ആൾക്കൂട്ടത്തിനൊപ്പം ഐ.വി. ശശി
Monday, December 4, 2017 7:19 AM IST
സംവിധാനം ചെയ്ത നൂറ്റൻപതു സിനിമകളിൽ നൂറെണ്ണവും നൂറുദിവസത്തിനു മുകളിൽ തിയറ്ററുകളിൽ കളിപ്പിച്ച് റിക്കാർഡിട്ട സംവിധായകനെന്ന ഖ്യാതി മാത്രമല്ല ഐ.വി. ശശിക്കുള്ളത്. ഏതു വിഷയവും കൈകാര്യം ചെയ്യാനുള്ള ധൈര്യവും സൂപ്പർ സ്റ്റാറുകളുടെ പിന്തുണയില്ലാതെ സിനിമ വിജയിപ്പിക്കാമെന്നുള്ള ആത്മവിശ്വാസവുമൊക്കെ ഇദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. തന്റെ ചിത്രങ്ങളിലൂടെ അതാതു കാലഘട്ടങ്ങളിലെ നമ്മുടെ നാടിന്റെ നേർക്കാഴ്ചകളൊരുക്കാനും ഇദ്ദേഹം ശ്രദ്ധിച്ചു. നവപ്രേക്ഷകരെപ്പോലും വിസ്മയിപ്പിക്കാനുതകുന്ന ഈ സൃഷ്ടികൾ ബാക്കിയാക്കി ഇദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.
കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണ് ശശി. 1948-ലാണ് ജനനം. എസ്.എസ്.എൽ.സി പാസായ ശേഷം മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്നു ചിത്രകലയിൽ ഡിപ്ലോമ നേടി.1968-ൽ എ.ബി. രാജിന്റെ കളിയല്ല കല്യാണത്തിൽ കലാസംവിധായകനായാണ് ചലച്ചിത്രജീവിതം ആരംഭിച്ചത്. തുടർന്ന് ഛായാഗ്രാഹകനായും സംവിധാന സഹായിയായും പ്രവർത്തനമേഖല വ്യാപിപ്പിച്ചു. 1975-ൽ സ്വതന്ത്ര സംവിധായകനായി ഉദയംചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഉത്സവം മലയാള സിനിമാ ചരിത്രത്തിൽ ഒരു വഴിത്തിരിവായി. പ്രേംനസീർ ഇല്ലാത്ത ചിത്രങ്ങൾ ഹിറ്റാകാത്ത അക്കാലത്ത് കെ.പി. ഉമ്മറും റാണി ചന്ദ്രയും ശ്രീവിദ്യയും മറ്റും അഭിനയിച്ച ഉത്സവം മികച്ച വിജയം നേടി. തുടർന്നു രണ്ടു വർഷത്തിനുള്ളിൽ ഇരുപതോളം ചിത്രങ്ങളൊരുക്കി. തികവാർന്ന ഒരു ക്രാഫ്റ്റ്സ്മാനാണു താനെന്ന് തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹത്തിനു തെളിയിക്കാനായി. പരന്പരാഗത സിനിമാക്കഥകളിൽനിന്നു വേറിട്ട് കുറ്റാന്വേഷണം, രാ ഷ്ട്രീയം തുടങ്ങിയവയൊക്കെ ശശി ചിത്രങ്ങളുടെ വിഷയങ്ങളായി മാറി.
ശശിയുടെ ആദ്യകാലത്തെ ഒട്ടേറെ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് ആലപ്പി ഷെറീഫാണ്. ടി. ദാമോദരൻ, പത്മരാജൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരുടെ ശക്തമായ പ്രമേയങ്ങളും ഇദ്ദേഹം ലളിതമായി അവതരിപ്പിച്ചു.
