ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ്പോഴാണ്. അല്ലാത്തപക്ഷം വെറുമൊരു എന്റർടെയ്നർ എന്ന ലേബലിലേക്ക് അത് ചുരുങ്ങിപ്പോകും. ശക്തമായ ആശയങ്ങൾ കൈമാറുന്ന ചലച്ചിത്രങ്ങൾ മലയാളത്തിൽ അപൂർവമല്ലെങ്കിലും ഏറെയില്ല.
സിനിമകളുടെ ജോണർ പരിശോധിച്ചാൽ ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഒരു ശക്തമായ ആശയം അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങൾ തീരെയില്ലെന്നുപറയാം. ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്ത് രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച "രുധിരം' ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതും ഒപ്പം ചില ശക്തമായ സന്ദേശങ്ങൾ പ്രേക്ഷകർക്ക് നൽകാൻ ഉദ്യമിച്ചിട്ടുള്ളതുമായ ഒരു ചലച്ചിത്രമാണ്.
"മഴു മറന്നാലും മരം മറക്കില്ല" എന്നൊരു വാചകം ചലച്ചിത്രത്തിന്റെ ആരംഭത്തിലും ഒടുവിലും കാണാം. വേട്ടക്കാരൻ, ഇര എന്നിവയുടെ വേറിട്ട ഒരു ആഖ്യാനമാണ് ചലച്ചിത്രം അവതരിപ്പിക്കുന്നത്. ഒരു ശരാശരി കാഴ്ചക്കാരനെ സംബന്ധിച്ച് ഇത്തരമുള്ള തത്വശാസ്ത്രപരമായ ആഖ്യാനങ്ങൾ എത്രമാത്രം ഉൾക്കൊള്ളാൻ കഴിയുമെന്നും ഉദ്ദേശിച്ച സന്ദേശം എത്രമാത്രം ഫലപ്രദമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നുമുള്ള ചോദ്യങ്ങൾ വിമർശനാത്മകമായി ഉയർന്നേക്കാമെങ്കിലും ജിഷോയുടെ ആദ്യ സംവിധാന സംരംഭം മികച്ചതാണ് എന്നുതന്നെ വിലയിരുത്തേണ്ടതുണ്ട്. അക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു. ഈ സംവിധായകനിൽനിന്ന് ഇനിയും കൂടുതൽ ഗംഭീരമായ പലതും പ്രതീക്ഷിക്കാം.
സിനിമയിലേക്ക് വന്നാൽ, ഒരു കൊടും കുറ്റവാളി, സൈക്കോപ്പാത്ത് എന്ന വിധത്തിലുള്ള പ്രധാന കഥാപാത്രം ഒടുവിൽ ഇരയായി മാറുന്നതാണ് കഥാതന്തു. സമാനതകളില്ലാത്ത അക്രമപ്രവർത്തനങ്ങളും അത്തരത്തിൽ ചർച്ചയാകുന്ന വ്യക്തിത്വങ്ങളും മാധ്യമങ്ങളിൽ നിറയുന്ന ഈ കാലഘട്ടത്തിൽ അക്രമങ്ങളെയോ ക്രിമിനലുകളെയോ ന്യായീകരിക്കാൻ കഴിയുന്നതല്ലെങ്കിലും അത്തരക്കാരുടെ ജീവിത പശ്ചാത്തലങ്ങൾ ചിന്തനീയമാണ് എന്ന ആശയം ശക്തമായി ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നു. അവിടെയാണ് "മഴു മറന്നാലും മരം മറക്കില്ല' എന്ന ആശയത്തിന്റെ പ്രസക്തിയും.
വളരെ താഴ്ന്ന ഒരു ജീവിത പശ്ചാത്തലത്തിൽനിന്ന് വരുന്ന കേന്ദ്ര കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ ആരംഭം മുതൽ നേരിട്ട ദുരന്തങ്ങളെ തന്റേതായ രീതിയിൽ നേരിടാൻ തീരുമാനിക്കുന്നു. എന്നാൽ അവിടെ ഇരയാക്കപ്പെടുന്ന ഒരു യുവതിയും മറ്റു ചിലരുമുണ്ട്.
