ചലച്ചിത്ര വ്യവസായം പച്ചപിടിച്ചുതുടങ്ങിയ കാലത്ത് ഈ മേഖലയിലെ കച്ചവടസാധ്യതകളെല്ലാം നന്നായി അറിയാവുന്ന ഒരു കുടുംബത്തിൽനിന്നായിരുന്നു ജിജോയുടെ കടന്നുവരവ്. മലയാള സിനിമയ്ക്കു പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത നവോദയ അപ്പച്ചന്റെ മകന് ധനസന്പാദനമായിരുന്നു ലക്ഷ്യമെങ്കിൽ നിരവധി മാർഗങ്ങൾ മുന്നിലുണ്ടായിരുന്നു. പ്രത്യേകിച്ചും നിർമാണമേഖലയിൽ നവോദയയ്ക്ക് അധികം എതിരാളികളൊന്നുമില്ലാത്ത അക്കാലത്ത്. പക്ഷേ, അപ്പച്ചനും മകനും ഉന്നംവച്ചത് ലോക സിനിമയുടെ അനന്തസാധ്യതകൾ മലയാളത്തിലേക്കും എത്തിക്കുന്നതിലാണ്. ആ പരീക്ഷണത്തിൽ അവർ വിജയിക്കുക മാത്രമല്ല, മലയാള സിനിമയുടെ യശസ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്തവിധം വാനോളമുയർത്തുകയും ചെയ്തു. സിനിമാസ്കോപ്പ്, സെവന്റി എംഎം, ത്രിഡി തുടങ്ങി ഇന്ത്യൻ സിനിമയിൽ മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യകളാണ് നവോദയ അവതരിപ്പിച്ചത്. സിനിമ വളർച്ച പ്രാപിച്ചതിന്റെ ഫലമായി പരോക്ഷമായുള്ള ഒട്ടേറെ പുരോഗമനങ്ങളുണ്ടാകുന്നതിനും നവോദയ പ്രേരകമായെന്നതു മറ്റൊരു സത്യം.
രണ്ടു ചിത്രങ്ങളാണ് ജിജോ സംവിധാനംചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം, ആദ്യ ത്രിഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയാണ് ജിജോ മലയാളസിനിമയ്ക്കു നൽകിയ അമൂല്യസമ്മാനങ്ങൾ.
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അന്പു സംവിധാനം ചെയ്തത് അപ്പച്ചനാണ്. ചിത്രത്തിന്റെ അണിയറയിൽ ജിജോയും സജീവമായുണ്ടായിരുന്നു. ജിജോ എപ്പോഴും വ്യത്യസ്തതയാണ് ആഗ്രഹിച്ചിരുന്നത്. അങ്ങനെയാണ് അപ്പച്ചൻ സിനിമാസ്കോപ്പ് ചിത്രം നിർമിക്കാൻ തയാറായത്. അന്നു കേരളത്തിൽ സിനിമാസ്കോപ്പ് തിയറ്റർ 25 എണ്ണം മാത്രമേ ഉള്ളു. അവിടെ മാത്രം ചിത്രം പ്രദർശിപ്പിച്ചാൽ മുതൽമുടക്കു തിരികെ ലഭിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് 25 സെറ്റ് ലെൻസും സ്ക്രീനും വാങ്ങിച്ച് പുതിയ തിയറ്ററുകൾക്കു വാടകയ്ക്കു കൊടുത്താണു പ്രദർശനസജ്ജമാക്കിയത്. ഈ ചിത്രത്തിന്റെ വിജയം മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽപ്പോലും പുതിയ തിയറ്ററുകൾ ധാരാളമായി തുടങ്ങുന്നതിനു കാരണമായി.
