പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍ തിരയുടെ തലോടല്‍ കാത്തുകിടപ്പുണ്ടാകും ഇതാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന ചലച്ചിത്രം കാവ്യാത്മകമായി പ്രേക്ഷകനോട് പറയുന്നത്.
ഈ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ആയ കന്നഡ ചലച്ചിത്രമായിരുന്നു സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് എ. ആ ചിത്രത്തിന്റെ തുടര്‍ച്ചയാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി. രക്ഷിത്ഷെട്ടി നായകനായ ചിത്രം മനുവിന്റെയും പ്രിയയുടെയും പ്രണയത്തിന്റെ ഏടുകളെ കുറിച്ചാണ് പറയുന്നത്.
ഹേമന്ത് എം.റാവു സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പരംവാഹ് പിക്ചേഴ്സിന്റെ ബാനറില്‍ രക്ഷിത് ഷെട്ടി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഗുണ്ടു ഷെട്ടിക്കൊപ്പം സംവിധായകന് കൂടിച്ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി.
കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സിനിമയ്ക്ക് റിലീസുണ്ട്. രക്ഷിത്ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ.ആച്ചാര്, അച്യുത് കുമാര്‍, രമേഷ് ഇന്ദിര, ഗോപാല്‍കൃഷ്ണ ദേശ്പാണ്ഡെ, തുടങ്ങിയവരൊക്കെയാണ് ഈ ചിത്രത്തിലെ പ്രമുഖതാരങ്ങള്‍.
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ എന്നര്‍ഥം വരുന്ന സപ്ത സാഗര ദാച്ചേ എല്ലോ ഒരു പ്രണയകവിതയാണെന്ന് പ്രേഷകന് അനുഭവപ്പെടും. സൈഡ് ബി ചിത്രം പറഞ്ഞുവയ്ക്കുന്നത് രക്ഷിതിന്റെ മനുവും രുക്മിണി വസന്തിന്റെ പ്രിയയും തമ്മിലുള്ള പ്രണയകഥയുടെ പരിസമാപ്തിയാണ്.
ഏറ്റവും വലിയ പ്രണയകഥകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയൊക്കെ ദുരന്തപര്യവസായി ആയിരിക്കും. സലിം അനാര്‍ക്കലി, റോമിയോ ജൂലിയറ്റ്... അങ്ങനെ ഒട്ടനവധി പ്രണയിതാക്കള്‍ നമ്മുടെ അറിവുകളില്‍ വേദനിച്ചു കിടക്കുന്നുണ്ട്.
സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബിയില്‍ തന്റേതായിരുന്നത് തന്റേത് ആണെന്നും അല്ലെന്നുമുള്ള മാനസികാവസ്ഥയില്‍ ഒരാള്‍ കടന്നുപോകുന്നത് കാട്ടുന്നു. കഴുത്തറുപ്പന്‍ പ്രണയങ്ങളുടെ കാലത്ത് ഓഡിയോ കാസറ്റുമായി പ്രണയിനിയുടെ ശബ്ദം നിരന്തരംകേട്ട് അതിതീവ്ര വേദന അനുഭവിക്കുന്ന കാമുകന് പ്രേക്ഷകനെയും നന്നേ വേദനിപ്പിക്കുന്നു.
പ്രണയത്തിന്റെ ഭൂതകാലമുള്ള ഒരു കാഴ്ചക്കാരന് സിനിമയുടെ പലഘട്ടങ്ങളിലും ആ സ്ക്രീനില്‍ മനുവായി മാറും. പലരുടെയും ജീവിതവുമായുള്ള അത്തരത്തിലെ സാമ്യതയാണ് ഈ ചിത്രത്തിന്റെ വിജയവും.
ചിത്രം 2021 കാലഘട്ടമാണ് പറയുന്നത്. അതിനാല്‍ത്തന്നെ പല സീനുകളിലും കഥാപാത്രങ്ങള്‍ മാസ്ക് ഉപയോഗിക്കുന്നു. എന്നാല്‍ കണ്ണുകളാല്‍ വിരഹത്തെ അഭിനയിച്ചു കൈയടി നേടുകയാണ് രക്ഷിത് ഷെട്ടി.
ഒരു കടയില്‍ നിന്നും പ്രിയ ഇറങ്ങിവരുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ മാസ്കും ധരിച്ച് അവള് കാണാതെ മനു അവളെ നോക്കി നില്ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഒരിക്കലും അതൊരു ക്ലോസ് ഷോട്ട് അല്ല. എന്നിരിന്നിട്ടും മനുവിന്റെ കണ്ണില്‍ തെളിയുന്ന വേദന പ്രേക്ഷകനെയും കൊത്തിവലിക്കുകയാണ്.
അവര്‍ക്കിടയിലുള്ള പാളം തെറ്റികിടക്കുന്ന ട്രെയിന്ബോഗിയും നിറംകെട്ട വെളിച്ചവും ഒക്കെ കഥാപാത്രങ്ങളുടെ അവസ്ഥയെ പ്രേക്ഷകന് മറ്റൊരു തരത്തില്‍ കാട്ടുന്നു.