മുഖ്യമായും കഥയിൽ കേന്ദ്രീകരിക്കപ്പെടുന്നത് അത്തരം അനുഭവങ്ങളായതിനാൽ കേന്ദ്ര കഥാപാത്രം വില്ലൻ പരിവേഷത്തോടെയാണ് അവസാനിക്കുന്നതും. എന്നാൽ, രചയിതാക്കൾ (സംവിധായകനൊപ്പം ജോസഫ് കിരൺ ജോർജും രചനയിൽ സഹകരിക്കുന്നു) ആരംഭത്തിലും അന്ത്യത്തിലും പറഞ്ഞുവയ്ക്കുന്ന ചില ആശയങ്ങൾ ഈ ചലച്ചിത്രത്തെ മറ്റൊരു മാനത്തിലേയ്ക്ക് ഉയർത്തുന്നു. അവ ചോദ്യരൂപേണ അവതരിപ്പിക്കപ്പെട്ടാൽ ഉത്തരമില്ലാത്തതെങ്കിലും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെ എന്നതിൽ തർക്കമില്ല.
അടിച്ചമർത്തപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങൾ ജീവിത തകർച്ചയിലേയ്ക്ക് വരെ എത്തുന്ന സാഹചര്യത്തിൽ ഒരാളുടെ പ്രതികരണം എപ്രകാരമായിരിക്കും? പൊളിറ്റിക്കൽ കറക്ട്നസ് ഉൾപ്പെടെയുള്ള താത്വിക അവലോകനങ്ങൾക്കപ്പുറം ഒരാളുടെ ജീവിത പശ്ചാത്തലം അയാളിൽ രൂപപ്പെടുത്തിയ പ്രതിവിധി-പ്രതികരണ ധാരണകളായിരിക്കാം തുടർന്ന് അയാളെ വഴിനടത്തുന്നത്.
ഇത്തരം സംഭവങ്ങളെയും ജീവിതങ്ങളെയും മറ്റൊരു കണ്ണിലൂടെ വിലയിരുത്തേണ്ടതുണ്ട് എന്ന് സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. അതേസമയം കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണാൻ ചലച്ചിത്രം കാണികളെ പ്രോത്സാഹിപ്പിക്കുന്നുമില്ല എന്ന് എടുത്തുപറയേണ്ടതുണ്ട്.
കഥാവതരണത്തിലേയ്ക്കുവന്നാൽ, ഇത്തരമൊരു വേറിട്ട ആശയം സാധാരണക്കാർക്ക് ഗ്രഹിക്കുന്ന രീതിയിൽ ഫലപ്രദമായി അവതരിപ്പിക്കാനായിട്ടുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. പ്രധാന കഥാപാത്രത്തിന്റെ ജീവിത പശ്ചാത്തലങ്ങളും ദുരന്തങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും അവതരിപ്പിക്കുന്നതിലെ അവധാനതയും വിമർശിക്കപ്പെടാവുന്നതാണ്. കുടുംബ പ്രേക്ഷകർക്ക് യോജ്യമായ ചലച്ചിത്രമല്ല ഇത് എന്നുള്ളതും സൂചിപ്പിക്കുന്നു.
മികച്ച ഒരു ചലച്ചിത്രസൃഷ്ടിക്ക് പങ്കാളികളായ ഛായാഗ്രാഹകൻ സജാദ് കാക്കുവും എഡിറ്റർ ബവൻ ശ്രീകുമാറും നിർമാതാവ് വി. എസ്. ലാലനും മറ്റു സഹകാരികളും അഭിനന്ദനമർഹിക്കുന്നു.
വിനോദ് നെല്ലയ്ക്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.