്കു പോ​കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ‘ഒ​ടി​യ​നി​’ ലെ മു​ഖ്യ കാ​ര​ക്ട​റി​ന്‍റെ ഇ​ൻ​ട്രോ സീ​ൻ എ​ഴു​തി ഞാ​ൻ ശ്രീ​കു​മാ​റി​ന് അ​യ​ച്ചു. ശ്രീ​കു​മാ​ർ അ​ത് ലാ​ലി​ന്‍റെ അ​ടു​ത്തെ​ത്തി​ച്ചു. അവിടെയാണു തുടക്കം.

ആ ഒറ്റ സീ​ൻ വ​ച്ച് ഒ​രു പ്രോ​ജ​ക്ട് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ൽ ആ ​സീ​ൻ അ​ങ്ങ​നെ​ത​ന്നെ​യു​ണ്ട് ഇ​പ്പോ​ഴും. ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും ന​ല്ല സീ​നു​ക​ളി​ലൊ​ന്നാ​ണ​ത്. വാ​സ്ത​വ​ത്തി​ൽ, അ​ടു​ത്ത സി​നി​മ​യ്ക്കു​ള്ള ആ​ലോ​ച​ന​ക​ളും അ​തി​ന്‍റെ ക​ഥ കേ​ൾ​ക്ക​ലു​മൊക്കെ യായി ഇ​രു​ന്ന ലാ​ലി​ലേ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ഈ ​ക​ഥ എ​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​താ​ണ് സിനിമയുടെ വിധിരേഖ. ‘ഒ​ടി​യ​നു’ കി​ട്ടി​യ ഭാ​ഗ്യമായി അത്. ഒ​ടി​യ​ന്‍റെ വ​ർ​ക്ക് തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളൂ. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡേ​റ്റ് കി​ട്ടി​യ​തു​ൾ​പ്പെ​ടെ എ​ല്ലാം വ​ള​രെ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു.



‘ഒ​ടി​യ​ന്‍റെ ‘ക​ഥ മ​ന​സി​ൽ രൂ​പ​പ്പെ​ട്ട​ത് എ​പ്പോ​ഴാ​ണ്...‍?

പ്ര​സ് ക്ല​ബി​ലെ കു​ട്ടി​ക​ൾ​ക്കു ഞാൻ ക്ലാ​സെ​ടു​ക്കാ​ൻ പോ​കു​ന്പോ​ൾ ഫീ​ച്ച​ർ എ​ഴു​താ​നാ​യി സാ​ങ്ക​ല്പി​ക​വി​ഷ​യ​ങ്ങ​ൾ കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ അ​വ​സാ​ന​ത്തെ ഒ​ടി​യ​നെ​ക്കാ​ണാ​ൻ സ്റ്റീ​ഫ​ൻ സ്പി​ൽ​ബ​ർ​ഗ് എ​ത്തി​യാ​ൽ - അ​താ​യി​രു​ന്നു ഒ​രി​ക്ക​ൽ ന​ല്കി​യ വി​ഷ​യം. അത്രമേൽ ഫാ​ന്‍റ​സി​യു​ള്ള ഒ​രാ​ൾ ഫാ​ന്‍റ​സി​യു​ടെ അ​റ്റ​ത്തു​ള്ള അ​വ​സാ​ന​ത്തെ ഒ​ടി​യ​നു​മാ​യി ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച. ‘അ​വ​സാ​ന​ത്തെ ഒ​ടി​യ​ൻ’ എ​ന്ന ആ​ശ​യം എ​ന്‍റെ മ​ന​സി​ൽ​ക്കി​ട​ന്നു. അ​തി​ൽ നി​ന്നാ​ണ് ഈ ​ക​ഥ​യു​ണ്ടാ​കു​ന്ന​ത്; സി​നി​മ​യും.

തൃ​ശൂ​ർ തൊ​ട്ടു ക​ണ്ണൂ​ർ വ​രെ​യു​ണ്ടായിരുന്നൊരു സ​മൂ​ഹ​മാ​ണ് ഒ​ടി​യ​ൻമാരുടേത്. അ​റു​പ​തു​ക​ളി​ൽ​ത്ത​ന്നെ എം​ടി ഒ​ടി​യ​ൻ എ​ന്ന ക​ഥ എ​ഴു​തി​യി​രു​ന്നു. ഒ​ടി​യ​ന്‍റെ പേ​ടി​യു​ള്ളൊ​രു കു​ട്ടി​യു​ടെ ക​ഥ​യാ​ണ് എം​ടി എ​ഴു​തി​യ​ത്. പി.ക​ണ്ണ​ൻ​കു​ട്ടി​യു​ടെ നോ​വ​ൽ വ​ന്നി​ട്ട് അ​ധി​ക​കാ​ലം ആ​യി​ട്ടി​ല്ല. ലോ​ഹി​ത​ദാ​സ് മോ​ഹ​ൻ​ലാ​ലി​നെ വ​ച്ചു ത​ന്നെ ഒ​രു ക​ഥ​യു​മാ​യി വ​ള​രെ മു​ന്നോ​ട്ടു​പോ​യി​രു​ന്നു. പ​ക്ഷേ, അ​തു സി​നി​മ​യാ​യി​ല്ല. അ​ത്ത​രം ചി​ല ആ​ലോ​ച​ന​ക​ളു​മാ​യി താ​നും മു​ന്നോ​ട്ടു പോ​യി​രു​ന്നതായും പി​ന്നീ​ട് അ​തു നി​ർ​ത്തി​യെ​ന്നും അ​ടു​ത്ത​കാ​ല​ത്ത് ലാ​ൽ​ജോ​സ് എന്നോടു പ​റ​ഞ്ഞി​ട്ടുണ്ട്. ഇ​വ​രെ​ല്ലാം ഈ ​മി​ത്തി​നെ നേ​രി​ട്ടു പി​ൻ​തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി.



ഒ​ടി​യ​ൻ എ​ന്ന ക​ഥാ​പാ​ത്രം...​ അ​താ​യ​ത് പോ​ത്താ​യും കാ​ള​യാ​യു​മൊ​ക്കെ മാ​റാ​ൻ ക​ഴി​വു​ള്ള ഒ​രാ​ളെ അ​ങ്ങ​നെ​ത​ന്നെ ഫോ​ളോ ചെ​യ്ത​താ​ണ് ആ ​പ്രോ​ജ​ക്ടു​ക​ൾ സ​ഫ​ല​മാ​കാ​തെ പോ​യ​തി​നു പി​ന്നി​ലെ​ന്നും എ​നി​ക്കു തോ​ന്നി. ഞാ​ൻ ഈ ​മി​ത്തി​നെ​യെ​ടു​ത്തു ക​ള​ഞ്ഞു. ഞാ​ൻ എ​ന്‍റെ​യൊ​രു ഒ​ടി​യ​നെ ഉ​ണ്ടാ​ക്കി, വേ​റൊ​രു ത​ര​ത്തി​ൽ; ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ലും ഭാ​വ​ന​യി​ലും. എ​ന്‍റെ നാ​ട്ടി​ൽ... പാ​ല​ക്കാ​ട്ടു ഞാ​ൻ കേ​ട്ടി​ട്ടു​ള്ള ഒ​ടി​യ​ൻമാരുടെ ക​ഥ​യി​ൽ അ​വ​രു​ടെ ഇ​ട​യി​ൽ നി​ന്നു​ള്ള ഒ​രു സൂ​പ്പ​ർ ഹീ​റോ​യെ സ​ങ്ക​ല്പി​ച്ചു. അ​യാ​ൾ​ക്ക് ഒ​രു​പാ​ടു സാ​ധ്യ​ത​ക​ളു​ണ്ടെന്നും; ​അ​യാ​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ, അ​യാ​ളു​ടെ ശേ​ഷി​യു​ടെ സാ​ധ്യ​ത​ക​ൾ. ഇ​തൊ​ക്കെ​വ​ച്ച് അ​തി​സു​ന്ദ​ര​നാ​യ ഒ​രു ഹീ​റോ​യെ മെ​ന​ഞ്ഞെ​ടു​ത്തു. ആ ​ഹീ​റോ​യ്ക്ക് ന​മ്മു​ടെ മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​നി​ലു​ള്ള എ​ല്ലാ പ്ര​ത്യേ​ക​ത​ക​ളും പ​ക​ർ​ന്നു​ന​ല്കി. ഒ​ടി​യ​കു​ല​ത്തി​ന്‍റെ അ​വ​സാ​നം എ​ങ്ങ​നെ​യാ​ണ​ന്നു പ​റ​യു​ന്ന സി​നി​മ അവിടെ തുടങ്ങുന്നു.



ആ​രാ​ണ് ഒ​ടി​യ​ൻ, എ​ന്താ​ണ് ഒ​ടി​വി​ദ്യ...?

