മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്റെ "ജവാൻ'. "ഇത് അതല്ലേ' എന്ന് ഓരോ രംഗത്തിലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു "മാഷപ്പ്' ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം.
സാമൂഹ്യപ്രതിബദ്ധതയുടെ മേലങ്കി അണിയിച്ച് ശങ്കറും ശിഷ്യന്മാരും 1990-കൾ മുതൽ തമിഴ് ചലച്ചിത്രലോകത്ത് തുറന്നുവിട്ട ചിത്രങ്ങളുടെ തുടർച്ചയാണ് "ജവാൻ'. ഒരു പാട്ടിന്റെ ഇടവേളയിൽ നാട് നന്നാക്കുന്ന രജനിപ്പടങ്ങളിലെ തന്ത്രം ഷാറൂഖ് ഖാൻ പല ഡോസുകളായി ഈ ചിത്രത്തിൽ ഉപയോഗിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം.
ഏതൊക്കെ സാമൂഹ്യവിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം എന്ന ലിസ്റ്റ് തയാറാക്കി അതിനനുസരിച്ചുള്ള രംഗങ്ങൾ മാസ് കലർത്തിയാണെന്ന് തോന്നുന്നു ആറ്റ്ലി തിരക്കഥ ഒരുക്കിയത്. ഇതിനിടിയിൽ "ലയൺ കിംഗ്' മുതൽ ദിലീപിന്റെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായ "വെൽക്കം ടു സെൻട്രൽ ജെയിലി'ൽ നിന്ന് വരെയുള്ള കഥാപരിസരങ്ങൾ സ്ക്രീനിൽ വന്നുപോകുന്നു.
മികച്ച നിലവാരം പുലർത്തുന്ന വിഷ്വലുകൾ ഇത്തവണയും പ്രേക്ഷകർക്ക് സമ്മാനിച്ച ആറ്റ്ലി, താൻ കഴിവുള്ള സംവിധായകനാണെന്നും തിരക്കഥാ ദാരിദ്ര്യമാണ് തന്റെ പ്രശ്നമെന്നും ഈ ചിത്രത്തിലെ ഓരോ രംഗത്തിലൂടെയും പറയാതെ പറയുന്നുണ്ട്.
വടക്കു-കിഴക്കൻ മേഖലയിൽ നിന്നുള്ള കഥാപാത്രങ്ങൾക്ക് "ജവാനി'ലും വേണ്ടത്ര പ്രധാന്യം നൽകിയ ആറ്റ്ലി ആയിരിക്കും ഇന്ത്യൻ സിനിമാലോകത്ത് തുടർച്ചയായി ഈ ജനവിഭാഗത്തെ തന്റെ കഥകളിൽ ചേർത്തുനിർത്തുന്ന ഏക സംവിധായകൻ.
ഒരു പക്കാ "ദളപതി പടം' ഷാറൂഖ് ഖാന്റെ മുഖം വച്ച് ഒരുക്കിയതിന്റെ ഇടയിൽ ആകെയുള്ള ആശ്വാസം ചിത്രത്തിലെ പെൺപടയ്ക്ക് നൽകിയ പ്രാധാന്യമാണ്. പതിവ് വൈകാരിക രംഗങ്ങൾക്കപ്പുറം ഷാറൂഖ് ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് സ്വാഭാവികമായി ലഭിച്ചുവരുന്ന ഒരുതരം ശാക്തിക പരിഗണന ഇവിടെയും കാണാം.
പെൺമനസുകൾക്ക് മുമ്പിൽ പലപ്പോഴും നിസഹായനായി നിന്ന്, അവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ബഹുമാനിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത് ഇന്ത്യൻ ബോക്സ്ഓഫീസിലെ രാജാവായി ഉയർന്നുവന്നത് കൊണ്ടായിരിക്കാം ഈ ചിത്രത്തിലും ഷാറൂഖ് അതിന് ഒരുങ്ങിയത്.
തമിഴ് മനസുകൊണ്ട് ഹിന്ദി വരികൾക്കായി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പാട്ടുകളുടെ ഈണം ചില സ്ഥലത്തെങ്കിലും കേൾവിക്കാരനെ മടുപ്പിക്കുമെങ്കിലും "ജവാന്റെ' ആകെയുള്ള പഴക്കം മൂലം ഇത് തെളിഞ്ഞുകാണാനാവില്ല എന്നത് ആശ്വാസ്യകരമാണ്.
ജോർജ് സഖറിയ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.