വിവാദം വിൽക്കുന്ന സിനിമയല്ല മാളികപ്പുറം: അഭിലാഷ് പിള്ള
Monday, October 10, 2022 3:29 PM IST
ഇൻവെസ്റ്റിഗേഷന്‍ ത്രില്ലര്‍ കഡാവർ, സര്‍വൈവല്‍ ത്രില്ലര്‍ നൈറ്റ് ഡ്രൈവ്, റിയല്‍ സ്റ്റോറിയില്‍നിന്നു രൂപപ്പെടുത്തിയ പത്താംവളവ്... ക്രൈം, ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങിയ സ്ഥിരം ജോണറുകളില്‍നിന്നു മാറി അഭിലാഷ് പിള്ള എഴുതിയ സിനിമയാണ് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം.

‘ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ ഫീല്‍ഗുഡ് എന്നു തോന്നാമെങ്കിലും ഫാന്‍റസി, ത്രില്ലർ, ഇമോഷൻ, ഫാമിലി, മാസ്, ഫൺ...തുടങ്ങി എല്ലാ ചേരുവകളുമുള്ള പക്കാ കൊമേഴ്സ്യല്‍ സിനിമയാണ്. എന്‍റെ മറ്റു സിനിമകളില്‍ നിന്നു വ്യത്യസ്തമായ ഒരു ത്രില്ലർ. പ്രേക്ഷകരെ തിയറ്ററിനുള്ളില്‍ ത്രില്ലടിപ്പിക്കുന്ന ഒരു മാസ് പരിപാടി ഇതിലുണ്ട്. ’ -അഭിലാഷ്പിള്ള പറയുന്നു.



കല്യാണിയുടെ സൂപ്പർ ഹീറോ

ഭക്തി എന്നതിലുപരി കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പര്‍ഹീറോയുടെയും കഥയാണിത്. അവൾക്ക് ഒരു സൂപ്പർ ഹീറോയെ ഉള്ളൂ...അത് അയ്യപ്പനാണ്.

അയ്യപ്പനും ആ കുട്ടിയും തമ്മിലുള്ള ഒരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിമുണ്ട് ഈ കഥയിൽ. പിന്നീടു പല പ്രശ്നങ്ങളുമായും ബന്ധപ്പെടുത്തിയാണു കഥാസഞ്ചാരം. ഇതില്‍ മാളികപ്പുറം എന്ന പേരും ശബരിമലയും കഥാപാത്രങ്ങളായി വരുന്നുണ്ട്. എന്നാൽ, ഇത് മാളികപ്പുറത്തമ്മയുടെയോ ശബരിമല അയ്യപ്പന്‍റെയോ കഥയല്ല. ഈ കഥ പറയുന്നതു വര്‍ത്തമാനകാലത്തിലാണ്.



വിഷ്ണുവും ഞാനും തമ്മില്‍

നാലഞ്ചു വര്‍ഷത്തെ സഹോദരതുല്യമായ ബന്ധമാണ് ശശിശങ്കറിന്‍റെ മകന്‍ വിഷ്ണുവും ഞാനും തമ്മിൽ. ശശിശങ്കറുമായി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എഡിറ്ററായിരുന്നുവെങ്കിലും സംവിധാനമായിരുന്നു വിഷ്ണുവിന്‍റെ മനസിൽ. അങ്ങനെ കുറേ പടങ്ങളില്‍ അസിസ്റ്റന്‍റായി.

കഡാവറില്‍ അസോസിയേറ്റായി. പത്താംവളവില്‍ സംവിധായകൻ പദ്മകുമാര്‍ വിഷ്ണുവിനെ ഒപ്പംകൂട്ടി. പത്താംവളവിന്‍റെ സമയത്തും ഞങ്ങളുടെ മനസില്‍ സിനിമയുണ്ട്. അവന്‍ സംവിധാനം ചെയ്യണം, ഞാനത് എഴുതാം എന്ന പ്ലാനില്‍ രണ്ടു മൂന്നു വര്‍ഷമായി യാത്രകളുണ്ട്.

കോവിഡിനു മുന്നേതന്നെ മാളികപ്പുറത്തിന്‍റെ ആശയം മനസിലുണ്ടായിരുന്നു. പിന്നീടാണ് അതു സ്ക്രിപ്റ്റായതും പ്രോഡ്യൂസ് ചെയ്യാനെത്തിയ ആന്‍റോ ജോസഫ്, വിഷ്ണുതന്നെ സംവിധാനം ചെയ്യട്ടെ എന്നു നിര്‍ദേശിച്ചതും.



ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ വലിയ സിനിമകളായ മല്ലു സിംഗിന്‍റെയും മാമാങ്കത്തിന്‍റെയും നിര്‍മാതാക്കള്‍ ആന്‍റോ ജോസഫും വേണു കുന്നപ്പിള്ളിയും ഒന്നിക്കുന്ന പടമാണ് മാളികപ്പുറം. ഇത് എഴുതുമ്പോള്‍ എന്‍റെ മനസിലുള്ള കഥാപാത്രത്തിന് ഉണ്ണിയുടെ മുഖമായിരുന്നു.

കഥ കേട്ടപ്പോള്‍ത്തന്നെ വലിയ അയ്യപ്പഭക്തനായ ഉണ്ണി ഇതില്‍ താത്പര്യമറിയിച്ചു. സിനിമ ഇറങ്ങി കുറേ നാളത്തേക്ക് ഉണ്ണി അറിയപ്പെടുക മാളികപ്പുറത്തിന്‍റെ പേരിലാവും. ആ കഥാപാത്രം ആളുകളുടെ മനസില്‍ നില്‍ക്കും. കുട്ടികള്‍ക്കും ഫാമിലിക്കും ഇന്നത്തെ ചെറുപ്പക്കാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. അങ്ങനെയുള്ളതാണ് ആ കഥാപാത്രം.



