ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.
"ബാഷ' എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച ആൾദൈവ പ്രതിരൂപം യുവാക്കളെ വഴിതെറ്റിക്കാതിരിക്കാനായി ആണ് തലൈവർ ഈ "തനി വഴി' സ്വീകരിച്ചത്. ഇതോടെ 1970-കളുടെ അവസാനം മുതൽ 80-കളുടെ തുടക്കം വരെ കണ്ടിരുന്ന "വൈൽഡ്' രജനി സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായി. വർഷങ്ങളായി ചങ്ങലയ്ക്കിട്ടിരുന്ന ഈ കലിപ്പൻ രജനിയെ ആണ് "ജയിലർ'എന്ന ചിത്രത്തിലൂടെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തുറന്നുവിടുന്നത്.
വാളെടുത്ത് വീശി വില്ലനെ വെട്ടിയിട്ട് ചിരിക്കാൻ സൂപ്പർസ്റ്റാറിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർക്ക് യാതൊരു മടിയുമില്ല. "എന്തിരനി'ലേത് പോലെ വില്ലൻ രജനിയുടെ ന്യായീകരണത്തിനായി നന്മമുഖമുള്ള ഒരു നായകൻ ഈ ചിത്രത്തിലില്ല. അരാജകത്വത്തെയും നിയമത്തോടുള്ള പുച്ഛത്തെയും തലൈവർ നിർബാധം കൊണ്ടാടുമ്പോൾ തിയറ്ററുകളിൽ വൻ കൈയടി ഉയരുന്നത് ഇതിനാലാണ്.
സമീപകാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും മൂല്യമുള്ള സംവിധായകനായ ഉയർന്ന ലോകേഷ് കനകരാജ് കമൽഹാസനെ നായകനാക്കി ഒരുക്കിയ "വിക്രം' എന്ന ചിത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്.
മകനെ നഷ്ടപ്പെടുന്ന വേദനയുമായി പോരിനിറങ്ങുന്ന, പൂർവകാല കേഡിത്തരങ്ങൾ മൂടിവച്ചിട്ടുള്ള "താത്ത' ആയി രജനി അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണ്.
എന്നാൽ "ശിവാജി', "പടയപ്പ' എന്നീ ചിത്രങ്ങളിലേത് പോലെ സമ്പൂർണ മാസ് അവതാരമല്ല തലൈവർ ഇവിടെ സ്വീകരിക്കുന്നത്. ജെയ്ലറെ സഹായിക്കാനായി എത്തുന്ന കഥാപാത്രങ്ങൾക്ക് ആവോളം കൈയടി ലഭിക്കുന്ന ഘട്ടങ്ങളിൽ രജനി എന്ന താരം സ്വയം പിൻവാങ്ങി നിൽക്കുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന മാസ് സീനുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കും.
വിനായകന്റെ ലോക്കൽ ഗുണ്ടാ വില്ലൻ കഥാപാത്രവും തെലുങ്ക് താരം സുനിലിന്റെ സിനിമയ്ക്കുള്ളിലെ സിനിമാതാരമായുള്ള അവതാരവും ചിത്രത്തിന് ആവോളം തമാശയും നൽകുന്നുണ്ട്. തമന്ന ആത്മകഥാംശമുള്ള കഥാപാത്രവുമായി എത്തി രസിപ്പിച്ച് കടന്നുപോകുന്നെങ്കിലും ശിവകാമിദേവിയുടെ ഹാംഗ്ഓവറിൽ നിന്ന് ഒടുവിൽ വിടുതി ലഭിച്ച രമ്യാ കൃഷ്ണൻ ആണ് ചിത്രത്തിലെ ശ്രദ്ധേയമായ ഏക സ്ത്രീ കഥാപാത്രം.
"ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ ലഭിച്ച ട്രോളുകൾക്ക് തലൈവർ പടത്തിന് ലഭിക്കുന്ന കൈയടികളോടെ മറുപടി പറഞ്ഞ നെൽസൺ ആണ് ഈ ചിത്രത്തിലെ പ്രധാന "ജേതാവ്'. തന്റെ പതിവ് ഡാർക് ഹ്യൂമർ ട്രീറ്റമെന്റിലൂടെ പതിവ് കഥയെ മാസ് രൂപത്തിലാക്കി ആസ്വാദകരമാക്കിയ സംവിധായകൻ പ്രശംസ അർഹിക്കുന്നു.
ജോർജ് സഖറിയ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.