കേ​ട്ട​റി​ഞ്ഞ​തു പ്ര​കാ​രം ഒ​ടി​യന്മാ​ർ​ക്ക് എ​ന്താ​യും വേ​ഷം മാ​റാ​നു​ള്ള ക​ഴി​വു​ണ്ട്; പോ​ത്താ​വും കാ​ള​യാ​വും വേ​ലി​യാ​വും ക​ട​ന്പ​യാ​വും.​ ഗ​ർ​ഭി​ണി​യെ വീ​ട്ടി​ൽ​നി​ന്നു മ​യ​ക്കി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് വ​യ​റു​കീ​റി പ്ലാ​സ​ന്‍റ​യെ​ടു​ത്ത് അ​തി​ൽ എ​ന്തോ മ​ന്ത്ര​മൊ​ക്കെ ചൊ​ല്ലു​ന്നു. പ്ലാ​സ​ന്‍റ​യി​ൽ നി​ന്നു​ള്ള ഈ ​മ​രു​ന്നി​ൽ നി​ന്നാ​ണ് വേ​ഷം മാ​റാ​നു​ള്ള സി​ദ്ധി നേടുന്നത്. ഉ​ണ്ടാ​കു​ന്ന വേ​ഷ​ത്തി​ന് ഒ​രം​ഗം കു​റ​വാ​യി​രി​ക്കും; ചി​ല​പ്പോ​ൾ വാ​ലോ ചെ​വി​യോ ഒ​ക്കെ ഉ​ണ്ടാ​വി​ല്ല. തി​രി​ച്ചു വീ​ട്ടി​ലെ​ത്തി അ​മ്മ​യോ ഭാ​ര്യ​യോ അ​ങ്ങ​നെ​യാ​രെ​ങ്കി​ലും മ​റു​മ​ന്ത്രം ചൊ​ല്ലി​യാ​ൽ വീ​ണ്ടും മ​നു​ഷ്യ​നാ​വും. ഇ​ത് എ​ല്ലാ​വ​ർ​ക്കു​മ​റി​യാവുന്ന ക​ഥ​യാ​ണ്. ഏ​റെ പ്ര​ചു​ര​പ്ര​ചാ​ര​ത്തി​ലു​ള്ള, ഏ​റെ ഫാ​ന്‍റ​സി​യു​ള്ള ഈ ​ക​ഥ ഞാ​ൻ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ‘ഒ​ടി​യ​ൻ’ സി​നി​മ​യു​ടെ ക​ഥ അ​ത​ല്ല. ത​ല​മു​റ​ക​ൾ കൈ​മാ​റി​യ ഒ​ടി​യ​ന്‍റെ പി​ന്നി​ലു​ള്ള ക​ഥ​യു​ടെ അ​ത്ത​രം ലെ​യേ​ഴ്സ് മൊ​ത്തം എ​ടു​ത്തു​മാ​റ്റി. അ​താ​ണ് ഈ ​സി​നി​മ​യു​ടെ ഒ​രു ന​ല്ല ഗു​ണമെന്നു തോന്നുന്നു.

വി​ശ്വ​സി​ക്കാ​ൻ ന​മ്മ​ളും വി​ശ്വ​സി​പ്പി​ക്കാ​ൻ ഒ​ടി​യ​നു​മു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​ന്തു​വേ​ണ​മെ​ങ്കി​ലും ക​ഥ​യു​ണ്ടാ​ക്കാം. പ​ഴ​യ​കാ​ല​ത്തെ ക്വ​ട്ടേ​ഷ​ൻ ഗ്രൂ​പ്പെ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം. നെ​ഗ​റ്റീ​വ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് അന്നൊക്കെ ഒ​ടി​വി​ദ്യ പ്ര​യോ​ഗി​ച്ചു രൂ​പം മാ​റു​ന്ന​ത്. ആ​രെ​യെ​ങ്കി​ലും ത​ല്ല​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഇ​വ​ർ​ക്ക് വെ​റ്റി​ല​യും പണവും കൊ​ടു​ത്താ​ൽ മ​തി. രാ​ത്രി ന​ട​ന്നു​വ​രു​ന്പോ​ൾ ഏ​കാ​ന്ത​മാ​യ പാ​ട​വ​ര​ന്പി​ൽ ഇ​വ​ര​ങ്ങ​നെ ഉ​യ​ർ​ന്നു​നി​ൽ​ക്കും. ഇ​ങ്ങ​നെ ഒ​രു രൂ​പം ചാ​ടി​വീ​ഴു​ന്ന​തു കാ​ണു​ന്പോ​ൾ ആ​രാ​ണെ​ങ്കി​ലും പേ​ടി​ക്കും. ഒ​ടി​വ​യ്ക്കു​ക എ​ന്നാ​ണ് അ​തി​നു പ​റ​യു​ന്ന​ത്.

ഒ​ടി​യ​ന്‍റെ ഹീ​റോ​യി​ക് ഘ​ട​ക​ങ്ങ​ളെ​ല്ലാം പു​തി​യ​താ​യി രൂ​പ​പ്പെ​ടു​ത്തി​യ ക​ഥ​യി​ലേ​ക്കു ചേ​ർ​ക്കു​ക​യും അ​തി​നെ പാ​ല​ക്കാ​ടി​ന്‍റെ വ​ള​രെ ഗ്രാ​മ്യ​മാ​യി​ട്ടു​ള്ള ഒ​രു മേ​ഖ​ല​യി​ലെ 50 വ​ർ​ഷ​ത്തെ ച​രി​ത്ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്തു. പാ​ല​ക്കാ​ട്ടെ എന്‍റെ ​സാ​ങ്ക​ല്പി​ക ഗ്രാ​മ​ത്തി​നു തേങ്കുറിശ്ശി​യെ​ന്നു പേ​രു ന​ല്കി. ശരിക്കും അങ്ങനെയൊരു സ്ഥലമുണ്ടുതാനും.



ഈ ​സി​നി​മ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഒ​ടി​യ​നു​മാ​യി ബ​ന്ധ​മു​ള്ള ആ​രെ​ങ്കി​ലും താ​ങ്ക​ളെ തേ​ടി​വ​ന്നി​രു​ന്നോ...?

ആ​രും തേ​ടി വ​ന്നി​ട്ടി​ല്ല; ആ​രെ​യും തേ​ടി പോ​യി​ട്ടു​മി​ല്ല. ഞാ​ൻ ഒ​രു റി​സേ​ർ​ച്ചും ചെ​യ്തി​ട്ടി​ല്ല. ഞാൻ കേ​ട്ട അ​മ്മൂ​മ്മ​ക്ക​ഥ മാ​ത്ര​മാ​യി​രു​ന്നു കൈയി​ലു​ണ്ടാ​യി​രു​ന്ന​ത്. ഞാ​ൻ ഉ​ണ്ടാ​ക്കി​യ ഒ​ടി​യ​ൻ എ​ന്‍റെ ഒ​ടി​യ​നാ​ണ്. മോഹൻലാലായി നിങ്ങളും ഞാനും കാണാൻ ഇഷ്ടപ്പെടുന്ന ഒടിയൻ! ന​മ്മ​ൾ കേ​ട്ടി​ട്ടു​ള്ള ഒ​ടി​യ​നാ​ണോ എ​ന്ന് എ​ന്‍റെ അ​മ്മ ചോ​ദി​ച്ചാ​ൽ ‘അ​ത​ല്ല എ​ന്‍റെ ഒ​ടി​യ​ൻ’ എ​ന്നു പ​റ​യാ​നു​ള്ള സം​ഗ​തി ഇ​തി​ലു​ണ്ട്; ക​ഥ​ക​ളി​ൽ പ​റ​ഞ്ഞു​കേ​ട്ട​ത​ല്ലാ​തെ ചി​ല​ത്. ഒ​ടി​യ​ൻ എ​ന്ന മി​ത്തി​ലെ സൂ​പ്പ​ർ​നാ​യ​ക​ന്‍റെ പ​രി​വേ​ഷ​മു​ള്ള നാ​ടോ​ടി ക​ഥാ​പാ​ത്ര​ത്തി​ന് വീ​രോ​ചി​ത പ​രി​വേ​ഷം ന​ല്കി മോ​ഹ​ൻ​ലാ​ലി​നു വേ​ണ്ടി കൃ​ത്യ​മാ​യി മെ​ന​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ൽ ത​ന്നെ ഒ​ടി​യ​ൻ മാ​ണി​ക്ക​ൻ എ​ന്നു തീ​ർ​ച്ച​പ്പെ​ടു​ത്തി​യ​ത് എ​പ്പോ​ഴാ​ണ്...‍?

ഒ​ടി​യ​ൻ സി​നി​മ​യാ​ക്കാൻ വേണ്ടി ഞാ​നും ശ്രീ​കു​മാ​റും കൂ​ടി​യു​ള്ള ആ​ലോ​ച​ന​യു​ടെ ആ​ദ്യ​ത്തെ വാ​ച​ക​ത്തി​ൽ ത​ന്നെ മോ​ഹ​ൻ​ലാ​ൽ വ​ന്നി​രു​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​തി​ന​പ്പു​റം മോഹൻലാലുമായി ന​ല്ല രീ​തി​യി​ലു​ള്ള സൗ​ഹൃ​ദം നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ക്കാ​ല​ത്തൊ​ന്നും ഒ​രു സി​നി​മ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നി​ല്ല. സൗ​ഹൃ​ദ​ത്തി​നൊ​ക്കെ​യ​പ്പു​റം ഒ​ടി​യ​ന്‍റെ ക​ഥ​ തന്നെയാ​ണ് അ​ദ്ദേ​ഹം പ​രി​ഗ​ണി​ച്ച​ത്. ലാലിന് ക​ഥ വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു.



മോ​ഹ​ൻ​ലാ​ലി​നോ​ടു പൂ​ർ​ണ​മാ​യ ക​ഥ പ​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വം...?

ഞാ​നും ശ്രീ​കു​മാ​റും കൂ​ടി ലാ​ലി​നെ നേ​രി​ൽ​ക്ക​ണ്ടു ക​ഥ പ​റ​യാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ​പ്പോ​യി. ക​ണ്ണു​ക​ള​ട​ച്ചു ക​ഥ കേ​ൾ​ക്കു​ന്ന​തി​നി​ടെ ലാലിന്‍റെ കൈ​വി​ര​ലു​ക​ളി​ൽ ചി​ല ച​ല​ന​ങ്ങ​ൾ വ​ന്നുതുടങ്ങി. ക​ഥ കേ​ൾ​ക്കു​ന്പോ​ൾ​ത്ത​ന്നെ അ​ദ്ദേ​ഹം ക​ഥ​യു​ടെ ഉൗ​ടു​വ​ഴി​ക​ളി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു. ശ​രീ​ര​ഭാ​ഷ കൊ​ണ്ട് ലാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ഒ​ടി​യ​നാ​യി മാ​റി​യെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. വാ​സ്ത​വ​ത്തി​ൽ അ​താ​യി​രു​ന്നു ഒ​ടി​യ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ. ഒ​ടി​യ​നു​വേ​ണ്ടി ലാ​ൽ ചെ​യ്ത​ത് മ​ല​യാ​ള​സി​നി​മാ​ച​രി​ത്ര​ത്തി​ൽ ഒ​രു നാ​യ​ക​ൻ ശ​രീ​രം കൊ​ണ്ടു ചെ​യ്ത എ​ക്കാ​ല​ത്തെ​യും വ​ലി​യ സമർപ്പണ​മാ​ണ്.



