അരമണിക്കൂറിനുള്ളിൽ ദൈവം സമ്മാനിച്ച അത്ഭുതം
Friday, May 26, 2023 12:57 PM IST
തമിഴകത്തു നിന്നെത്തി മലയാളി മനം കീഴടക്കിയ നടനാണ് ഡോ.ബാല. വില്ലനായും നായകനായും സ്വഭാവ നടനായുമൊക്കെ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ ബാല സംവിധായക കുപ്പായവും അണിഞ്ഞു. അടുത്തിടെയാണ് അദ്ദേഹം കരള്‍രോഗബാധിതനായി ഗുരുതരാവസ്ഥയിലായത്.

നടന്‍റെ കരള്‍രോഗ വാര്‍ത്ത ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി. മരുന്നു മണക്കുന്ന ആശുപത്രി കിടക്കയില്‍ മൂന്നു തവണ മരണത്തെ മുഖാമുഖം കണ്ട ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഏപ്രില്‍ നാലിനാണ് വിജയകരമായി നടന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍.

ശസ്ത്രക്രിയ കഴിഞ്ഞ 44-ാമത്തെ ദിവസം കൊച്ചിയിലെ വീട്ടിലിരുന്ന് ദീപികയ്ക്കുവേണ്ടി അദ്ദേഹം ആ കറുത്ത ദിനങ്ങള്‍ ഓര്‍ത്തെടുത്തു. വൈദ്യശാസ്ത്രത്തിനു പോലും വിശ്വസിക്കാന്‍ കഴിയാത്ത അത്ഭുതകരമായ ആ തിരിച്ചുവരവില്‍ ദൈവത്തിന്‍റെ കൈയൊപ്പുണ്ടായിരുന്നു. അതൊടൊപ്പം അര്‍ഹര്‍ക്കായി അദ്ദേഹം എത്തിക്കുന്ന സഹായം സ്വീകരിച്ചവരുടെ പ്രാര്‍ഥനയും ഫലം കണ്ടു. പ്രിയപ്പെട്ടവരെ എന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി സ്നേഹിക്കുന്ന ആ ചെറുപ്പക്കാരന്‍ അര മണിക്കൂറില്‍ സംഭവിച്ച ആ മഹാത്ഭുതത്തെക്കുറിച്ച് പറയുന്നത് വായിക്കാം...



ചേച്ചി ചോദിച്ചു; നിങ്ങളുടെ സഹോദരനാണെങ്കില്‍ എന്തു ചെയ്യും

ഇത് വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ചെയ്ഞ്ച് ഉണ്ടാകും. ദൈവം ഇല്ല, അത്ഭുതം സംഭവിക്കില്ല എന്നൊക്കെ കരുതുന്നവരോടാണ് പറയുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഞാന്‍ ആശുപത്രിയിലായത്. അഡ്മിറ്റായപ്പോള്‍ പൊട്ടാസ്യം, അമോണിയം ലെവലില്‍ വലിയ തോതില്‍ വ്യത്യാസം ഉണ്ടായിരുന്നു.

ആശുപത്രി കിടക്കയില്‍ കിടന്ന് മൂന്നു തവണ മരണത്തെ മുഖാമുഖം കണ്ടു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു തീര്‍ച്ചപ്പെടുത്തി മരണത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. കരള്‍ മാറ്റിവയ്ക്കണമെന്ന് പറഞ്ഞയുടന്‍ ഡോണറെ ലഭിച്ചു. പക്ഷേ പെട്ടെന്നാണ് അവസ്ഥ മോശമായത്. ബിപി 40 ലേക്ക് താഴ്ന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കാതായി. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. പക്ഷേ, ഹൃദയം മാത്രം തുടിക്കുന്നുണ്ടായിരുന്നു.

ഓപ്പറേഷന് 15 ലിറ്റര്‍ രക്തം വേണമായിരുന്നു. പക്ഷേ അതിനു മുന്നേ 10 ലിറ്റര്‍ തീര്‍ന്നു. എന്‍റെ ശരീരത്തില്‍ കത്തിവയ്ക്കാന്‍ പാടില്ലായിരുന്നു. കത്തിവച്ചാല്‍ രക്തം നില്‍ക്കാത്ത അവസ്ഥ. ഈ അവസ്ഥയില്‍ ഓപ്പറേഷന്‍ നടക്കില്ലെന്നായി. ഡോണറോട് പോലും വരേണ്ടെന്നു പറഞ്ഞു. ചെന്നൈയില്‍ നിന്ന് ചേട്ടനും മറ്റു ബന്ധുക്കളുമൊക്കെ ആശുപത്രിയിലേക്ക് എത്തി.