കാസറ്റില്‍ പ്രിയയുടെ ശബ്ദം മനു കേള്‍ക്കുമ്പോള്‍ നിലവിലെ അവന്റെ പരിസരദൃശ്യങ്ങളുമായി അവള് പറയുന്നത് കണക്ട് ചെയ്യുന്നത് എഴുത്തിലെയും സംവിധാനത്തിലെയും ഒരു ബ്രില്ല്യന്‍സ് ആണ്. ഈ സമയം നിരവധി മാച്ച് കട്ടുകള്‍ കാണാന്‍ കഴിയും.
നാം കേട്ടിരിക്കുന്ന, അതല്ലെങ്കില്‍ കടന്നുപോയിട്ടുള്ള പ്രണയാനുഭവങ്ങള്‍ തന്നെയാണ് ഈ സിനിമ ഉടനീളം പറയുന്നത്. എന്നാല്‍ ഇതിന്റെ സംവിധാന മികവും ലൈറ്റിംഗ് അറേഞ്ചുമെന്റുകളും അഭിനേതാക്കളുടെ പ്രകടനവും നമുക്ക് പുതിയൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.
ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചരണ്‍ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. ഈ ചിത്രത്തിന്റെ ആത്മാവ് തന്നെ ഈ സംഗീതമാണ്. ട്രെയിനിന്റെ താളം പശ്ചാത്തല സംഗീതമാക്കി മാറ്റുന്ന ഒരു രംഗമുണ്ട്. തീവണ്ടിയുടെ സഞ്ചാരശബ്ദം ഇതെങ്ങനെ ഇത്ര നോവാക്കി എന്നത് നമുക്ക് പിന്നീട് അദ്ഭുതമുളവാക്കും.
ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ചപ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ടവര്‍ രക്ഷിത് ഷെട്ടി, ചൈത്ര ജെ. ആച്ചാര്, രമേശ് ഇന്ദിര, രുക്മിണി വസന്ത് എന്നിവരാണ്.
ചിത്രം കാണുന്ന ഒരാള്‍ ആദ്യ രംഗംമുതല്‍ മനുവിന്റെ മനസിനൊപ്പം സഞ്ചരിക്കാന്‍ ആരംഭിക്കുന്നു. പ്രണയം, സൗഹൃദം, കാമം, പ്രതികാരം ഇവയൊക്കെ അതിശയോക്തി കലര്‍ത്താതെ രക്ഷിത് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.
ചൈത്ര അവതരിപ്പിച്ച സുരഭി എന്ന കഥാപാത്രം പ്രത്യേകകൈയടി അര്‍ഹിക്കുന്നു. ഒരിക്കല്‍ പോലും തന്റെ നോവുകളെ കുറിച്ച് അനാവശ്യമായി സംസാരിക്കാത്ത ആ കഥാപാത്രം കാഴ്ചക്കാരനില്‍ ഇരുണ്ടവേദനയെ കുറിച്ചുള്ള ചിന്തകളുടെ വിത്തിടുന്നു. ഈ കഥാപാത്രം മനുവിനെ പോലെ പ്രേക്ഷകന്റെ മനസില്‍ ഇടംനേടുന്നു.
പ്രിയ എന്ന കഥാപാത്രത്തെ ഏറെ പക്വതയോടെ തന്നെ രുക്മിണി കൈാര്യം ചെയ്തിരിക്കുന്നു. ഭാഗം ഒന്നിലും മികച്ച പ്രകടനം കാഴ്ചവച്ച രമേശ് ഇന്ദിര സൈഡ് ബിയിലും അത് തുടര്‍ന്നു. അദ്ദേഹത്തിനായി മലയാളത്തില്‍ നല്‍കിയത് മികച്ച ശബ്ദംതന്നെയാണ്.
മനുവിന്റെ സുഹൃത്തായി എത്തിയ നടനും രുക്മിണിയുടെ ഭര്‍ത്താവും സഹോദരനും ഒക്കെ തങ്ങളുടെ ഭാഗം വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. ഈ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസില്‍ നിന്നും ആ കഥാപാത്രങ്ങള്‍ ആരുംതന്നെ പടിയിറങ്ങുന്നില്ല.
പ്രണയത്തിന്റെ രഹസ്യങ്ങളില്‍ ഓഷോ പറയുന്ന ഒന്നുണ്ട് "പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ എല്ലാവേദനകളോടും അത് അനുഭവിക്കുക. അത് മുറിവേല്‍പ്പിക്കും. പക്ഷേ നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ അത് പ്രശ്നമല്ല. വാസ്തവത്തില്‍ ആ മുറിവുകളെല്ലാംനിങ്ങളെ ബലപ്പെടുത്തുന്നു'.
ഒരര്‍ഥത്തില്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തില്‍ എത്തിച്ച സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന ചലച്ചിത്രം പ്രേക്ഷകനോട് പറയുന്നതും അതുതന്നെയാണ്.
ശരത് ജി. മോഹൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.