സ്ക്രി​പ്റ്റി​നോ​ടു സം​വി​ധാ​യ​ക​ൻ നീ​തി​പു​ല​ർ​ത്തി​യ​താ​യി തോ​ന്നു​ന്നു​ണ്ടോ...‍?

തീ​ർ​ച്ച​യാ​യും. ഡ​ബ്ബിം​ഗി​നു​വേ​ണ്ടി എ​ഡി​റ്റ​ർ ജോ​ണ്‍​കു​ട്ടി ത​യാ​റാ​ക്കി​യ ഗ്രാ​ഫി​ക്സും ആ​ക്‌ഷ​നു​മി​ല്ലാ​ത്ത ഒടിയന്‍റെ വേ​ർ​ഷ​ൻ ക​ണ്ടി​രു​ന്നു. ഞാ​ൻ വ​ള​രെ തൃ​പ്ത​നാ​ണ്. ക​ഥ​യു​ടെ പൂ​ർ​ണ​ത അ​തി​നു​ണ്ട്; സംവിധായകന്‍റെ കയ്യൊപ്പും. മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഇ​തു ക​ണ്ടി​രു​ന്നു. ഇ​ങ്ങ​നെ ഒ​രു എ​ൻ​ഡ് പ്രോ​ഡ​ക്ട് വ​ന്ന​തി​ൽ ലാ​ലും മ​ഞ്ജു​വും ഉ​ൾ​പ്പെടെ എ​ല്ലാ​വ​രും തൃ​പ്ത​രാ​ണ്. സ്ക്രി​പ്റ്റ് ഒ​രു ബ്ലൂ ​പ്രി​ന്‍റ് മാ​ത്ര​മാ​ണ​ല്ലോ. ബാ​ക്കി​യെ​ല്ലാം മേ​ക്കിം​ഗ് സൈ​ഡി​ലു​ള്ള​വ​രു​ടെ സം​ഭാ​വ​ന​യാ​ണ്. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യ്ക്കു​ള്ള ശ്രീ​കു​മാ​റി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.



ര​ച​യി​താ​വ് എ​ന്ന​തി​ന​പ്പു​റം ഒ​ടി​യ​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ താ​ങ്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഏ​തു രീ​തി​യി​ലാ​ണ്...?

ഓ​ഫീ​സി​ൽ നി​ന്നു ലീ​വെ​ടു​ത്ത് ഷൂ​ട്ടിം​ഗി​നു പോ​യി​ട്ടി​ല്ല. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ പോ​കാ​റു​ണ്ട്. ഷൂട്ടിംഗ് ദിനങ്ങളിൽ ഒ​രു ദി​വ​സം ത​ന്നെ പ​ല​ത​വ​ണ അ​വ​ർ ഫോണിൽ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കും. ഞാൻ എഴുതിയ ഒ​രു സീ​ൻ പോ​ലും ക​ള​യേണ്ടി വന്നില്ലെന്നാ​ണ് എ​ഡി​റ്റ​ർ ജോ​ണ്‍​കു​ട്ടി എ​ന്നോ​ടു പ​റ​ഞ്ഞ​ത്. അതായത്, സ്ക്രിപ്റ്റിൽ മുൻകൂർ കണ്ട സമയദൈർഘ്യം കൃത്യമായിരുന്നു. സ്ക്രി​പ്റ്റ് റൈ​റ്റ​ർ എ​ന്ന നി​ല​യ്ക്കും ഞാ​നൊ​രു മു​ഴു​വ​ൻ​സ​മ​യ സി​നി​മാ​ക്കാ​ര​ൻ അ​ല്ലെ​ന്ന നി​ല​യ്ക്കും അ​തും എ​നി​ക്കു വ​ള​രെ​യ​ധി​കം അ​ഭി​മാ​നം ന​ല്കി​യ കാ​ര്യ​മാ​ണ്.



മോ​ഹ​ൻ​ലാ​ലി​ന്‍റെ പ​ങ്കാ​ളി​ത്തം, സ​മ​ർ​പ്പ​ണം...​താ​ങ്ക​ളു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന്..?

അ​തി​നെ​ക്കു​റി​ച്ച് എ​ന്നെ​ക്കാ​ൾ ന​ന്നാ​യി ഓരോ മലയാളിക്കുമറിയാം. ഒ​രു ന​ട​ന്‍റെ സ​മ​ർ​പ്പ​ണം എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം ന​മു​ക്കു ശ​രീ​ര​ത്തി​ൽ കാ​ണി​ച്ചു​ത​ന്നു. അതിനും അപ്പുറമെന്ത്‍? മെ​ലി​യ​ണ​മെ​ന്നു​ള്ള​ത് സിനിമയുടെ ര​ണ്ടാം ആ​ലോ​ച​ന​യി​ൽ വ​ന്ന​താ​ണ്. നാ​യ​ക​ന്‍റെ ചെ​റു​പ്പം കാ​ണി​ക്കാ​ൻ അ​ത് ആ​വ​ശ്യ​മാ​യി​രു​ന്നു. നേ​ര​ത്തേ പ​റ​ഞ്ഞ​തു​പോ​ലെ, ഒ​ടി​യ​ൻ പ​റ​യു​ന്ന​ത് 50 വ​ർ​ഷ​ത്തെ ക​ഥ​യാ​ണ്. പ​ത്തു വ​യ​സി​ലാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്. പ്രാ​യം കൊ​ണ്ട് അ​ന്പ​തു​ക​ളു​ടെ അ​വ​സാ​നം വ​രെ​യു​ള്ള ക​ഥ​യാ​ണു പ​റ​യു​ന്ന​ത്. യുവാവായ ഒ​ടി​യ​ൻ മാ​ണി​ക്കനാ​കു​ന്ന​തി​നാ​ണ് ലാ​ൽ മെ​ലി​ഞ്ഞ​ത്.



മ​ഞ്ജു​വാ​ര്യ​രു​ടെ ക​ഥാ​പാ​ത്രം പ്ര​ഭ​യെ​ക്കു​റി​ച്ച്...?

മോ​ഹ​ൻ​ലാ​ലും മ​ഞ്ജു​വും കൂ​ടി​യു​ള്ള കെ​മി​സ്ട്രി ന​മു​ക്ക് ഏ​റെ പ​രി​ചി​ത​മാ​ണ്.​ അതു ന​മു​ക്കി​ഷ്ട​വുമാണ്. ‘ആ​റാം ത​ന്പു​രാ​നി​’ലൊ​ക്കെ ക​ണ്ട​തു​പോ​ലെ​യു​ള്ള മു​ഹൂ​ർ​ത്ത​ങ്ങ​ൾ. അ​വ​ർ ത​മ്മി​ലു​ള്ള ചി​ല സ​മ​വാ​ക്യ​ങ്ങ​ൾ ന​മു​ക്കി​ഷ്ട​മാ​ണ്. ഒ​ടി​യ​ൻ അ​ങ്ങ​നെ​യു​ള്ള ഒ​രു സി​നി​മ​യാ​യി​രി​ക്കും. മ​ഞ്ജു​വും ഇ​രു​പ​തു​കളിലുള്ള പെ​ണ്‍​കു​ട്ടി​യാ​കു​ന്നു​ണ്ട് ഒ​ടി​യ​നി​ൽ. പ്ര​ഭ​യാ​യി മ​ഞ്ജു ത​ന്നെ​യാ​ണ് തു​ട​ക്കം മു​ത​ൽ ത​ന്നെ ആ​ലോ​ച​ന​ക​ളി​ൽ വ​ന്ന​ത്.

മ​ഞ്ജു​വും മോ​ഹ​ൻ​ലാ​ലും പ്ര​കാ​ശ് രാ​ജും ഒ​ന്നി​ച്ചു​വ​രു​ന്ന ഡ്രമാറ്റിക് മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​ല​തു​ണ്ട് സി​നി​മ​യി​ൽ. ആ ​സീ​നു​ക​ളൊ​ക്കെ വ​ള​രെ ര​സ​ക​ര​മാ​യി വ​ന്നി​ട്ടു​ണ്ട്. മ​ഞ്ജു​വി​നു വ​ള​രെ തൃ​പ്തി ന​ല്കി​യ ക​ഥാ​പാ​ത്ര​മാ​ണു പ്ര​ഭ. ഇ​തു​വ​രെ കി​ട്ടി​യ​തി​ൽ ഏ​റ്റ​വും വ്യ​ത്യ​സ്ത​ത​യു​ള്ള കാ​ര​ക്ട​റു​ക​ളി​ൽ ഒ​ന്നാ​ണി​ത്. വ​ള​രെ കാ​ന്പു​ള്ള ഒ​രു ക​ഥാ​പാ​ത്രം. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല.



ഒ​ടി​യ​നി​ലെ വി​ല്ല​ൻ...?

പ്ര​കാ​ശ് രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന വി​ല്ല​ൻ, പേ​ര് രാ​വു​ണ്ണി. അ​സാ​ധ്യ​പ്ര​തി​നാ​യ​ക​നാ​ണു രാ​വു​ണ്ണി. വി​ല്ല​ൻ ന​ന്നാ​യാ​ലേ നാ​യ​ക​ൻ ന​ന്നാ​വു​ക​യു​ള്ളൂ എ​ന്ന​ല്ലേ പ​റ​യാ​റു​ള്ള​ത്. ഒ​ടി​യ​ൻ മാ​ണി​ക്ക​നൊ​പ്പം​ത​ന്നെ പ്രാ​ധാ​ന്യ​മു​ള​ള ക​ഥാ​പാ​ത്ര​മാ​ണു രാ​വു​ണ്ണി​യും. കൊ​ടും​വി​ല്ല​നാ​ണു രാ​വു​ണ്ണി; ഭീ​ക​ര​വി​ല്ല​ൻ. പ​ല സി​നി​മ​ക​ളി​ലും കാ​ണാ​റു​ള്ള​തു​പോ​ലെ വ​ല്ല​പ്പോ​ഴും അ​ടി​ക്കാ​നും പ​ഞ്ച് ഡ​യ​ലോ​ഗ് പ​റ​യാ​നും മാ​ത്ര​മു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മ​ല്ല ഒ​ടി​യ​നി​ലെ വി​ല്ല​ൻ. ഈ ​അ​ന്പ​തു വ​ർ​ഷ​ത്തെ ക​ഥ​യി​ലും ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന, ക​ഥ​യി​ൽ നാ​യ​ക​നോ​ളം ത​ന്നെ പ്രാ​ധാ​ന്യ​മു​ള്ള, ആ​ക്ടീ​വാ​യ വി​ല്ല​നാ​ണു രാ​വു​ണ്ണി.

