ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് താനാരാ. ഷൈൻ ടോം ചാക്കോയും വിഷ്ണു ഉണ്ണികൃഷ്ണനും ദീപ്തി സതിയുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
മനോഹരമായ കടന്നുപോകുന്ന ഒരു ദാന്പത്യജീവിതത്തിനിടയിലേക്ക് ചില കാരണങ്ങളാൽ മറ്റുപലരും കടന്നുവരുന്നതും പിന്നീട് അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ഈ സന്ദർഭങ്ങളെല്ലാം വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് താനാരാ എന്ന ചിത്രത്തിലൂടെ സംവിധായകൻ ഹരിദാസ്.
ആഭ്യന്തരമന്ത്രിയുടെ മകളായ അഞ്ജലിയെ വിവാഹം കഴിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവായ ആദർശാണ്. ആദർശായി ഷൈൻ ടോമും അഞ്ജലിയായി ചിന്നു ചാന്ദ്നിയുമെത്തുന്നു. യുവനേതാവായ ആദർശിന്റെ പ്രവർത്തനങ്ങളെല്ലാം തന്നെ പാർട്ടിക്ക് ഏറെ പ്രിയങ്കരമാണ്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ പെരുമാറ്റത്തിൽ രോഷം കൊള്ളുന്ന ആദർശ്, വളരെ സജീവമായി തന്നെ അത്തരം കാര്യങ്ങളിൽ ഇടപെടുകയും അവരുടെ നീതിക്കായി പോരാടുകയും ചെയ്യുന്ന നേതാവാണ്.
എന്നാൽ ഭാര്യ അഞ്ജലിക്ക് ആദർശിന്റെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ ഉണ്ട്. ജെയിംസ് എന്ന പോലീസ് ഓഫിസറുടെ സഹായത്തോടെ ആദർശിന്റെ നീക്കങ്ങൾ എപ്പോഴും അഞ്ജലി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ജെയിംസായി ചിത്രത്തിൽ എത്തുന്നത് അജു വർഗീസാണ്. ഏൽപ്പിക്കുന്ന ജോലികളിൽ ഒരു ആത്മാർഥതയും കാണിക്കാത്തയാളാണ് ജെയിംസ്.
എന്നാൽ സിനിമാഭ്രമം ഉള്ളിൽ ഒളിപ്പിച്ച ആദർശ് ഒരു പരസ്യ ചിത്രത്തിലെ നായികയെ കണ്ടുമുട്ടുന്നു. അവരോട് താൽപര്യം തോന്നുന്നു. ദീപ്തി സതിയാണ് പരസ്യചിത്രത്തിലെ നായികയായ ശ്രദ്ധയെ അവതരിപ്പിക്കുന്നത്.
ശ്രദ്ധയുമൊത്ത് ഔട്ട് ഹൗസിലേക്ക് എത്തിയ ആദർശ് വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്റെ മുന്നിൽ പെട്ടുപോകുകയും തുടർന്ന് അങ്ങോട്ടുള്ള കഥയുമാണ് ചിത്രം പറയുന്നത്. കള്ളനായി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നു.
ഏറെ ടെൻഷൻ നിറഞ്ഞ സന്ദർഭങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ചിത്രത്തിന് കഴിയുന്നു എന്നതാണ് സിനിമയെ അർഥവത്താക്കുന്നത്. ജീവിതത്തിൽ എവിടെയെങ്കിലും പാളിപ്പോകുന്പോൾ അവിടെനിന്നും പഠിക്കാൻ അനേകം കാര്യങ്ങളുണ്ടെന്നും ചിത്രം കാണിച്ചു തരുന്നു.
ഒരു കോമഡി ത്രില്ലർ എന്റർടൈനിംഗ് ചിത്രമാണ് താനാരാ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു നാരായണനാണ് കാമറ.
കുടുംബബന്ധങ്ങളിലെ ചില നിമിഷങ്ങൾ എത്രമാത്രം ദമ്പതികൾ ആസ്വദിക്കുന്നുണ്ടെന്ന് ഒരു കള്ളന്റെ ജീവിതത്തിലൂടെ പ്രേക്ഷകരിലേക്ക് പകർന്നു തരികയാണ് സംവിധായകൻ. ഏറെ രസകരവും എന്നാൽ ചിന്തിപ്പിക്കാൻ കഴിയുന്നതുമായ ഈ ചിത്രം പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കില്ലെന്നുറപ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.