ഐ.വി. ശശി- ഷെറീഫ് കൂട്ടുകെട്ടിൽ 1978-ൽ പിറന്ന അവളുടെ രാവുകളാണ് ശശിയെ കൂടുതൽ പ്രശസ്തിയിലേക്കുയർത്തിയത്. കലാമൂല്യമേറിയതായിരുന്നു ഈ ചിത്രമെങ്കിലും ശശിയുടെ തനതുസ്പർശത്തോടെ നിർമിച്ച ഈ ചിത്രം ആർട്ട് സിനിമകളുടെ വക്താക്കൾക്ക് അത്രയ്ക്ക് ഉൾക്കൊള്ളാനായില്ല. ഇതോടെ കലാമൂല്യമുള്ള മികച്ച സൃഷ്ടികളാണ് പിൽക്കാലത്ത് ഇദ്ദേഹം തയാറാക്കിയതെങ്കിൽക്കൂടി ഐ.വി. ശശിയെന്നാൽ കച്ചവടസിനിമയുടെ വക്താവെന്നു മുദ്രകുത്തപ്പെടുകയായിരുന്നു. അവളുടെ രാവുകളിൽ നായികയായ സീമ പിന്നീട് ശശിയുടെ ഭാര്യയായി.
കമലഹാസൻ, ഷീല എന്നിവർ അഭിനയിച്ച ഈറ്റ, കമലഹാസൻ, രജനികാന്ത് എന്നിവർ ഒന്നിച്ച അലാവുദ്ദീനും അദ്ഭുതവിളക്കും, ജയൻ നായകനായ അങ്ങാടി, കരിന്പന, മീൻ തുടങ്ങിയവ അക്കാലത്തെ സൂപ്പർഹിറ്റുകളായി മാറി. അങ്ങാടി സൃ ഷ്ടിച്ച ജനകീയ തരംഗം മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു സംവിധായകനും അതിനു മുൻപോ പിൻപോ കിട്ടാത്തത്ര താരപദവിയിലേക്കാണ് ശശിയെ ഉയർത്തിയത്.
അകാലത്തിൽ അന്തരിച്ച സൂപ്പർതാരം ജയനുശേഷം ഒരു മികച്ച നടനുവേണ്ടിയുള്ള ശശിയുടെ അന്വേഷണം മമ്മൂട്ടിയിലാണെത്തിച്ചത്. തൃഷ്ണ എന്ന ചിത്രത്തിൽ തുടങ്ങിയ ശശി- മമ്മൂട്ടി ബന്ധം പിന്നീടു ദീർഘനാൾ നിലനിന്നു. വൻ വിജയം നേടിയ ഈ നാട്, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, അടിയൊഴുക്കുകൾ, ആവനാഴി, അതിരാത്രം, മൃഗയ, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ബൽറാം വേഴ്സസ് താരാദാസ് വരെ മമ്മൂട്ടിയെ നായകനാക്കി 35 സിനിമകളാണ് ഐ.വി. ശശി ഒരുക്കിയത്. മമ്മൂട്ടിയെവച്ച് ഏറ്റവുമധികം ചലച്ചിത്രങ്ങൾ ഒരുക്കുകയും അദ്ദേഹത്തിന്റെ അഭിനയസാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുകയും ചെയ്ത സംവിധായകൻ ഐ.വി. ശശിയാണ്.
മോഹൻലാലിനെയും നായകനായി ഒട്ടേറെ ചിത്രങ്ങളിൽ അവതരിപ്പിച്ചു. ഉയരങ്ങളിൽ, അനുരാഗി, ദേവാസുരം, വർണ്ണപ്പകിട്ട് തുടങ്ങിയ ലാൽ ചിത്രങ്ങൾ ശ്രദ്ധേയങ്ങളാണ്. ട്രെൻഡ് സെറ്ററായി മാറിയ ദേവാസുരം ശശിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. 1985 മുതൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലെത്തിയതോടെ ശശി ഇരുവരെയും ഒന്നിപ്പിച്ചും ചിത്രമെടുത്തു. മമ്മൂട്ടിയും ലാലും ഇതുവരെ ഒന്നിച്ചഭിനയിച്ച 51 സിനിമകളിൽ 14-ഉം സംവിധാനം ചെയ്തത് ഐ.വി. ശശിയാണ്. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലും ഇദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്.
തയാറാക്കിയത്: സാലു ആന്റണി