‘ഇ​രു​വ​റി​’നു​ശേ​ഷം മോ​ഹ​ൻ​ലാ​ലും പ്ര​കാ​ശ് രാ​ജും കൂ​ടി​യു​ള്ള സു​ന്ദ​ര​മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​നി​മ​യാ​ണി​ത്. അ​ന്പ​തു വ​ർ​ഷ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ക​ഥാ​സ​ഞ്ചാ​ര​ത്തി​നി​ടെ മ​ഞ്ജു​വും പ്ര​കാ​ശ് രാ​ജും മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലെ ത​ന്നെ പ്രാ​യ​പ​രി​ണാ​മ​ങ്ങ​ളി​ൽ​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്നു​ണ്ട്,

അ​മി​താ​ഭ് ബ​ച്ച​ൻ ഒ​ടി​യ​നി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നു കേ​ട്ടി​രു​ന്നു....?

അ​മി​താ​ഭ് ബ​ച്ച​ൻ വ​രു​മെ​ന്നു ന​മ്മ​ൾ ക​രു​തി​യി​രു​ന്നു. അ​ദ്ദേ​ഹം വാ​ക്കു ത​ന്ന​തു​മാ​ണ്. പ​ക്ഷേ, വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ൾകൊണ്ട് അ​ദ്ദേ​ഹം ഒ​ഴി​യു​ക​യാ​യി​രു​ന്നു. ഒ​ടി​യ​ൻ മാ​ണി​ക്കന്‍റെ മു​ത്ത​ച്ഛ​ന്‍റെ റോ​ളി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത്. ബ​ച്ച​നെ കാ​ത്തി​രു​ന്നാ​ൽ അ​തി​നു​വേ​ണ്ടി സി​നി​മ വൈ​കും എ​ന്ന ഒ​ര​വ​സ്ഥ വ​ന്നു. വൈ​കേ​ണ്ട എ​ന്ന ക​രു​തി വ​ള​രെ പ്ര​ഗ​ല്ഭ​നാ​യ മ​നോ​ജ് ജോ​ഷി​യെ ആ ​റോ​ളി​ലേ​ക്കു കൊ​ണ്ടു​വ​ന്നു.

ഒ​ടി​യ​നി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ച്...‍?

ഇ​ന്ന​സെ​ന്‍റ്, സി​ദ്ധി​ക് എ​ന്നി​വ​രും വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള വേഷങ്ങളിലാണു വരുന്നത്. ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നാ​ണ് സി​ദ്ധി​ക്കി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മ​ഞ്ജു​വി​ന്‍റെ അ​നി​യ​ത്തി​യു​ടെ വേ​ഷ​ത്തി​ൽ വ​രു​ന്ന​ത് സ​ന അ​ൽ​ത്താ​ഫ്. ന​രെ​യ്ൻ, കൈ​ലാ​ഷ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം പ്ര​കാ​ശ​ൻ, ര​വി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന​ന്ദു​വും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ വ​രു​ന്നു.



ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന്‍റെ സ​പ്പോ​ർ​ട്ട് എ​ത്ര​ത്തോ​ളം....?

ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്ന പ്രൊ​ഡ്യൂ​സ​ർ​ക്ക് ഒ​ടി​യ​ന്‍റെ മേ​ക്കിം​ഗി​ൽ ഏറ്റവും കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. ഈ ​സി​നി​മ​യ്ക്കു ബ​ജ​റ്റി​ല്ല. ഈ ​സി​നി​മ​യ്ക്ക് ചെ​ല​വാ​കു​ന്ന​തെ​ത്ര​യോ അ​താ​ണ് ഒ​ടി​യ​ന്‍റെ ബ​ജ​റ്റെ​ന്നു സി​നി​മ തു​ട​ങ്ങു​ന്പോ​ൾ​ത്ത​ന്നെ അദ്ദേഹം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​ങ്ങ​നെ പ​റ​ഞ്ഞ് ഒ​രു സി​നി​മ​യും ഇ​വി​ടെ​യാ​രും ചെ​യ്തി​ട്ടി​ല്ല. എ​ത്ര​യോ വാ​ർ​ത്ത​ക​ൾ ഒ​ടി​യ​നെ​ക്കു​റി​ച്ചു വ​ന്നു. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ടം എ​ന്നു മാ​ത്ര​മാ​ണു പ​റ​യു​ന്ന​ത്. ഒ​ന്നി​ലും കോ​സ്റ്റ് പ​റ​യു​ന്നി​ല്ല. ഒ​ടി​യ​ന്‍റെ ഗ്രാ​ഫി​ക്സി​നു ചെ​ല​വുതന്നെ ഒ​രു വ​ലി​യ മ​ല​യാ​ള​സി​നി​മ​യു​ടെ ബ​ജ​റ്റാ​ണ്.

ഇ​ങ്ങ​നെ​യൊ​രു സി​നി​മ മു​ന്നോ​ട്ടു​പോ​കാ​ൻ കാ​ര​ണം ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ത​ന്നെ​യാ​ണ്. ഒടിയനെന്ന പ്രതിനായകന്‍റെ പിറവിയിൽ ആന്‍റണിക്കു വലിയ പങ്കുണ്ട്. ഇ​തു​പോ​ലെ പ്ര​ഫ​ഷ​ണ​ലാ​യി ചി​ന്തി​ക്കു​ന്ന പ്രൊഡ്യൂ​സ​ർ​മാ​ർ മ​ല​യാ​ള​ സി​നി​മ​യി​ൽ ഉ​ണ്ടാ​വ​ണം എ​ന്ന് ആ​ന്‍റ​ണി​യെ​ക്കു​റി​ച്ചു തോ​ന്നി​യിട്ടു​ണ്ട്. സി​നി​മ​യെ​ക്കു​റി​ച്ചു ന​ല്ല ഗ്രാ​ഹ്യ​മു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഏ​തു പ​ഞ്ച് ഡ​യ​ലോ​ഗി​ന് എ​വി​ടെ​യാ​ണു കൈ​യ​ടി വ​രി​ക എ​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ ആ​ന്‍റ​ണി​ക്കു കൃ​ത്യ​മാ​യി അ​റി​യാം. ഞാ​ൻ ശ​രി​ക്കും അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യി. മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്രേ​ക്ഷ​ക​രെ​ക്കു​റി​ച്ച് ഒ​രു വ്യ​ക്തി​ക്ക് ഇ​ത്ര​യും ബോധ്യ​മു​ണ്ടെ​ന്നു മ​ന​സി​ലാ​കു​ന്ന​ത് ആ​ന്‍റ​ണി​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ളി​ലാ​ണ്. ഇ​പ്പോ​ഴ​ത്തെ പ്രൊ​ഡ്യൂ​സ​ർ​മാ​രി​ൽ വ​ള​രെ പ്ര​ബ​ല​നാ​യ വ്യ​ക്തി​യുമാണ് ആ​ന്‍റ​ണി.



ഒ​ടി​യ​ന്‍റെ ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച്...‍?

ആ​ക്‌ഷൻ കൊ​റി​യോ​ഗ്ര​ഫി ചെയ്ത പീ​റ്റ​ർ​ഹെ​യ്ൻ പു​ലി​മു​രു​ക​നി​ൽ വ​ർ​ക്ക് ചെ​യ്ത​ത​തി​ന്‍റെ ഇ​ര​ട്ടി​സ​മ​യ​മാ​ണ് ഒ​ടി​യ​നി​ൽ ചെ​ല​വ​ഴി​ച്ച​ത്. ഇ​തു​വ​രെ ചെ​യ്ത​തി​ൽ മി​ക​ച്ച വ​ർ​ക്ക് ഒ​ടി​യ​നി​ലേ​താ​ണെ​ന്ന് പീ​റ്റ​ർ​ഹെ​യ്ൻ പ​റ​ഞ്ഞതിലുണ്ട് ഒടിയനിലെ ആക്‌ഷൻഗുണം. ഛായാ​ഗ്ര​ഹ​ണം നരന്‍റെയും ​പുലി​മു​രു​ക​ന്‍റെയും കാ​മ​റാ​മാ​ൻ ഷാ​ജി കു​മാ​ർ. എ​ഡി​റ്റിം​ഗ് പു​ലി​മു​രു​ക​ന്‍റെ എ​ഡി​റ്റ​ർ ജോ​ണ്‍​കു​ട്ടി. സെ​റ്റൊ​രു​ക്കി​യ​ത് പ്ര​ശാ​ന്ത് മാ​ധ​വ്.

ഒ​ടി​യ​നി​ലെ പാ​ട്ടു​ക​ൾ, പ​ശ്ചാ​ത്ത​ല​സം​ഗീ​തം....?

എം. ​ജ​യ​ച​ന്ദ്ര​നാ​ണു പാ​ട്ടു​ക​ളൊ​രു​ക്കി​യ​ത്. താ​ൻ ജീ​വി​ത​ത്തി​ൽ ചെ​യ്ത ഏ​റ്റ​വും ന​ല്ല പാ​ട്ടു​ക​ൾ ഒ​ടി​യ​നി​ലേ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ശ്രേ​യാ​ഘോ​ഷാ​ൽ, സു​ദീ​പ് കു​മാ​ർ എ​ന്നി​വ​രൊ​ക്കെ​യാ​ണു ഗാ​യ​ക​ർ. ശ്രേ​യ ര​ണ്ടു പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടു​ണ്ട്. റ​ഫീ​ക് അ​ഹ​മ്മ​ദും ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ മ​ക​ൾ ല​ക്ഷ്മി​യു​മാ​ണ് പാട്ടുകൾ എ​ഴു​തി​യ​ത്. ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ ചെ​യ്യു​ന്ന​ത് ‘വി​ക്രം​വേ​ദ’ ചെ​യ്ത സാം ​സി.​എ​സ്.

