ഗംഗ മീരയ്ക്ക് ആഘോഷപ്പൂക്കാലം
Wednesday, April 12, 2023 2:25 PM IST
കലാലയദിനങ്ങളിലെപ്പൊഴോ നാടകത്തോടുണ്ടായ ഇഷ്ടമാണ് തിരുവല്ലാക്കാരി ഗംഗ മീരയെ സിനിമയിലെത്തിച്ചത്. ജോലി ഉപേക്ഷിച്ച് ഓഡിഷനുകള്‍ക്കു പിന്നാലെ പോയതു വെറുതെയായില്ല. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം, ജാന്‍ എ മന്‍ ...ഗംഗയുടെ സ്ക്രീന്‍പ്രയാണം പൂക്കാലത്തിലെത്തുമ്പോള്‍ ഗണേഷ്‌രാജ് നല്കിയതു നിര്‍ണായകവേഷം.

ആനന്ദത്തിന്‍റെ ഡയറക്ടര്‍ എന്നെ വിളിക്കുന്നു എന്നതായിരുന്നു സര്‍പ്രൈസ്. പൂക്കാലത്തിലും വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങളില്ല. ഇതിലെ എല്‍സമ്മ ചലഞ്ചിംഗ് ആയിരുന്നു. കാരണം, ഇത്രയും ഇമോഷണലായ വേഷം മുമ്പു ചെയ്തിരുന്നില്ല - ഗംഗ മീര പറഞ്ഞു.



ആദ്യ ഹിറ്റ് ജാന്‍ എ മന്‍

പാഷനായിട്ടും അഭിനയം കരിയറാക്കാന്‍ വീട്ടില്‍ സമ്മതമല്ല എന്ന അവസ്ഥയായിരുന്നു പഠനകാലത്ത്. കോഴിക്കോട്ട് ജോലി ചെയ്യുമ്പോള്‍ സിനിമയില്‍ ട്രൈ ചെയ്തില്ലെങ്കില്‍ പിന്നീടു വ്യസനിക്കേണ്ടി വരുമെന്നു തോന്നി. കൊച്ചിയിലേക്കു ജോലി മാറിവന്നു. ഓഡിഷനുകള്‍ക്കു പോയിത്തുടങ്ങി.

വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരനിലാണു തുടക്കം. ടെലിവിഷനില്‍ മറിമായം, തട്ടീംമുട്ടീം പരിപാടികളില്‍ ഗസ്റ്റ് വേഷങ്ങൾ. അഞ്ജലി മേനോന്‍റെ കൂടെ റിലീസായതോടെ ഇന്‍ഫോപാര്‍ക്കിലെ ജോലി രാജിവച്ചു.



ശ്രദ്ധിക്കപ്പെട്ടത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലാണ്. ഭാസ്കരൻ പൊതുവാളിനെ പരിചരിക്കാന്‍ വരുന്ന നോര്‍ത്ത് ഇന്ത്യന്‍ നഴ്സിന്‍റെ വേഷം. അതിന്‍റെ കാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസ് ആര്‍ക്കറിയാം സിനിമയില്‍ സൈജു കുറുപ്പിന്‍റെ ഭാര്യാവേഷം തന്നു. അതും നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രം.

തുടര്‍ന്ന് ചിദംബരത്തിന്‍റെ ജാന്‍ എ മനില്‍ അര്‍ജുന്‍ അശോകന്‍റെ അമ്മവേഷം. ചിദംബരം, ഗണപതി, ബാലു വര്‍ഗീസ്, അര്‍ജുന്‍...എല്ലാവരും ചെറുപ്പക്കാര്‍, സുഹൃത്തുക്കള്‍. ഹിറ്റ് സിനിമയില്‍ ആദ്യാവസാനമുള്ള വേഷം. അതായിരുന്നു അതിന്‍റെ പ്ലസ്.



പൂക്കാലം

ജാന്‍ എ മന്‍ വേഷമാണ് പൂക്കാലത്തിലേക്കു വഴിതുറന്നത്. ഗണേഷും ആനന്ദ് സി. ചന്ദ്രനും...പിന്നണിയില്‍ ആനന്ദം ടീം. ആ ക്വാളിറ്റിയില്‍ പടം വരുമെന്ന് ഉറപ്പായിരുന്നു. എന്‍റെ കഥാപാത്രം എല്‍സമ്മ, വിജയരാഘവന്‍ അവതരിപ്പിക്കുന്ന, ഇച്ചാപ്പന്‍ എന്ന് എല്ലാവരും വിളിക്കുന്ന ഇട്ടൂപ്പിന്‍റെ ഇളയമകളാണ്.

വേണുച്ചനാണ് എല്‍സമ്മയുടെ ഭര്‍ത്താവ്. വളരെ സാധുവാണ്. അവരുടേത് ഇന്‍റര്‍കാസ്റ്റ് മാര്യേജാണ്. അബുസലിമാണ് വേണുച്ചനായി വേഷമിട്ടത്. മുമ്പ് ഇങ്ങനെയൊരു വേഷത്തില്‍ അദ്ദേഹത്തെ ആരും കണ്ടിട്ടുണ്ടാവില്ല. ഇച്ചാപ്പന്‍ വേണുച്ചനെ അത്രകണ്ട് സ്വീകരിച്ചിട്ടൊന്നുമില്ല. കുടുംബസ്ഥയായ എല്‍സമ്മയാണ് അവരുടെ ഇടയിലെ പാലം.

മകള്‍ എല്‍സിയുടെ കല്യാണം നടത്താനാണ് വേണുച്ചനും എല്‍സമ്മയും ഗള്‍ഫില്‍ നിന്നു തിരിച്ചുവന്നത്. ശരത് സഭയാണ് ഇവരുടെ മകന്‍ ഫാ. ഗബ്രിയേലായി വേഷമിട്ടത്. എല്‍സിയായി അന്നുവും.