സ്വിറ്റ്സര്‍ലൻഡിലുള്ള ചേച്ചി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഡോക്ടറുമായി സംസാരിച്ചു. ഈ അവസ്ഥയില്‍ ഏറെ നേരം മുന്നോട്ടു പോകാനാവില്ലെന്നു ഡോക്ടര്‍ ചേട്ടനേയും ചേച്ചിയെയും അറിയിച്ചു. എന്തു തീരുമാനം എടുക്കണമെന്നറിയാത്ത വിഷമാവസ്ഥയിലായിരുന്നു അവര്‍. ഏപ്രില്‍ രണ്ടിന് വെളുപ്പിന് എന്‍റെ ചേച്ചി ഡോക്ടറോട് ഒരു ചോദ്യം ചോദിച്ചത്. ' നിങ്ങളുടെ സഹോദരന് ഈ അവസ്ഥ ഉണ്ടായാല്‍ എന്തു ചെയ്യുമെന്ന്' ചേച്ചി ഡോക്ടറോടു ചോദിച്ചു. 1600 ലധികം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ള ആ ഡോക്ടര്‍ പറഞ്ഞത് 'മനസമാധാനമായി വിട്ടേക്കുമെന്നായിരുന്നു. കാരണം തിരിച്ച് വന്നാലും രോഗിക്ക് പഴയ അവസ്ഥയിലേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നു ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ അദ്ദേഹത്തെ സമാധാനത്തോടെ മരണത്തിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

നിങ്ങള്‍ പറഞ്ഞാല്‍ വെന്‍റിലേറ്റര്‍ ഓഫ് ചെയ്യാമെന്നും ഡോക്ടര്‍ ചേച്ചിയോടു പറഞ്ഞു. ഒന്നു കൂടി ആലോചിക്കാന്‍ ചേച്ചി രണ്ടു മണിക്കൂര്‍ സമയം ചോദിച്ചു. ആ നിമിഷം മുതല്‍ കാര്യങ്ങള്‍ ദൈവം മാറ്റിമറിക്കാന്‍ തുടങ്ങി എന്നു പറയാം. ബന്ധുക്കള്‍ എല്ലാവരുമായും ആലോചിച്ച് ഫോര്‍മാലിറ്റി കഴിഞ്ഞ് പബ്ലിക്കിനെ അറിയിക്കാമെന്നാണ് അവര്‍ കരുതിയത്.

പക്ഷേ, അര മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും എനിക്ക് മാറ്റം വന്നു തുടങ്ങി. അങ്ങനെ ഓരോ മണിക്കൂറും നിരീക്ഷിച്ചു. പത്തു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശസ്ത്രക്രിയ നടത്താം എന്നായി. ഉടന്‍ ഡോണറെത്തി. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ദൈവത്തിന്റെ ഇടപെടല്‍
ഉണ്ടായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 12 മണിക്കൂര്‍ കൊണ്ടാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. നൂറു ശതമാനം മാച്ചില്‍ ജേക്കബ് ജോസഫ് എന്ന വ്യക്തിയാണ് എനിക്കായി കരള്‍ പകുത്ത് നല്‍കിയത്. അദ്ദേഹവും സുഖം പ്രാപിച്ചുവരുന്നു.



ദൈവം തിരികെ കൊണ്ടുവന്നു

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് മാറ്റിവച്ചത്. സാധാരണഗതിയില്‍ ആറുമാസം എടുക്കും റിക്കവര്‍ ആകാന്‍. പക്ഷേ ഞാന്‍ നാല്‍പ്പതു ദിവസം കൊണ്ട് റിക്കവര്‍ ആയി. പത്ത് ദിവസം കൊണ്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. മറ്റുള്ളവര്‍ അത്ര വേഗത്തില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിടാറില്ല.

ഡോക്ടര്‍ തന്നെ ഇക്കാര്യം അത്ഭുതത്തോടെയാണ് പറഞ്ഞത്. നിങ്ങള്‍ എന്ത് ചെയ്തിട്ടാണ് ഇത്ര വേഗം റിക്കവര്‍ ആയത് എന്നു ചോദിച്ചു. ദൈവം എന്നെ തിരിച്ചുകൊണ്ടുവന്നു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ദൈവം ആണ് എന്നെ ഇവിടെ വരെ എത്തിച്ചത്. അത്തരം ഒരു അവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നപ്പോഴും അല്ലാത്തപ്പോഴും ഇന്നേവരെ ദൈവത്തെ കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല.



