മനസുകളില്‍ വരവായി പൂക്കാലം!
Tuesday, March 21, 2023 10:46 AM IST
ഏഴു പുതുമുഖങ്ങളിലൂടെ കോളജ് ലൈഫിന്‍റെ കഥ പറഞ്ഞ ആനന്ദത്തിനുശേഷം നൂറിനടുത്തു പ്രായമുള്ള ദമ്പതികളുടെ കഥ പറയുന്ന പൂക്കാലവുമായി വരികയാണ് സംവിധായകന്‍ ഗണേഷ്‌രാജ്. മായത്തട്ടകത്തു വീട്ടിലെ ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടെയും അവരുടെ വലിയ കുടുംബത്തിന്‍റെയും കഥയാണു പൂക്കാലം. അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളാണു സിനിമ. വിജയരാഘവനും കെപിഎസി ലീലയുമാണ് നായകനും നായികയും.

‘വലിയ കുടുംബങ്ങളെപ്പറ്റിയുള്ള സിനിമകള്‍ ഇപ്പോള്‍ കുറവാണ്. അങ്ങനെയൊരു സിനിമ ഇപ്പോള്‍ വന്നാല്‍ രസകരമാകുമെന്നും പുതുമയുണ്ടാകുമെന്നും തോന്നി’ - ഗണേഷ് രാജ് പറഞ്ഞു.



സന്തോഷപ്പൂക്കാലം

ആനന്ദം കഴിഞ്ഞ ഉടന്‍ മറ്റൊരു മൂഡിലുള്ള സിനിമ ചെയ്യാന്‍ രണ്ടരവര്‍ഷത്തെ ശ്രമം നടത്തിയെങ്കിലും ചില സാങ്കേതിക പ്രയാസങ്ങള്‍ കാരണം നടന്നില്ല. അപ്പോഴാണ് ആനന്ദത്തിനു മുമ്പേ മനസിലുണ്ടായിരുന്ന ഒരു കഥയിലേക്ക് എത്തിയത്. വേറൊരു രാജ്യത്തു നടന്ന കഥയാണ്. പത്രത്തില്‍ വായിച്ചതാണ്. അതെടുത്തു നമ്മുടെ നാട്ടില്‍ സെറ്റ് ചെയ്താല്‍ രസമായിരിക്കും എന്നു തോന്നി. ആ കഥ വിടാതെ അലട്ടുന്നുണ്ടായിരുന്നു. പ്രൊഡ്യൂസര്‍ വിനോദ് ഷൊര്‍ണൂരിനും കഥ ഇഷ്ടമായി. അതാണു പൂക്കാലം. ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് വന്നു.

സ്ക്രിപ്റ്റില്‍ മിനുക്കുപണികള്‍ തുടര്‍ന്നു. 2022 ഏപ്രിലില്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, പൈക ഭാഗങ്ങളിലായി ഷൂട്ടിംഗ് തുടങ്ങി. പൈകയിലുള്ള ഒരു വീടാണ് കഥയിലെ പ്രധാന വീടായി ഉപയോഗിച്ചത്.

ആദ്യം കുറച്ചു സീരിയസായ ഒരു പേരായിരുന്നു. പക്ഷേ, അതു മറ്റൊരു സംവിധായകന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ പേര് തേടിയ സമയത്താണ് ഒരു റിസോര്‍ട്ടിനു സമീപം കുറേ പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നതു കണ്ടത്. അപ്പോള്‍ മനസില്‍ തോന്നിയ പേരാണു പൂക്കാലം.



പേരിനനുസരിച്ച് പടത്തിന്‍റെ സ്വഭാവം ചെറുതായി മാറി. തിരക്കഥയിലും ചെറിയ മാറ്റംവരുത്തി. പൂക്കാലം വളരെ സന്തോഷം തരുന്ന സമയമാണ്. പുതിയ തുടക്കങ്ങളുടെയും സമയമാണ്.
മായത്തട്ടകത്തു കുടുംബത്തില്‍ നടക്കുന്ന ഒരു സംഭവത്തെത്തുടര്‍ന്ന് അവിടെയുള്ളവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നുവെന്നും അതില്‍നിന്ന് അവര്‍ എന്തൊക്കെ പഠിക്കുന്നുവെന്നും പറയുന്ന ഫീല്‍ഗുഡ് ഹാപ്പി ഫാമിലി ഫിലിമാണു പൂക്കാലം.

ഏഴെട്ടു വയസുള്ള പയ്യന്‍ മുതല്‍ നൂറിനടുത്തു പ്രായമുള്ളവര്‍ വരെ ഈ കഥയിലുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ ലോകമുണ്ട്, അവരുടേതായ കഥയുണ്ട്. പ്രായമുള്ളവരുടെ ജീവിതം, അവരുടെ ശുണ്ഠികള്‍, ചെറിയ ചെറിയ കാര്യങ്ങള്‍... ഇതൊക്കെ കുടുംബത്തിലെ ബാക്കിയുള്ളവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സിനിമ പറയുന്നു.



നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സിനിമ....അതാണു പൂക്കാലത്തിന്‍റെ പുതുമ.

ഈ സിനിമയില്‍ നാല് ഇരട്ടകളുണ്ട്. രണ്ട് ആണുങ്ങളും രണ്ടു പെണ്ണുങ്ങളും. ഇവരുടേത് നാല്പതു വയസിനടുത്തുള്ള കഥാപാത്രങ്ങളാണ്. സിനിമയില്‍ അവര്‍ വിവാഹിതരുമാണ്. രണ്ട് ട്വിന്‍സ് രണ്ടു ട്വിന്‍സിനെ വിവാഹം ചെയ്താല്‍ എന്താണു സംഭവിക്കുന്നതെന്തെന്നു രസകരമായി പറയുന്നുണ്ട്. ഓഡീഷനിലൂടെ കിട്ടിയ കാവ്യ- നവ്യ, അമല്‍ -കമല്‍ എന്നിവരാണ് ആ വേഷങ്ങളിൽ.



അന്നു, അരുണ്‍, റോഷന്‍

ആനന്ദത്തിലെ അന്നു നല്ല ആര്‍ട്ടിസ്റ്റാണ്. ഹൃദയത്തില്‍ ചെയ്ത മായ എന്ന കഥാപാത്രം നല്ല അഭിപ്രായം നേടിയിരുന്നു. അന്നുവിനുവേണ്ടി ത്രൂഔട്ട് കഥാപാത്രം എഴുതണം എന്ന ആഗ്രഹം പൂക്കാലത്തിലെ എല്‍സിയില്‍ സഫലമായി. അന്നുവിന്‍റെ പാര്‍ട്ണറായിട്ടാണ് അരുണ്‍ കുര്യന്‍ വരുന്നത്. ആ ഫാമിലിയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി റോഷന്‍ മാത്യു എത്തുന്നു.

കാമറയുടെ പിന്നിലുള്ളവരും ഏറെക്കുറെ ആനന്ദത്തില്‍ ഉള്ളവര്‍ തന്നെ. കാമറ ആനന്ദ് സി. ചന്ദ്രന്‍. സംഗീതം സച്ചിന്‍ വാര്യര്‍. കൈതപ്രം, റഫീക് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരെഴുതിയ അഞ്ചു പാട്ടുകളുണ്ട്. കെ.എസ്.ചിത്ര ഉള്‍പ്പെടെയുള്ളവര്‍ പാടിയിട്ടുണ്ട്.



ഇട്ടൂപ്പ്

100 വയസുള്ള ഇട്ടൂപ്പായി അഭിനയിക്കാന്‍ വിജയരാഘവന്‍റെ പേരുവന്നപ്പോള്‍ പലരോടും ചോദിച്ചു. ഇതിനേക്കാള്‍ നല്ല ഓപ്ഷന്‍ ഉണ്ടാവില്ല, അദ്ദേഹം കൂടെ നില്‍ക്കും എന്നായിരുന്നു മറുപടി. കഥയില്‍ അദ്ദേഹത്തിനു താത്പര്യമായി. പ്രായമുള്ള കഥാപാത്രം അദ്ദേഹവും ആഗ്രഹിച്ചിരുന്നു. ധാരാളം ഇന്‍പുട്സ് അദ്ദേഹത്തില്‍ നിന്നു കിട്ടി.

90 വയസിനു മുകളിലുള്ള ജീവിതം എന്തെന്നറിയാന്‍ അദ്ദേഹം തന്നെ ആ പ്രായത്തിലുള്ളവരെ കണ്ടു, നിരീക്ഷിച്ചു. ഊന്നുവടിയുടെ നീളം വരെ ട്രയല്‍ ചെയ്താണ് എടുത്തത്. പുരികം, താടി, മുടി, മൂക്ക്, ചെവി...ഇതെല്ലാം എങ്ങനെയാവണം എന്നുവരെ റിസേര്‍ച്ച് നടത്തി.



പെര്‍ഫോം ചെയ്യുമ്പോള്‍ ചെറിയ എക്സ്പ്രഷനുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും എന്നതിനാല്‍ പ്രോസ്തറ്റിക്സ് മുഖത്ത് ഒട്ടിച്ചുവച്ച് അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. മുഖം അതേപടി നിലനിര്‍ത്തി പ്രോസ്തെറ്റിക്സ് ഉപയോഗിക്കാതെയുള്ള മേക്കപ്പ് ടെക്നിക്സ് വരുത്തിയാണ് റോണക്സ് ഈ പ്രായം എത്തിച്ചത്. ചെവിയുടെ ഭാഗത്തു മാത്രമാണ് ആകെക്കൂടി പ്രോസ്തെറ്റിക്സ് ഉപയോഗിച്ചത്.