ഇപ്പോൾ ​പു​റ​ത്തി​റ​ങ്ങി​യ കൊ​ണ്ടോ​രാം കൊ​ണ്ടോ​രാം എ​ന്ന ഗാ​ന​ത്തി​നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ. യൂ​ട്യൂ​ബി​ൽ ഇ​തു​വ​രെ കി​ട്ടി​യ​തു പ​ത്തു​ല​ക്ഷ​ത്തി​ന​ടു​ത്ത് വ്യൂ​സ്. സു​ദീ​പ് കു​മാ​റും ശ്രേ​യ ഘോ​ഷാ​ലു​മാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. റ​ഫീ​ക് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​ഗീ​തം.



ഒ​ടി​യ​ൻ - സ്ക്രി​പ്റ്റിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ...‍?

കു​ട്ടി​സ്രാ​ങ്ക് മു​ത​ൽ ത​ന്നെ ഞാ​ൻ കം​പ്യൂ​ട്ട​റി​ലാ​ണ് സ്ക്രിപ്റ്റ് ടൈ​പ്പ് ചെ​യ്തി​രു​ന്ന​ത്. സന്തോഷത്തോടെ എ​ഴു​തി​ത്തീ​ർ​ത്ത സ്ക്രി​പ്റ്റാ​ണ് ഒ​ടി​യ​ന്‍റേ​ത്. ഓ​ഫീ​സി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി എ​ല്ലാ​വ​രും ഉ​റ​ങ്ങി​യ​ശേ​ഷമാണ് എഴുതിയിരുന്നത്. മ​ന​സി​ൽ സി​നി​മ​യു​ണ്ടാ​യി​രു​ന്നു. സി​നി​മ​യ്ക്കു​വേ​ണ്ടിയും സെ​റ്റ് ചെ​യ്ത ജീ​വി​ത​മാ​ണ് എ​ന്‍റേ​ത്. ഇ​തെ​ന്ന​ല്ല വേ​റൊ​രു തീം ​പ​റ​ഞ്ഞാ​ലും പെ​ട്ടെ​ന്ന് എ​ഴു​തി​ക്കൊ​ടു​ക്കാം. 25 വ​ർ​ഷ​ത്തെ പ​ത്ര​പ്ര​വ​ർ​ത്ത​ന​ജീ​വി​തം ത​ന്ന ഗു​ണ​മാ​ണ​ത്.



സാ​മൂ​ഹി​ക​പശ്ചാത്തലവും ച​രി​ത്ര​വു​മൊ​ക്കെ ‘ഒ​ടി​യ​നി​’ൽ വ​രു​ന്നു​ണ്ടോ...?

കൃ​ത്യ​മാ​യ ഒ​രു ക​ഥ​യു​ണ്ട് എ​ന്ന​താ​ണ് ‘ഒ​ടി​യ​ന്‍റെ’ ക​രു​ത്ത്. നാ​ട​കീ​യ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൂ​ടെ പോ​കു​ന്ന ക​ഥ​യാ​ണ​ത്. അ​ന്പ​തു വ​ർ​ഷ​ത്തി​ൽ തേ​ങ്കുറിശ്ശി എ​ന്ന പാ​ല​ക്കാ​ട​ൻ ഗ്രാ​മ​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ആ ​നാ​ടി​ന്‍റെ ച​രി​ത്രം -അ​തി​ൽ ക​മ്യൂ​ണി​സം വ​രു​ന്നു​ണ്ട്, ക​റ​ണ്ട് വ​രു​ന്നു​ണ്ട് - പ​റ​യു​ന്ന ക​ഥ​യാ​ണ്. ക​മ്യൂ​ണി​സം ന​മ്മു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ ഒ​രു കാ​ല​ത്തു വെ​ളി​ച്ച​മു​ണ്ടാ​ക്കി​യി​രു​ന്നു​വ​ല്ലോ. ക​മ്യൂ​ണി​സം ന​മ്മു​ടെ ഗ്രാ​മ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധ​മു​ണ്ടാ​ക്കി. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​ൻ ആ​ളു​ക​ൾ​ക്കു ധൈ​ര്യ​മു​ണ്ടാ​യി.

വാ​സ്ത​വ​ത്തി​ൽ അ​വ​സാ​ന​ത്തെ ഒ​ടി​യ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടാ​കു​മോ....‍?

ഈ ​ക​ഥ വ​ന്ന​ശേ​ഷം അ​വ​സാ​ന​ത്തെ ഒ​ടി​യ​ൻ ത​ങ്ങ​ളു​ടെ നാ​ട്ടി​ലു​ണ്ടെ​ന്നു​പ​റ​ഞ്ഞ് തൃ​ശൂ​രി​ൽ നി​ന്നൊക്കെ പ​ല​രും വി​ളി​ച്ചി​ട്ടു​ണ്ട്. വാ​സ്ത​വ​ത്തി​ൽ അ​ങ്ങ​നെ​യൊ​രാ​ൾ ജീ​വി​ച്ചി​രി​ക്കാ​ൻ വ​ഴി​യി​ല്ല. അ​ല്ലെ​ങ്കി​ൽ അ​വ​രൊ​ക്കെ ഈ ​പ​ണി നി​ർ​ത്തി​ക്കാ​ണും. ഇ​പ്പോ​ഴ​ത്തെ കാ​ല​ത്ത് അ​വ​ർ​ക്കു പ്ര​സ​ക്തി​യി​ല്ല. കാ​ര​ണം, ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞ ഏ​കാ​ന്ത​മാ​യ ഇ​രു​ട്ടു​ള്ള പാ​ട​വ​ര​ന്പു​ക​ളൊ​ന്നു​മി​ല്ല.



ഒ​ടി​യ​ൻ - ചി​ത്രീ​ക​ര​ണം...?

ബ​നാ​റ​സി​ൽ നി​ന്നാ​ണ് ‘ഒടിയന്‍റെ’ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട്ട് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പി​ന്നീ​ടു​ള്ള ചി​ത്രീ​ക​ര​ണം. ഒ​ടി​യ​ൻ മാ​ണി​ക്കന്‍റെ വീ​ട് ആ​വി​ഷ്ക​രി​ച്ച​ത് പാ​ല​ക്കാ​ട്ടു​ള്ള കൊ​ല്ലങ്കോട് എ​ന്ന എ​ന്‍റെ ഗ്രാ​മ​ത്തി​ൽ​ത​ന്നെ​യാ​ണ്. അ​പ്പു​റ​ത്തു മ​ല, ഇ​പ്പു​റ​ത്തു പു​ഴ, ക​രി​ന്പ​ന...​കൃ​ത്യ​മാ​യി​ട്ടു​ള്ള ഒ​രു ഗ്രാ​മം ഇ​വി​ടെ അ​വ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്ക്രി​പ്റ്റ് റൈ​റ്റ​റു​ടെ ഗ്രാ​മം ത​ന്നെ സി​നി​മ​യി​ലെ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗ്രാ​മ​മാ​കു​ന്നു എ​ന്ന ഒ​രു പ്ര​ത്യേ​ക​ത​യും അ​തി​ലു​ണ്ട്.

ഒ​ടി​യ​ൻ സിനിമയുമായി ബ​ന്ധ​പ്പെ​ട്ട് സമൂഹ മാധ്യമങ്ങളിൽ ധാ​രാ​ളം ചി​ത്ര​ങ്ങ​ളും ക​ഥ​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട​ല്ലോ...?

ഒ​ടി​യ​ന്‍റെ ഒ​റി​ജി​ന​ൽ സ്റ്റി​ല്ലു​ക​ളെ​ല്ലാം ന​മ്മു​ടെ അ​റി​വോ​ടെ​യാ​ണു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ​ക്ഷേ, ആ​ളു​ക​ൾ അ​തി​നു പ​ല വ്യാ​ഖ്യാ​ന​ങ്ങ​ളു​ണ്ടാ​ക്കി. അ​തു ന​മ്മു​ടെ പ​രി​ധി​യി​ലു​ള്ള കാ​ര്യ​മ​ല്ല​ല്ലോ. അ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന ക​ഥ​ക​ൾ​ക്കു സി​നി​മ​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ല. ഒ​ടി​യ​നെ​പ്പ​റ്റി വെ​റു​തേ പ​റ​യു​ന്ന ധാ​രാ​ളം ക​ഥ​ക​ളു​ണ്ട്, കെ​ട്ടു​ക​ഥ​ക​ൾ. ‘ഒ​ടി​യ​ൻ’ സി​നി​മ​യെ​ക്കു​റി​ച്ചും അ​ത്ത​രം ക​ഥ​ക​ൾ കേ​ൾ​ക്കു​ന്ന​തി​ൽ വാ​സ്ത​വ​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പ​ക്ഷേ, ഇ​ങ്ങ​നെ പ​റ​യു​ന്ന​തി​ൽ പ​ല ക​ഥ​ക​ളും സിനിമയെ സംബന്ധിച്ചിടത്തോളം സ​ത്യ​മ​ല്ല. മ​ല​യാ​ള​സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യും പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു സി​നി​മ​യി​ല്ല. ആ​ളു​ക​ളെ​ല്ലാം സി​നി​മ​യെ​ക്കു​റി​ച്ചു ധാ​രാ​ളം പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തു ത​ന്നെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ന​മു​ക്കു കി​ട്ടി​യ മെ​ച്ചം. എ​വി​ടെ​പോ​യാ​ലും ഒ​ടി​യ​നെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളും വാ​ർ​ത്ത​ക​ളുമാണ്. ‘ഒ​ടി​യ​ൻ ഇ​രു​ട്ടി​ന്‍റെ, രാ​ത്രി​യു​ടെ രാ​ജാ​വ് ’എ​ന്നാ​ണ് ഔദ്യോഗിക പോ​സ്റ്റ​റി​ലെ ക്യാ​പ്ഷ​ൻ.