ദേവനന്ദ, ശ്രീപഥ്

കല്യാണിയാകുന്നതു ദേവനന്ദ. കല്യാണിയുടെ കൂടെ പഠിക്കുന്ന കുട്ടിയുടെ വേഷത്തില്‍ ശ്രീപഥ്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിനു വേണ്ടി അവള്‍ ഇറങ്ങുമ്പോള്‍ ഒപ്പംകൂടുന്ന കഥാപാത്രമാണ് ഉണ്ണിയുടേത്. അത് എന്താണ്, ഏതാണ്, എങ്ങനെയാണ് എന്നുള്ളതാണ് സിനിമ.

മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരൻ, വിക്രം ഫെയിം സമ്പത്ത് റാം, രഞ്ജിപണിക്കര്‍, ടി.ജി. രവി ...വലിയ താരനിര തന്നെയുണ്ട്.



യാത്രയുടെ ഭാഗങ്ങള്‍ വരുന്ന രണ്ടാംപകുതിയില്‍ കാടിന്‍റെ പശ്ചാത്തലത്തിലാണു കഥ പറയുന്നത്. മലയാള സിനിമ അധികം ഉപയോഗിക്കാത്ത ഒരു ലൊക്കേഷന്‍ ഇതിനായി കണ്ടെത്തി. അതു സിനിമയുടെ വിഷ്വല്‍ ക്വാളിറ്റി ഉയര്‍ത്തിയിട്ടുണ്ട്. ശബരിമലയുടെയും കാടിന്‍റെയും ദൃശ്യഭംഗി പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. തിയറ്ററില്‍ ആളുകള്‍ക്ക് അതൊരനുഭവം തന്നെയാവും.

മനസില്‍ കണ്ടതല്ല..!

മാളികപ്പുറം എന്ന ടൈറ്റില്‍ കേട്ട് ഇതു വിവാദ സബ്ജക്ടാണോ എന്നു പലരും ചോദിച്ചു. വിവാദം വില്‍ക്കാനുള്ള സിനിമയല്ല മാളികപ്പുറം. ഇരുമുടിക്കെട്ടെടുത്തു ശബരിമലയ്ക്കു വരുന്ന കുട്ടികളെയും കന്നി സ്വാമിമാരായ സ്ത്രീകളെയും വിളിക്കുന്ന പേരാണു മാളികപ്പുറം.



ഐതിഹ്യങ്ങളിൽ കേട്ടറിഞ്ഞ ചില കാര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെത്തന്നെ ഈ സിനിമയിലൂടെ പറഞ്ഞുപോകുന്നുണ്ട്. അടുത്ത ടീസറോ പോസ്റ്ററോ വരുമ്പോള്‍ ആളുകള്‍ ശരിക്കും ഞെട്ടും. മനസില്‍ കണ്ടുവച്ചിരിക്കുന്നതല്ല സിനിമ പറയുന്നതെന്ന് അപ്പോള്‍ മനസിലാവും.

സ്റ്റണ്ട് സില്‍വ, രഞ്ജിന്‍രാജ്

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഫൈറ്റാണ് സിനിമയിലുള്ളത്. തിയറ്ററില്‍ പ്രേക്ഷകര്‍ വലിയ രീതിയില്‍ എന്‍ജോയ് ചെയ്യാന്‍ പോകുന്ന ഫൈറ്റാവും അത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രഫർ.




രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കിയത്. നാലു പാട്ടുകൾ. രഞ്ജിനുമൊത്തു തുടര്‍ച്ചയായി ചെയ്യുന്ന നാലാമത്തെ പടമാണിത്.

കൊച്ചുഗായിക തീര്‍ഥ സുഭാഷ് ഈ സിനിമയില്‍ പ്രധാന സീനില്‍ വരുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. ഒപ്പം, ഒരു പാട്ടും പാടി.



സസ്പെന്‍സ്

കഥാപാത്രങ്ങളാണ് ഈ സിനിമയിലെ സസ്പെന്‍സ്. ഉണ്ണി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ എന്തായി അഭിനയിക്കുന്നു എന്നതാണ് ഇതിലെ സസ്പെന്‍സ്. അത് എന്താണെന്നുള്ളതു നമുക്കു തിയറ്ററില്‍ കാണാം.

ഇതിലെ സസ്പെന്‍സ് ഉള്‍പ്പെടുന്ന പ്രധാന നാലു സീനുകള്‍ ഷൂട്ട് ചെയ്തത് ഞങ്ങളുടെ ക്രൂവിനു പോലും അറിയില്ല. ലിമിറ്റഡ് ആളുകളെ വച്ച് വളരെ രഹസ്യമായാണ് അതു ചെയ്തത്.



ഇനി 25 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ട്. ശബരിമല സീസണില്‍ മകരവിളക്കിനു മുന്നേ റിലീസ് ചെയ്യാനാണു പ്ലാന്‍. ഞാന്‍ ഏതു സിനിമ ചെയ്താലും ആദ്യാവസാനം അതിനൊപ്പം നില്‍ക്കും. കാരണം, എന്‍റെ എല്ലാ സിനിമയും എന്‍റെ ആദ്യ സിനിമയാണ്. ഷൂട്ട് തീര്‍ത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞാലേ ഞാന്‍ അടുത്ത പ്രോജക്ടിലേക്കു പോവുകയുള്ളൂ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.