ആര്‍ട്ടിസ്റ്റുകള്‍ക്കു പരമാവധി സ്വാതന്ത്ര്യം നല്കി അവര്‍ എക്സ്പ്ലോര്‍ ചെയ്ത് അഭിനയിക്കുന്ന രീതിയാണ് എനിക്കിഷ്ടം. രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ആ ഫ്ളോ കിട്ടി. പിന്നീട് അദ്ദേഹം അത് എന്‍ജോയ് ചെയ്യുകയായിരുന്നു.



കൊച്ചുത്രേസ്യാമ്മ

നൂറിനടുത്താണ് കൊച്ചുത്രേസ്യാമ്മയുടെ പ്രായം. ആ വേഷത്തിനു പറ്റിയ ആര്‍ട്ടിസ്റ്റിനായുള്ള അന്വേഷണത്തിലാണ് ജയരാജിന്‍റെ രൗദ്രത്തില്‍ ജൂറി പുരസ്കാരം നേടിയ കെപിഎസി ലീലയെക്കുറിച്ച് അറിഞ്ഞത്.

നസീറിനും സത്യനുമൊപ്പം സിനിമകള്‍ ചെയ്തിരുന്ന ലീല അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം രൗദ്രത്തിലൂടെയാണു തിരിച്ചുവന്നത്. എന്‍റെ മനസിലെ കൊച്ചുത്രേസ്യാമ്മയെ ലീലയില്‍ കാണാനായി. അമ്പതുകളിലും അറുപതുകളിലും കെപിഎസിയുടെ ലീഡ് ആര്‍ട്ടിസ്റ്റായിരുന്നു.



വേഷത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ന്യൂജെന്‍ പുതുമുഖത്തിനുണ്ടാകുന്ന അതേ ആവേശം. ഡയലോഗുകള്‍ കാണാതെ പഠിച്ചിട്ടാണ് അവർ സെറ്റിലെത്തിയത്. കാമറയ്ക്കു വേണ്ടി പെര്‍ഫോം ചെയ്യാന്‍ അറിയാമോ, കണ്ടിന്യൂയിറ്റി കിട്ടുമോ...ഈ വക ടെന്‍ഷനുകള്‍ ഒപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഇല്ലായിരുന്നു. വിജയരാഘവനും ലീലയും സെറ്റിലെത്തും മുമ്പേ പരിചയപ്പെട്ടു, സുഹൃത്തുക്കളായി.

കുട്ടിക്കാലത്ത് അദ്ദേഹം അച്ഛനൊപ്പം അവരുടെ നാടകങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്. അവര്‍ തമ്മില്‍ സെറ്റിലും നല്ല കെമിസ്ട്രിയിലായി. പരസ്പരം സഹായകമായ രീതിയില്‍ പെര്‍ഫോം ചെയ്തു.



വിനീത്, ബേസില്‍

ഒരു കഥാപാത്രം എഴുതിവന്നപ്പോള്‍ അത് വിനീത് ശ്രീനി വാസൻ ചെയ്താലേ ശരിയാവൂ എന്നു തോന്നി. വ്യക്തിപരമായി അടുത്തറിയാവുന്നവര്‍ക്കു പരിചയമുള്ള ഒരു വീനീതുണ്ട്. ആ രീതിയിലുള്ള കഥാപാത്രമാണ് ഇതിൽ ചെയ്തത്.

തിരയിൽ ഞാനും ബേസിലും വിനീതിന്‍റെ അസിസ്റ്റന്‍റ്സ് ആയിരുന്നു. കഥാപാത്രം ഇഷ്ടമായിട്ടാണ് ബേസില്‍ ഇതില്‍ അഭിനയിച്ചത്.



ജോണി ആന്‍റണി, ജഗദീഷ്, അരിസ്റ്റോ സുരേഷ് തുടങ്ങിയവരുമുണ്ട്. പഞ്ചപാവമായ അബുസലിമിനെ പൂക്കാലത്തില്‍ കാണാം. ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടെയും മൂത്ത മകളായി സരസ ബാലുശേരി വേഷമിടുന്നു. അഞ്ജലി മേനോന്‍റെ വണ്ടര്‍ വുമണില്‍ അഭിനയിച്ച രാധ ഗോമതി, ജാനേ മനില്‍ അര്‍ജുന്‍ അശോകന്‍റെ അമ്മയായി വേഷമിട്ട ഗംഗ മീര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു - ഗണേഷ് രാജ് പറഞ്ഞു.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.