അ​പ്പോ​ൾ ഒ​ടി​യ​നി​ൽ ഇ​തി​ന​പ്പു​റം എ​ന്തൊ​ക്കെ​യോ ര​ഹ​സ്യ​ങ്ങ​ൾ ഉ​ണ്ട്..?

ഇ​തി​ന​പ്പു​റ​മേ ഉ​ള്ളൂ. ഇ​നി സ​ർ​പ്രൈ​സു​ക​ൾ സി​നി​മ​യി​ൽ​ത്ത​ന്നെ​യാ​ണ്. സി​നി​മ​യി​ൽ വ​രാ​നാ​യി ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഞ​ങ്ങ​ൾ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. കാ​ര​ണം കോ​ടി​ക​ൾ ഇ​ൻ​വെ​സ്റ്റ് ചെ​യ്ത ഒ​രു പ്രൊ​ഡ്യൂ​സ​റി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്ക​ണ​മ​ല്ലോ.

ക്ലൈ​മാ​ക്സ് ആ​ദ്യം ത​ന്നെ ഷൂ​ട്ട് ചെ​യ്ത​തി​നു പി​ന്നി​ൽ..‍?

വ​ള​രെ ദൈ​ർ​ഘ്യ​മേ​റി​യ, വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള, ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ക്ലൈ​മാ​ക്സാ​ണ് ഒ​ടി​യ​ന്‍റേ​ത്. അ​തു നേ​ര​ത്തേ എ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ അ​ത്ര​യും സ​മ​യം ന​മു​ക്ക് സി​നി​മ​യു​ടെ മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കു മാ​റ്റി​വ​യ്ക്കാ​മ​ല്ലോ എന്നു കരുതി. ക്ലൈ​മാ​ക്സ് സീ​നി​ലും ഗ്രാ​ഫി​ക്സ് ന​ന്നാ​യി വ​രു​ന്നു​ണ്ട്.



ആ​ർ​ട്ടി​സ്റ്റി​ക്കാ​ണോ സി​നി​മാ​റ്റി​ക്കാ​ണോ ഒ​ടി​യ​ൻ സി​നി​മ...?

മാ​സും ക്ലാ​സും ചേ​രും​പ​ടി മി​ക്സ് ചെ​യ്ത ഒ​രു സി​നി​മ. ആ ​മി​ക്സിം​ഗ് കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. ഈ ​പ​ടം വ​ള​രെ ഹി​റ്റാ​വു​ക​യും ന​ല്ല അ​ഭി​പ്രാ​യം വ​രി​ക​യും ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ആ​ദ്യ സ്ക്രി​പ്റ്റി​നു ത​ന്നെ ദേ​ശീ​യ​പു​ര​സ്കാ​രം. അ​തി​നു​ശേ​ഷം തി​ര​ക്ക​ഥ​യ്ക്കു​വേ​ണ്ടി പ​ല​രും സ​മീ​പി​ച്ചി​ട്ടു​ണ്ടാ​കു​മ​ല്ലോ...?

ഏ​ത്ര​യോ​പേ​ർ വ​ന്നി​ട്ടു​ണ്ട്. ഒ​ടി​യ​ൻ ചെ​യ്ത ശേ​ഷ​വും അ​തി​ലും എ​ത്ര​യോ പേ​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​സി​നി​മ​യു​ടെ അനൗൺസ്മെന്‍റ് വന്നശേഷം, ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നു​മു​ന്പും ആ​ളു​ക​ൾ വ​ന്നി​രു​ന്നു. കാ​ര​ണം, ഇ​ന്നു മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റ്റ​വു​മാ​വ​ശ്യ​മു​ള്ള​തു സ്ക്രി​പ്റ്റാ​ണ്. ക​ഥ​യാ​ണു വേ​ണ്ട​ത്. മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലെ ഒ​രാ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ പ​റ്റി​യ ഒ​രു ക​ഥ അ​ല്ലെ​ങ്കി​ൽ ഇ​ത്ര​യും വലിയ തുക ഇ​ൻ​വെ​സ്റ്റ് ചെ​യ്യാ​ൻ പ​റ്റി​യ തിരക്ക​ഥ എ​ഴു​തി​യ ഒ​രാ​ളെ തി​ര​ക്കി ആ​ളു​ക​ൾ വ​രു​ന്ന​തു സ്വാ​ഭാ​വി​കം.



ഒ​ടി​യ​ൻ ഫാ​ന്‍റ​സി ത്രി​ല്ല​റാ​ണോ? ഇ​തി​ൽ മാ​ജി​ക്ക​ൽ റി​യ​ലി​സ​മു​ണ്ടോ...‍‍?

ഫാ​ന്‍റ​സി ത്രി​ല്ല​റാ​ണ് ഒ​ടി​യ​ൻ. ഇ​തി​ൽ മാ​ജി​ക്ക​ൽ റി​യ​ലി​സ​ത്തി​ന്‍റെ അം​ശ​ങ്ങ​ളി​ല്ല. ആ​ദ്യ​മെ​ഴു​തി​യ ‘കു​ട്ടി​സ്രാ​ങ്കി​’ൽ മാ​ജി​ക്ക​ൽ റി​യ​ലി​സ​മു​ണ്ട്. പൊ​തു​വേ വ​ലി​യ മാ​സ് സി​നി​മ​ക​ൾ​ക്കു ക​ഥ നേ​രി​ട്ടു പ​റ​ഞ്ഞു​പോ​കു​ന്ന രീ​തി​യു​ണ്ട്. എ​ന്നാ​ൽ ‘ഒ​ടി​യ​ൻ’ നോ​ണ്‍ ലീ​നി​യ​റാ​ണ്. ഇ​ത്ര​യും വ​ലി​യ ബ​ജ​റ്റി​ലെ​ടു​ക്കു​ന്ന ഒ​രു സി​നി​മ നോ​ണ്‍ ലീ​നി​യ​റാ​കു​ന്നു എ​ന്ന​തി​ൽ ഒ​രു പു​തു​മ​യു​ണ്ട്. അ​താ​യ​ത് ക​ഥാ​ക​ഥ​ന​ത്തി​ൽ പ​ല കാ​ല​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു​വ​രും. ആ​ഖ്യാ​ന​ത്തി​ൽ ഇ​ത്ര​യും നോ​ണ്‍ ലീ​നി​യ​ർ ട്രീ​റ്റ്മെ​ന്‍റ് ഉ​ള്ള - നേ​ർ​രേ​ഖ​യി​ല​ല്ലാ​ത്ത - ഒ​രു വ​ലി​യ സി​നി​മ വ​രു​ന്നു എ​ന്ന​താ​ണ് ഒ​ടി​യ​ന്‍റെ മ​റ്റൊ​രു പു​തു​മ. അ​തു​ത​ന്നെ​യാ​ണ് സ്ക്രി​പ്റ്റ് റൈ​റ്റ​ർ എ​ന്ന നി​ല​യി​ൽ ക്രാ​ഫ്റ്റ് വൈ​സ് നോ​ക്കി​യാ​ൽ ഒ​ടി​യ​ന്‍റെ ര​ച​ന ന​ല്കു​ന്ന സം​തൃ​പ്തി.

ഒ​ടി​യ​ന്‍റെ ക​ഥ ആ​ർ​ക്കും ഏ​തു ത​ര​ത്തി​ലും പ​റ​യാം. പു​തി​യ കാ​ല​ത്തി​നു​വേ​ണ്ടി പ​ഴ​യ ക​ഥ പ​റ​യു​ക​യാ​ണ് ഇ​വി​ടെ. ഒ​രു പ​ഴ​യ​കാ​ല​ത്തി​ന്‍റെ ക​ഥ ഏ​റ്റ​വും പു​തി​യ രീ​തി​യി​ൽ പ​റ​യു​ന്നു​വെ​ന്ന​താ​ണ് ഈ ​സി​നി​മ​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. പൂ​ർ​ണ​മാ​യും സം​തൃ​പ്തി ന​ല്കി​യ ര​ച​ന​യാ​ണി​ത്.

ന്യൂ​ജ​ന​റേ​ഷ​ൻ ​കാ​ല​ത്തു പ​റ​യാ​ൻ പ​റ്റി​യ സി​നി​മ​യാ​ണോ ഒ​ടി​യ​ൻ...‍?

തീ​ർ​ച്ച​യാ​യും. ഇ​പ്പോ​ഴ​ത്തെ അ​ടി​പൊ​ളി യുവാക്കളിൽ വ​രെ എ​ത്തി​നി​ൽ​ക്കു​ന്ന ഒ​രു ക​ഥ​യാ​ണ്. സ​മീ​പ​കാ​ല​ത്തു നി​ന്നു പി​ന്നി​ലേ​ക്കാ​ണു ക​ഥാ​സ​ഞ്ചാ​രം..



ഈ ​ക​ഥ പ​റ​യാ​ൻ ഇ​ത്ര​യേ​റെ ടെ​ക്നി​ക്ക​ൽ ബ്രി​ല്യ​ൻ​സി​ന്‍റെ ആ​വ​ശ്യ​മു​ണ്ടോ...‍?

അ​തേ. സ​ത്യ​ത്തി​ൽ ഈ ​സി​നി​മ ആ​ദ്യം ഉ​ദ്ദേശി​ച്ച​തു ത്രീ​ഡി​യി​ലാ​യി​രു​ന്നു. ത്രീ​ഡി സ്ക്രി​പ്റ്റി​നെ​ക്കു​റി​ച്ചു​വ​രെ ആ​ലോ​ചി​ച്ചി​രു​ന്നു.

ഒ​ടി​യ​ൻ മ​റ്റു ഭാ​ഷ​ക​ളി​ൽ വ​രു​മോ..?