എനിക്കും ഡോക്ടറിനും സത്യം അറിയാം

എന്തുകൊണ്ട് ഇത് ബാധിച്ചു എന്നുള്ളത് എന്‍റെ മനസിന് വ്യക്തമായി അറിയാം. എന്‍റെ ഡോക്ടറിനും അതിന്‍റെ സത്യം അറിയാം. ഞാന്‍ അത് പറയുന്നില്ല, കാരണം അത് വിവാദങ്ങള്‍ ഉണ്ടാക്കും. അതില്‍ ലീഗല്‍ കാര്യങ്ങളുണ്ട്. ഞാന്‍ അത് പറഞ്ഞാല്‍ ഒരുപാട് ആളുകളുടെ പേരുകള്‍ പറയേണ്ടി വരും. ഒന്നു മാത്രം പറയാം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അവര്‍ അനുഭവിക്കും.

മുമ്പ് നന്നായി സ്ട്രെസ് ഉണ്ടായിരുന്നു. അത് ഒഴിവാക്കാനായി ഞാന്‍ മദ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് കരള്‍ പോയതല്ല. ഡ്രഗ്സിനെതിരെ കാമ്പയിന്‍ നടത്തിയ ആളാണ് ഞാന്‍. എനിക്ക് വരുന്ന പല മെസേജുകളിലും ഞാന്‍ ഡ്രഗ്സ് യൂസ് ചെയ്യരുത് എന്നാണ് സൂചിപ്പിക്കുന്നത്. ഞാന്‍ അതിനു റിപ്ലൈ കൊടുത്തിട്ടില്ല. കാരണം എന്നെ അറിയുന്നവര്‍ക്ക് കാര്യങ്ങള്‍ അറിയാം. ഞാന്‍ ചെയ്ത വീഡിയോ പോലും കാണാതെയാണ് കുറ്റപ്പെടുത്തുന്നത്. അതാണ് മനുഷ്യര്‍.

ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാപ്പുവിന്‍റെ വാക്കുകള്‍

അവസാന നിമിഷം ആഗ്രഹംവല്ലതും ഉണ്ടോയെന്നു ഡോക്ടര്‍ ചോദിച്ചിട്ടും ഞാന്‍ പറഞ്ഞില്ല. കാരണം വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത കാര്യമായിരുന്നു അത്. അതുകൊണ്ടുതന്നെ ആഗ്രഹം ആരോടും പറഞ്ഞില്ല. ഗുരുതരാവസ്ഥയിലായപ്പോഴാണ് മകളെ കാണണമെന്ന കാര്യം ഞാന്‍ ഒരു നഴ്സിനോട് പറഞ്ഞത്. എന്‍റെ ജീവിതത്തിലെ അവസാന നിമിഷം ആയിരുന്നല്ലോ അത്.

ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. മകള്‍ പാപ്പു(അവന്തിക) എന്നെ കാണാന്‍ ആശുപത്രിയിലെത്തി. 'ഐ ലവ് മൈ ഡാഡി സോ മച്ച് ഇന്‍ ദിസ് വേള്‍ഡ്', എന്നവള്‍ എന്നോടു പറഞ്ഞു. ഇനിയുള്ള കാലം ആ ഓര്‍മകളുമായി ഞാന്‍ ജീവിക്കും. പിറ്റേന്നും അവളെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ അവര്‍ വിദേശത്തേക്ക് പോയിരുന്നു. എന്‍റെ ഫാന്‍സും ഇക്കാര്യത്തില്‍ മെസേജിലൂടെ സഹായിച്ചു.



ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷം

ആത്മാര്‍ഥമായി സഹായിക്കാന്‍ പറ്റുന്നവരെയെല്ലാം ഞാന്‍ സഹായിച്ചിട്ടുണ്ട്. എന്നെ സ്നേഹിക്കുന്ന ഇത്രയധികം മലയാളികളുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. ജാതിമത ഭേദമില്ലാത്ത കുഞ്ഞുങ്ങളും മുതിര്‍ന്നവരും എനിക്കുവേണ്ടി പ്രാര്‍ഥിച്ചു. വഴിപാടുകള്‍ നടത്തി. ഞാന്‍ തിരിച്ചു വരുമെന്നുതന്നെയായിരുന്നു അവരുടെ വിശ്വാസവും പ്രാര്‍ഥനയും.

ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിഞ്ഞു. ഉണ്ണിമുകുന്ദനും ഞാനും തമ്മില്‍ വഴക്കുണ്ടായിരുന്നു. പക്ഷേ അവന്‍ എന്നെക്കാണാന്‍ ആശുപത്രിയില്‍ ഓടി വന്നു. അതല്ലേ മനുഷ്യത്വം. അത് കഴിഞ്ഞ് ഞാന്‍ അവനെ വിളിക്കാന്‍ നോക്കി. ഫോണില്‍ കിട്ടിയില്ല. ലാലേട്ടനും ടൊവിനോയും വിളിക്കാറുണ്ടായിരുന്നു. അമ്മ സംഘടനയില്‍ നിന്ന് ബാബുരാജും സുരേഷ് കൃഷ്ണയും ആശുപത്രിയില്‍ വന്നു.