എൽസമ്മ

ഞാനും എല്‍സമ്മയും തമ്മില്‍ പ്രായത്തില്‍ തന്നെ വലിയ അന്തരമുണ്ട്. പിന്നെ, ജീവിതാനുഭവങ്ങളിലും. എല്‍സമ്മയുടെ ഇമോഷണല്‍ സൈഡ് അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി. ഇച്ചാപ്പന്‍ പ്രായമുള്ള ആളായതിനാല്‍ കുടുംബക്കാര്‍ക്ക് പറയാനുള്ളതൊക്കെ എല്‍സമ്മ വഴിയാണ് അറിയിച്ചിരുന്നത്.

പല സന്ദര്‍ഭങ്ങളിലും ഇച്ചാപ്പനെ എതിരേടേണ്ടി വരുന്നത് എല്‍സമ്മയാണ്. ഈ കഥ തുടങ്ങുന്നതു തന്നെ എല്‍സിയുടെ കല്യാണത്തിലാണ്. അതിന്‍റെ തത്രപ്പാട് വേറൊരുഭാഗത്ത്. ഇച്ചാപ്പനും വേണുച്ചനും ചേര്‍ന്നുപോകാത്തതിന്‍റെ വിഷമവും അവരെ ഒന്നിപ്പിക്കാനുള്ള ശ്രമവുമുണ്ട്. അങ്ങനെ കുറേയധികം ഇമോഷനുകളിലൂടെ കടന്നുപോകുന്ന കഥാപാത്രം.



എന്‍റെ ആശ്വാസവും ആത്മവിശ്വാസവും എന്തു സംശയവും തീർത്തുതരുന്ന ഗണേഷായിരുന്നു. ഏറ്റവും കംഫര്‍ട്ട് ലെവലില്‍ നിര്‍ത്തി നമ്മുടെ ഉള്ളില്‍നിന്ന് മികച്ച ഔട്ട്പുട്ട് എടുക്കാന്‍ ഗണേഷിനറിയാം. നൂറു വയസുള്ള ഇട്ടൂപ്പിന്‍റെ വേഷം ചെയ്യുന്ന വിജയരാഘവനൊപ്പം കോംബിനേഷന്‍ ചെയ്യാന്‍ തുടക്കത്തില്‍ എനിക്കു പേടിയുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ പാലമിട്ടതു ഗണേഷാണ്. പിന്നീടങ്ങോട്ട് അതു വിജയരാഘവനല്ല, ഇച്ചാപ്പനാണെന്ന തോന്നലായി.

നൂറു വയസുള്ള ഇച്ചാമ്മയായി വേഷമിട്ട കെപിഎസി ലീലയും അസാധാരണ എനര്‍ജി ലെവലുള്ള നടിയാണ്. ഗണേഷ് ഇന്നതാണു സീന്‍ എന്നുമാത്രം പറഞ്ഞാല്‍ മതി. ഏതു ഡിഗ്രിയില്‍ വേണമെങ്കിലും വേണ്ടത് അവിടെ കിട്ടും. രാധ ഗോമതിയാണ് എല്‍സമ്മയുടെ ജ്യേഷ്ഠത്തിയായി വേഷമിട്ടത്.



കോമഡി ചെയ്യുന്പോൾ

എന്‍റെ തടിച്ച ശരീരപ്രകൃതം ഒരിക്കലും മൈനസായി തോന്നിയിട്ടില്ല. പല കഥാപാത്രങ്ങൾക്കും അതു തികച്ചും യോജിക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ, ഇപ്പോഴത്തെ സിനിമാ സങ്കല്പങ്ങളില്‍ ആർട്ടിസ്റ്റിനെ ലിമിറ്റ് ചെയ്യുന്ന കാര്യങ്ങളില്‍ കുറവു വന്നിട്ടുമുണ്ട്.

കോമഡി ചെയ്യുമ്പോഴാണ് കൂടുതല്‍ ആത്മവിശ്വാസം. ചിരിക്ക് എന്നും മാര്‍ക്കറ്റുണ്ട്. പക്ഷേ, കോമഡി ചെയ്യാന്‍ അത്ര എളുപ്പമല്ല. വെറുതെ എന്തെങ്കിലും പറഞ്ഞാല്‍ മലയാളിയെ ചിരിപ്പിക്കാനാവില്ല. കലര്‍പ്പില്ലാത്ത നര്‍മബോധം ആക്ടറിലുണ്ടാവണം.



കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ, സ്താനാര്‍ത്തി ശ്രീക്കുട്ടന്‍

വിനയ് ഫോര്‍ട്ട് നായകനായ ഫാമിലി ഡ്രാമ സോമന്‍റെ കൃതാവ്, ഹൊറര്‍ ഫാന്‍റസി കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ, സ്താനാർത്തി ശ്രീക്കുട്ടൻ എന്നിവയാണ് അടുത്ത റിലീസുകൾ. സോമന്‍റെ കൃതാവിലും പ്രായമുള്ള വേഷമാണ്.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിൽ ഇന്ദ്രജിത്ത്, നൈല ഉഷ, പ്രകാശ്രാജ്, ബാബുരാജ്, സരയൂ എന്നിവര്‍ക്കൊപ്പമാണ് അഭിനയിച്ചത്. സ്താനാർത്തി ശ്രീക്കുട്ടനിൽ ഏഴാം ക്ലാസ് കുട്ടികളുടെ ടീച്ചറാണ്. തുടക്കമായതിനാല്‍ വരുന്ന ഏതു കഥാപാത്രവും എനിക്കു പുതിയതാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.