ഒ​ടി​യ​ൻ മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്ക് ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ന്നു. വേ​ണ്ടി​വ​ന്നാ​ൽ ഇം​ഗ്ലീ​ഷി​ലും 90 മി​നി​റ്റി​ൽ ഇ​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​നി മ​ല​യാ​ണ്മ​യു​ള്ള ക​ഥ ആ​യ​തി​നാ​ൽ റീ​മേ​ക്കി​നു സാ​ധ്യ​ത​യി​ല്ല. ഇ​ത്തരത്തിൽ വേ​ഷം മാ​റാ​ൻ ക​ഴി​വു​ള്ള​വ​രു​ടെ ക​ഥ​ക​ൾ പ​ല രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള​താ​യി ഞാ​ൻ പി​ന്നീ​ടു കേ​ട്ടി​രു​ന്നു. പ​ക്ഷേ, ഒ​ടി​യ​ന്‍റെ ക​ഥ പൂ​ർ​ണ​മാ​യും മ​ല​യാ​ളി​ക്ക​ഥ​യാ​ണ്.

ഒ​ടി​യ​ന്‍റെ ര​ച​ന​യി​ൽ വി​ട്ടു​വീ​ഴ്ച​ക​ൾ വേ​ണ്ടി​വ​ന്നി​ട്ടു​ണ്ടോ...?

ഞാ​നൊ​രു പ്ര​ഫ​ഷ​ണ​ൽ റൈ​റ്റ​ർ ആ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്നു. ഷാ​ജി. എ​ൻ. ക​രു​ണി​നു വേ​ണ്ടി എ​ഴു​തു​ന്പോ​ൾ അ​തു കൃ​ത്യ​മാ​യി ഷാ​ജി​ക്കു വേ​ണ്ടി​യു​ള്ള സി​നി​മ ത​ന്നെ​യാ​വും എ​ഴു​തു​ക. ഷാ​ജി എ​ൻ. ക​രു​ണി​ന് ഒ​രു സ്കൂ​ൾ ഓ​ഫ് തോ​ട്ട് ഉ​ണ്ട്. അ​വി​ടെ പ​ഞ്ച് ഡ​യ​ലോ​ഗി​നൊ​ന്നും പ്ര​സ​ക്തി​യി​ല്ല. ഒ​ടി​യ​നി​ൽ അ​ങ്ങ​നെ​യ​ല്ല. ഇ​തി​ൽ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളു​ടെ ആഘോഷ​മാ​ണ്. മോ​ഹ​ൻ​ലാ​ലി​ൽ നി​ന്നു ന​മ്മ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന ത​രം ഡ​യ​ലോ​ഗു​ക​ൾ ഉ​ള്ള ഒ​രു സി​നി​മ. ന​ല്ല ഡ​യ​ലോ​ഗു​ക​ളു​ള്ള സി​നി​മ ത​ന്നെ​യാ​യി​രി​ക്കും ഒ​ടി​യ​ൻ. ഡ​യ​ലോ​ഗി​ലെ ഫ്ര​ഷ്നെ​സ് ഇ​പ്പോ​ൾ​ത്ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്; സ്ക്രി​പ്റ്റ് വാ​യി​ച്ച​വ​ർ​ക്കെ​ല്ലാം അ​തു ബോ​ധ്യ​പ്പെ​ട്ടി​ട്ടു​മുണ്ട്. എ​ന്‍റെ ഡ​യ​ലോ​ഗു​ക​ളി​ൽ ആ​ന്‍റ​ണി​യും ശ്രീ​കു​മാ​റു​മെ​ല്ലാം വ​ള​രെ തൃ​പ്ത​രാ​ണ്.



ഒ​ടി​യ​ന് പുരസ്കാരങ്ങൾ കി​ട്ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ...‍?

ഇ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ല. ഇ​തി​ലെ അ​ഭി​നേ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ പെ​ർ​ഫോ​മ​ൻ​സി​ന് അ​തു കി​ട്ടി​യാ​ൽ ന​ന്നാ​യി​രി​ക്കും.

ആരെ മ​ന​സി​ൽ ക​ണ്ട് എ​ഴു​തി​യ സ്ക്രി​പ്റ്റാ​ണ് ‘ഒ​ടി​യ​ൻ’...?

ഇ​തു മോ​ഹ​ൻ​ലാ​ലി​നും ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ എ​ന്ന പ്രൊ​ഡ്യൂ​സ​ർക്കും ശ്രീകുമാർ മേനോനും മോ​ഹ​ൻ​ലാ​ലി​ന്‍റെ ലക്ഷക്കണക്കിന് ആ​രാ​ധ​ക​ർ​ക്കും വേ​ണ്ടി എ​ഴു​തി​യ സ്ക്രി​പ്റ്റാ​ണ്. അ​തേ​സ​മ​യം ത​ന്നെ ഈ ​സ്ക്രി​പ്റ്റ് എ​നി​ക്കു തൃ​പ്തി ത​രു​ന്ന​തു​മാ​ണ്. ഒ​ടി​യ​ൻ സി​നി​മ​യി​ലെ ക​ലാം​ശം അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്താ​ൻ പ​റ്റി എ​ന്നു​ള്ള​താ​ണ് സ്ക്രി​പ്റ്റ് റൈ​റ്റ​ർ എ​ന്ന നി​ല​യ്ക്കു​ള്ള മറ്റൊരു സം​തൃ​പ്തി. ക​വി​ത​യു​ള്ള ഒ​രു സി​നി​മ​യാ​ണിത്. കാ​വ്യാ​ത്മ​ക​മാ​ണ് പ​ല സീ​നു​ക​ളും. ആ ​പൊ​യ​ട്രി ശ്രീകുമാർ സി​നി​മ​യി​ലും നി​ല​നി​ർ​ത്തിയിട്ടുണ്ട്.

ആ​ക്‌ഷ​നും പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യ​ല്ലേ ഒ​ടി​യ​ൻ...?

ആ​ക്‌ഷ​നു ന​ല്ല പ്രാ​ധാ​ന്യ​മു​ണ്ട്. മാ​സ് പ​ടം ത​ന്നെ​യാ​ണ്. അ​ഡ്രി​നാ​ലി​ൻ ലെ​വ​ൽ ഉ​യ​ർ​ത്തി​നി​ർ​ത്തു​ന്ന സി​നി​മ​. ഇ​വി​ടെ എ​ല്ലാ​വ​രും ഒ​ടി​യ​ൻ പ​ഴ​യ ക​ഥ​യാ​ണ് എ​ന്നൊ​ക്കെ പ​റ​യു​ന്നു​ണ്ട​ല്ലോ. പ​ഴ​യ ഗ്രാ​മ​ക​ഥ, കാ​ള​വ​ണ്ടി​ക്കാ​ലം...​എ​ന്നി​ങ്ങ​നെ ആ​ളു​ക​ൾ​ക്കു ചി​ല സ​ങ്ക​ല്പ​ങ്ങ​ളു​ണ്ട്. വാ​സ്ത​വ​മ​ത​ല്ല. ഒ​ടി​യ​ൻ വേ​റൊ​രു​ത​രം സി​നി​മ​യാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ സി​നി​മ​യി​ൽ ഒ​ടി​യ​നെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത് ഇ​തൊ​ന്നു​മ​ല്ല.

സാ​ഹി​ത്യ​ കൃ​തി​ക​ൾ സി​നി​മ​യാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടോ...‍?

ഏറെ പ്രശസ്ത ചെറുകഥയായ ‘കടൽ’ ആണ് ഗാഥ ആകുന്നത്.

താ​ങ്ക​ളു​ടെ ഡ്രീം ​പ്രോ​ജ​ക്ടാ​യി​രു​ന്നോ ഒ​ടി​യ​ൻ..‍?

ഒാരോ സി​നി​മ​യും ഓ​രോ ഡ്രീം ​ആ​ണ്. ഒ​രു​പാ​ടു​പേ​രു​ടെ കൂ​ട്ടാ​യ സ്വ​പ്ന​മാ​ണ് ഓ​രോ സി​നി​മ​യും. സ്ക്രി​പ്റ്റെ​ഴു​തു​ന്ന ആ​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ സ്വ​പ്നം സ​ഫ​ല​മാ​വി​ല്ല. വാ​സ്ത​വ​ത്തി​ൽ ഒ​രു ക​ള​ക്ടീ​വ് ഡ്രീം ​ആ​ണ് സി​നി​മ. ഒരുപാടുപേർ ഒരേസമയത്തു കാണുന്ന സ്വപ്നം.

മോ​ഹ​ൻ​ലാ​ലി​നു​ വേ​ണ്ടി ഇ​നി​യും എ​ഴു​ത​ണ​മെ​ന്ന ആ​ഗ്ര​ഹം കൂടിയിട്ടുണ്ടോ?

തീ​ർ​ച്ച​യാ​യും. പ​ക്ഷേ, സി​നി​മ എ​ഴു​തി​യാ​ലും ഇ​ല്ലെ​ങ്കി​ലും എ​ല്ലാ​ക്കാ​ല​ത്തും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ച​ങ്ങാ​തി​യാ​ണ് മോ​ഹ​ൻ​ലാ​ൽ. സൗ​ഹൃ​ദ​ത്തെ വ​ള​രെ വി​ശു​ദ്ധി​യി​ൽ കാ​ണു​ന്ന ഒ​രാ​ളാ​ണ് ലാ​ൽ. ഞങ്ങളുടെ നല്ല ചങ്ങാത്തം അ​ങ്ങ​നെ​ത​ന്നെ തു​ട​രു​ന്നു.



മോ​ഹ​ൻ​ലാ​ലി​ൽ താ​ങ്ക​ൾ ക​ണ്ട പോ​സി​റ്റീ​വി​റ്റി എ​ന്താ​ണ്...?

ന​മ്മ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ന​ല്ല ചി​ന്ത​ക​ൾ മാ​ത്രം മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ഒ​രാ​ളാ​ണു മോ​ഹ​ൻ​ലാ​ൽ. ഒ​രാ​ളെ​യും​പ​റ്റി അ​പ​വാ​ദം പ​റ​യാ​റി​ല്ല. എ​ത്ര​നേ​രം സം​സാ​രി​ച്ചാ​ലും ഒ​രാ​ളെ​ക്കു​റി​ച്ചും മോ​ശം കാ​ര്യ​ങ്ങ​ൾ പ​റ​യി​ല്ല. പ​റ​യു​ന്ന​തെ​ല്ലാം പോ​സി​റ്റീ​വ് കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും. ന​മു​ക്കെ​ങ്ങ​നെ പോ​സി​റ്റീ​വ് എ​ന​ർ​ജി ഉ​ണ്ടാ​ക്കാ​മെ​ന്ന​തു മോ​ഹ​ൻ​ലാ​ലി​ൽ നി​ന്നു ക​ണ്ടു​പ​ഠി​ക്കാം. ആ​ന​ന്ദം തേ​ടു​ന്ന ഒ​രു മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹം. ആ​ന​ന്ദ​ത്തി​ൽ​ക്കൂ​ടി ജീ​വി​ക്കു​ന്നു. ആ​ന​ന്ദം ശ്വ​സി​ക്കു​ന്നു.