ജിജോയ്ക്ക് വായനാശീലം നന്നായുണ്ടായിരുന്നു. ഇന്ത്യൻ സിനിമയ്ക്കു പരിചയമില്ലാത്ത സാങ്കേതികത്വങ്ങളെക്കുറിച്ചൊക്കെ വായനയിലൂടെയാണ് അദ്ദേഹം മനസിലാക്കിയത്. തുടർന്ന് ഇതൊക്കെപരീക്ഷിച്ചുനോക്കുന്നത് സ്വന്തം ബാനറിൽ സ്വന്തമായി സംവിധാനംചെയ്യുന്ന ചിത്രങ്ങളിലൂടെയും. ഇന്ത്യയിൽവച്ചുതന്നെ പൂർണമായും തയാറാക്കിയ ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടം ഇത്തരത്തിലൊരു ചിത്രമാണ്. ഇത്തരം ചിത്രങ്ങൾ 70 എംഎം ഫോർമാറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഇംഗ്ലണ്ടിലും മറ്റും പോകേണ്ട അവസ്ഥയായിരുന്നു അന്നുള്ളത്. ഷോലെപോലുള്ള ചിത്രങ്ങൾ ഇത്തരത്തിൽ തയാറാക്കിയതാണ്. എന്നാൽ, ജിജോ ഒന്നു മാറി ചിന്തിച്ചു. തത്ഫലമായി ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽവച്ച് പടയോട്ടം വിജയകരമായി ട്രാൻസ്ഫർ ചെയ്യാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു സാധിച്ചു.
ത്രിഡി ചിത്രത്തിന്റെ നിർമാണത്തിലേക്കായി പിന്നീടു ജിജോയുടെ ശ്രദ്ധ. പത്തുമിനിറ്റ് ദൈർഘ്യമുള്ള ഒരു അമേരിക്കൻ ത്രിഡി ചിത്രം കാണാനിടയായതോടെയാണ് ജിജോയ്ക്ക് ഈ മോഹമുദിച്ചത്. പിതാവിനെയുംകൂട്ടി അമേരിക്കയ്ക്കുപോയി ചിത്രം നിർമിച്ച സായ്പിനെ കണ്ടു. സായ്പിന്റെ പിന്നാലെകൂടി ചോദിച്ച വിലകൊടുത്ത് ലെൻസ് സ്വന്തമാക്കിയതിനുശേഷമാണു ജിജോ കേരളത്തിലേക്കു മടങ്ങിയത്.
വളരെ ബുദ്ധിമുട്ടിയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ ചിത്രീകരിച്ചത്. പൂർത്തീകരിച്ചപ്പോഴാകട്ടെ മറ്റൊരുപ്രശ്നം. ത്രിഡി അനുഭവം പ്രേക്ഷകർക്കു ലഭിക്കണമെങ്കിൽ അവർ പ്രത്യേക കണ്ണട വയ്ക്കണം. അത്തരം കണ്ണടകൾ ഇന്ത്യയിൽ ലഭ്യമല്ല. എങ്കിലും ജിജോ തളർന്നില്ല. അമേരിക്കയിൽപോയി ലെൻസിന്റെ കുറച്ചു റോളുകൾ വാങ്ങിക്കൊണ്ടുവന്നു. ഫ്രെയിം ആലപ്പുഴയിലെ കന്പനിയിൽതന്നെ ഉണ്ടാക്കി. കുട്ടിച്ചാത്തന്റെ വിക്രിയകൾ പ്രേക്ഷകർ ത്രിമാനദൃശ്യത്തിൽ ആസ്വദിക്കുന്നതു കണ്ടപ്പോഴാണ് ജിജോയ്ക്കും കൂട്ടർക്കും മനംനിറഞ്ഞത്. മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി ഇന്നും വിരാജിക്കുന്നു. ബൈബിൾകഥകളെ ആസ്പദമാക്കിയ ഒരു ടെലിവിഷൻ സീരിയലും ജിജോ ഒരുക്കിയിട്ടുണ്ട്.
തയാറാക്കിയത്:സാലു ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.