"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം സൃഷ്ടിച്ച ലോല പ്രണയഭാവങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാള സിനിമയെ വിട്ട് പോയിട്ടില്ല.
മഞ്ചാടിക്കുരുവിനെ സ്നേഹിക്കുന്ന, പ്രണയത്തിൽ ഗൃഹാതുരത്വം തേടുന്ന കഥാപാത്രങ്ങൾ നിറയുന്ന "പ്രണയവിലാസം' എന്ന ചിത്രമാണ് മലയാളത്തിലെ പൈങ്കിളി പരമ്പരയുടെ ഏറ്റവും പുതിയ മുഖം. പൈങ്കിളി എന്ന വാക്കിന് ദശാബ്ദങ്ങളായി ചാർത്തി നൽകിയ മോശം പ്രതിച്ഛായ ഏറെക്കുറെ മറച്ച് പിടിക്കുന്ന ചിത്രമാണ് ഇത്.
പ്രേമം, കാമം എന്നിവ വ്യത്യസ്തമാണെന്ന അണിയറപ്രവർത്തകരുടെ ആശയം, ഒരു കഥാപാത്രത്തെ കൊണ്ട് നേരിട്ട് പറയിപ്പിച്ചാണ് സംവിധായകൻ നിഖില്‍ മുരളി ചിത്രം തുടങ്ങുന്നത്.
ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ആദ്യഭാഗം പറയുന്നത് വില്ലേജ് ഓഫീസർ ആയ നായകനും ഭാര്യയും തമ്മിലുള്ള നിശബ്ദ അകൽച്ചയാണ്. മനോജ് കെ.യു അവതരിപ്പിച്ച വില്ലേജ് ഓഫീസർ കഥാപാത്രത്തിന്റെ വിവാഹേതര പ്രേമഭാവങ്ങൾ സ്ക്രീനിൽ മിന്നിമറയുന്നു.
വില്ലേജ് ഓഫീസറുടെ പൂർവകാല പ്രണയിനിയും കടന്ന് വരുന്നതോടെ, ചിത്രം കാണുന്ന പ്രേക്ഷകർ ചിലരെങ്കിലും വി.ജെ ജെയിംസിന്റ "പ്രണയോപനിഷത്ത്' എന്ന കഥ ഓർക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ നിറഞ്ഞാടിയ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രം പ്രസ്തുത കഥ ദൃശ്യവൽകരിച്ചിരുന്നതിനാൽ പ്രണയവിലാസം ആവർത്തന വിരസിതമായ ഒരു പ്രണകാവ്യമായി തീരുമോ എന്ന് ഒരുവേള പ്രേക്ഷകനെ ചിന്തിപ്പിക്കും.
എന്നാൽ കഥാഗതിയിലെ ഒരു പ്രധാന സംഭവത്തോടെ ചിത്രം ഫ്ലാഷ്ബാക്കിലേക്ക് മാറുന്നു. ഇതോടെ പങ്കാളിയുടെ പഴയ പ്രണയത്തിൽ അസൂയപെടുന്ന നായകനും പുതിയൊരു പ്രണയ കഥയും സ്ക്രീനിൽ വെളിവാകുന്നു.
1990-കളിലെ ഒരു കൗമാരക്കാരിയുടെ കുഞ്ചാക്കോ ബോബൻ അഭിനിവേശം, ഫുട്ബോൾ ഭ്രാന്ത്, കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം എന്നീ പതിവ് വഴികളിലൂടെ മുന്നേറുന്ന കഥ തീവ്രമായി തന്നെ അവസാനിക്കുന്നു.
ഇതിനിടെ വന്നുപോകുന്ന ഹക്കീം ഷായുടെ കഥാപാത്രമാണ് ചിത്രത്തിന്റെ അച്ചുതണ്ട്. വർഷങ്ങളായി സിനിമാ ലോകത്ത് തന്റേതായ പേരുറപ്പിക്കാൻ ശ്രമിക്കുന്ന ഷാ, തനിക്ക് ലഭിച്ച അവസരം സ്വാഭാവിക അഭിനയത്തിലൂടെ നന്നായി തന്നെ വിനിയോഗിച്ചു.
പൂർവകാല പ്രണയകഥകൾ അറിയാൻ വെമ്പുന്ന, മുൻധാരണകൾ ഇല്ലാത്ത, കുറ്റപ്പെടുത്തൽ ഇല്ലാത്ത, അർജുൻ അശോകന്റെ കഥാപാത്രം ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന പ്ലസ് പോയിന്റ്. ജീവിത യാഥാർഥ്യങ്ങൾ വെളിവാകുന്നതിന് അനുസരിച്ച് പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ അതിമനോഹരമായി ആവിഷ്കരിച്ച മനോജ് കെ.യു. ആണ് ചിത്രത്തിൽ ഏറ്റവും സ്കോർ ചെയ്യുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിലർ തമ്മില്ലുള്ള പ്രായവ്യത്യാസം ആദ്യകാഴ്ചയിൽ കല്ലുകടി ആയേക്കാമെങ്കിലും കഥ മുന്നോട്ട് പോകുമ്പോൾ ഇത് സമർഥമായി മറയ്ക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നു.
ചിത്രത്തിൽ പറയുന്നത് പോലെ പ്രണയിച്ചവർക്ക് മാത്രമാണ് ആദ്യ പ്രേമത്തിന്റെ വിരഹ തീവ്രത അറിയാനകൂ. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുമായി താഥാത്മ്യപ്പെടാൻ കഴിയുന്നവർക്ക് പ്രണയ വിലാസം മധുരമുള്ള ഒരുചിരി സമ്മാനിക്കും.
പ്രണയം അറിഞ്ഞിട്ടില്ലാത്ത നിർഭാഗ്യവാൻമാരായ പ്രേക്ഷകർക്ക് മമിത ബൈജുവിന്റെ ചുണ്ടിൽ വിടരുന്ന പുഞ്ചിരി മാത്രമാകും ചിത്രം അവസാനിക്കുമ്പോൾ ഓർമയിൽ നിൽക്കുക.
ജോർജ് സഖറിയ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.