മ​ഞ്ജു​വാ​ര്യ​രെ​ക്കു​റി​ച്ച്...‍?

അ​സാ​ധ്യ പ്ര​തി​ഭാവൈ​ഭ​വ​മു​ള്ള അ​ഭി​നേ​ത്രി​യാ​ണ് മ​ഞ്ജു. മ​ല​യാ​ള​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു നാ​യി​ക ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ത്ര​യും സാ​ധ്യ​ത​യു​ള്ള മ​ഞ്ജു എ​ന്ന ആ​ക്ട​റി​നെ ഒരു സിനിമയും ഇതുവരെ പൂ​ർ​ണ​മാ​യും പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല എ​ന്നാ​ണ് എ​ന്‍റെ അ​ഭി​പ്രാ​യം. പ്ര​ശ​സ്തി​യു​ടെ​യും മാ​സി​ന്‍റെ​യു​മൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നൊ​ക്കെ പ​ല​രും വി​ളി​ക്കു​ന്ന​ത്. അ​ല്ലാ​തെ​ ത​ന്നെ മ​ഞ്ജു​വി​ലെ അ​ഭി​നേ​ത്രി​യെ ഇ​നി​യും എ​ത്ര​യോ എ​ക്സ്പ്ലോ​ർ ചെ​യ്യാ​ൻ കി​ട​ക്കു​ന്നു; മോ​ഹ​ൻ​ലാ​ലി​നെ​പ്പോ​ലെ ത​ന്നെ.

പ്ര​കാ​ശ് രാ​ജി​നെ​ക്കു​റി​ച്ച്...‍?

പ്ര​കാ​ശ് രാ​ജി​നെ സെ​റ്റി​ൽ വെ​ച്ചാ​ണു പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വി​പ്ല​വാ​ത്മ​ക​മാ​യി ചി​ന്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹം സി​നി​മ​യി​ൽ രാ​വു​ണ്ണി​യെ​ന്ന കാ​ര​ക്ട​റാ​യി മാ​റു​ന്ന​ത് എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​സ​ങ്കീ​ർ​ണ​മാ​യ വി​ല്ല​ൻ​ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



എ​ല്ലാ അ​ർ​ഥ​ത്തി​ലും ‘ഒ​ടി​യ​ൻ’ ഒ​രു ‘മോ​ഹ​ൻ​ലാ​ൽ സി​നി​മ’ ത​ന്നെ​യാ​ണോ.. ?

തീ​ർ​ച്ച​യാ​യും. മോ​ഹ​ൻ​ലാ​ലി​ലെ കം​പ്ലീ​റ്റ് ആ​ക്ട​റെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ഒടിയൻ. പാ​ട്ടു​പാ​ടു​ക​യും മ​ദ്യ​പി​ക്കു​ക​യും ചി​രി​ക്കു​ക​യും ക​ളി​ക്കു​ക​യും സ​ങ്ക​ട​പ്പെ​ടു​ക​യും പ്ര​തി​കാ​രം ന​ട​ത്തു​ക​യും ഇ​ടി​ക്കു​ക​യും അ​ടി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന ലാ​ലി​നെ ഒ​ടി​യ​നി​ൽ കാ​ണാ​നാ​വും. ഒ​രു നാ​യ​ക​നെ​ന്ന നി​ല​യി​ൽ പ​ല ത​ര​ത്തി​ൽ അദ്ദേഹത്തെ കാ​ണാ​ൻ ശ്ര​മി​ക്കു​ന്നു. ക​ണ്ടെ​ത്ത​പ്പെ​ടാ​തെ കി​ട​ക്കു​ന്ന അ​ഭി​ന​യ​മി​ക​വി​ന്‍റെ ഒ​രു​പാ​ടു സാ​ധ്യ​ത​ക​ൾ ഇ​നി​യും മോ​ഹ​ൻ​ലാ​ലി​ലു​ണ്ട്. ഒ​ടി​യ​ൻ ഒ​രു ഘ​ട്ടം വ​രെ അ​തി​ൽ വി​ജ​യി​ക്കു​ന്നു​ണ്ട്; ഇതിനു മുന്പു വന്ന പല നല്ല ലാൽ സിനിമകളെയുംപോലെ.

ലാ​ൽ ​ഫാ​ൻ​സി​നു​ വേ​ണ്ടി​ക്കൂ​ടി​യു​ള്ള പ​ട​മാ​ണ് ഒ​ടി​യ​ൻ. തൂ​വാ​ന​ത്തു​ന്പി​ക​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫാ​ൻ​സി​നു വേ​ണ്ടി​യു​ള്ള​ത​ല്ല. അ​തു ക്ലാ​സ് ഫി​ലി​മാ​ണ്. പു​ലി​മു​രു​ക​ൻ മാ​സി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫാ​ൻ​സി​നും ന​ല്ല ലാൽ സി​നി​മ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ​ട​മാ​ണ് ഒ​ടി​യ​ൻ. ഇ​തു പ​ക​യു​ടെ​യും പ്ര​തി​കാ​ര​ത്തി​ന്‍റെ​യും ക​ഥ​യാ​ണ്. ഇ​ത്ര​യും ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട; ഇ​ത്ര​യും കാ​ല​ങ്ങ​ളി​ൽ​ക്കൂ​ടി ഒ​രു ഗ്രാ​മ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​ക്കൂ​ടി സ​ഞ്ച​രി​ക്കു​ന്ന; പ​ക, പ്ര​തി​കാ​രം, പ്ര​ണ​യം.. ഒ​ക്കെ​യു​ള്ള ഒ​രു സി​നി​മ​യാ​ണ് ഒ​ടി​യ​ൻ.



സി​നി​മാ​ജീ​വി​തം ന​ല്കു​ന്ന സം​തൃ​പ്തി എ​ത്ര​ത്തോ​ള​മാ​ണ്....?

പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യ്ക്കുള്ള സംതൃപ്തിയെക്കുറിച്ചു പറയാം. കേ​ര​ള​ത്തി​ലെ ഒ​രു മുഖ്യധാരാ ജേർ​ണ​ലി​സ്റ്റ് എ​ത്തി​ച്ചേ​ർ​ന്ന സി​നി​മ​യി​ലെ വ​ലി​യ ഹൈ​റ്റാ​ണി​തെന്നതിൽ വിനയത്തോടെ അഭിമാനിക്കുന്നു. ആ​ദ്യ​ത്തെ സി​നി​മ​യ്ക്കു നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കി​ട്ടി. പി​ന്നീ​ടു ചെ​യ്യു​ന്ന സി​നി​മ​ക​ളി​ലൊ​ന്ന് മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ​യാ​ണ്. ജേർ​ണ​ലി​സ്റ്റ് എ​ന്ന നി​ല​യി​ലും മു​ഴു​വ​ൻ​സ​മ​യ സി​നി​മാ​ക്കാ​ര​ൻ അ​ല്ലെ​ന്ന നി​ല​യ്ക്കും എ​നി​ക്കു വ​ലി​യ സ​ന്തോ​ഷം തോ​ന്നു​ന്നു, അ​ഭി​മാ​നം തോ​ന്നു​ന്നു; ആ​ർ​ട്ട് ഫി​ലിം ചെ​യ്തു ദേ​ശീ​യ ​പു​ര​സ്കാ​രം നേ​ടി​യ ഒ​രാ​ൾ ഇ​ങ്ങ​നെ​യൊ​രു പ​ക്കാ കൊ​മേ​ഴ്സ്യ​ൽ സി​നി​മ ചെ​യ്യു​ന്പോ​ൾ പ്ര​ത്യേ​കി​ച്ചും.

ഏറ്റവുമടുത്ത സു​ഹൃ​ത്തുകൂടിയായ സംവിധായകൻ ര​ഞ്ജി​ത്തി​നു വേ​ണ്ടി എ​പ്പോ​ഴാ​ണ് എ​ഴു​തു​ന്ന​ത്..‍?

ര​ഞ്ജി​ത്തി​ന്‍റെ ഒ​രു പു​സ്ത​ക​ത്തി​ന് ഞാ​ൻ അ​വ​താ​രി​ക എ​ഴു​തി​യി​ട്ടു​ണ്ട്. ര​ഞ്ജി​ത്തു​മാ​യി സി​നി​മ ചെയ്യുന്നതിനെക്കുറിച്ചു സം​സാ​രി​ച്ചി​ട്ടി​ല്ല. ഞ​ങ്ങ​ൾ​ക്കു സി​നി​മ​യ​ല്ലാ​ത്ത ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളു​ണ്ട് പ​ങ്കു​വ​യ്ക്കാ​ൻ. ര​ഞ്ജി​ത്ത് എ​ന്‍റെ ന​ല്ല കൂ​ട്ടു​കാ​ര​നാ​ണ്, എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ കൂ​ട്ടു​കാ​ര​നാ​ണ്. മോ​ഹ​ൻ​ലാ​ലും മ​ഞ്ജു​വും അനൂപ് മേനോനും അഞ്ജലി മേനോനുമൊ​ക്കെ അ​ങ്ങ​നെ​യു​ള്ള കൂ​ട്ടു​കാ​രാ​ണ്.

അ​ടു​ത്ത പ്രോ​ജ​ക്ട്...‍?

തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. പത്രപ്രവർത്തനത്തിൽ ഇപ്പോഴത്തെ ജോ​ലി ത​രു​ന്ന സ്വ​സ്ഥ​ത സി​നി​മ ത​രി​ല്ല.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.