പക്ഷേ എന്‍റെ നല്ല സമയത്ത് എന്നില്‍ നിന്നും സഹായം കൈപ്പറ്റിയ ചിലര്‍ ഞാന്‍ നല്‍കിയ സഹായത്തിന്‍റെ പേരില്‍ കള്ളം പ്രചരിപ്പിച്ചു. ജീവിക്കാന്‍ മാര്‍ഗമില്ലെന്നു പറഞ്ഞ് എന്‍റെ വാതില്‍ക്കല്‍ വന്നവര്‍ ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ എന്നെക്കുറിച്ച് കുറ്റം പറഞ്ഞു. ഞാന്‍ ജീവനോട് പോലും ഉണ്ടോയെന്ന് അവരാരും ചോദിച്ചില്ല.

കിട്ടിയ സമയം പാഴാക്കാതെ ചിലര്‍

ഞാൻ മരണത്തോട് മല്ലിടുന്ന സമയം മുതലാക്കിയ ചിലരും ഉണ്ടായി. എന്‍റെ ജാഗ്വര്‍ കാര്‍ അന്വേഷിച്ച് ആശുപത്രിയില്‍ എത്തിയവരും ഉണ്ട്. എന്‍റെ അടുത്ത ആളാണെന്ന് പറഞ്ഞ് ഫ്ളാറ്റിലെത്തി സെക്യൂരിറ്റിയുടെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി വസ്ത്രങ്ങളും മറ്റും കൊണ്ടുപോയവരുമുണ്ട്. അവരെ എന്‍റെ സുഹൃത്തുക്കള്‍ കൈയോടെ പൊക്കി. ഞാന്‍ ഒരിക്കല്‍ പോലും ചിന്തിക്കാത്തവരാണ് ഇത് ചെയ്തത്.



പുതിയ ചിത്രം അടുത്ത മാസം

എന്‍റെ പുതുജീവിതത്തില്‍ അഭിനയത്തിലേക്ക് തിരിച്ചുവരാനുളള ഒരുക്കത്തിലാണ് ഞാന്‍. രണ്ടുമൂന്നു പടങ്ങള്‍ സൈന്‍ ചെയ്തു കഴിഞ്ഞു. അടുത്ത മാസം പത്തിന് ഒരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങും. വലിയൊരു സംവിധായകന്‍റെ ചിത്രമാണത്. ഞാന്‍ ഇതുവരെ ചെയ്യാത്ത സ്പെഷല്‍ കാരക്ടര്‍ ആണത്. എക്സൈറ്റിംഗ് ആയിട്ടുള്ള അതിന്‍റെ അനൗണ്‍സ്മെന്‍റ് വരുംദിവസങ്ങളിലുണ്ടാകും.

ഇനി ആക്ഷന്‍ സിനിമകളും പ്രതീക്ഷിക്കാം. ബിഗ് ബി പോലുള്ള എവര്‍ഗ്രീന്‍ ചിത്രത്തിന്‍റെ ഭാഗമാകാനുള്ള താല്‍പര്യമുണ്ട്. പൃഥ്വിരാജ്, ടൊവിനോ, പിന്നെ ഞാനുമായി വഴക്കുള്ള ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനും മോഹമുണ്ട്.

സൈബര്‍ അറ്റാക്ക് ശ്രദ്ധിക്കാറില്ല

ഞാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്നെക്കുറിച്ചു വരുന്ന വീഡിയോകള്‍ കാണാറില്ല. ഒരു ഇന്‍റര്‍വ്യൂ കൊടുക്കുമ്പോള്‍ ആ വ്യക്തിക്ക് ഒരു സെന്‍സര്‍ ബോര്‍ഡ് ആവശ്യമാണ്. അതുപോലെ തന്നെ എഴുതുന്ന വ്യക്തിക്കും അയാളുടെ പേനയുടെ തുമ്പത്ത് ഒരു സെന്‍സര്‍ ബോര്‍ഡ് വേണം. കാര്യങ്ങള്‍ സ്മൂത്തായി മെയിന്‍റെയ്ന്‍ ചെയ്യാന്‍ അതാണ് ഉചിതം.

സൈബര്‍ അറ്റാക്കില്‍ മുമ്പൊക്കെ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ വിഷമമില്ല, കാരണം അതിനോട് പ്രതികരിക്കാന്‍ പോയിട്ടില്ല. ആരെയാണോ ജനത്തിന് കൂടുതല്‍ ഇഷ്ടം അവരെയാണ് കൂടുതല്‍ ട്രോള്‍ ചെയ്യുന്നതെന്ന് പൃഥ്വിരാജും സുരാജ് വെഞ്ഞാറുമുടും പറയാറുണ്ട്.

സീമ മോഹന്‍ലാല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.