ശ്രീകുമാരൻ തമ്പി: ആദർശവാനായ ചലച്ചിത്രകാരൻ
Saturday, September 2, 2017 11:15 AM IST
ഹൃദയഗീതങ്ങളുടെ കവിയെന്ന് അറിയപ്പെടുന്ന ശീകുമാരൻ തന്പി ഗാനരചനകൂടാതെ ചലച്ചിത്ര സംവിധായകനെന്ന നിലയിലും തന്റെ വൈഭവം തെളിയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും കഴിവു തെളിയിച്ച പ്രതിഭയാണ് ഇദ്ദേഹം.
മുപ്പതു ചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കച്ചവട താൽപര്യങ്ങൾക്കുവേണ്ടി ഒരുതരത്തിലും സ്വന്തം സ്വത്വത്തെ മാറ്റിമറിക്കാൻ തയാറാകാത്ത വ്യക്തിത്വത്തിന് ഉടമയാണു തന്പി. സാന്പത്തിക നേട്ടമോ സുഹൃത്ബന്ധങ്ങളോ ഒന്നും തന്റെ ആദർശങ്ങൾക്കു വിലങ്ങുതടിയാവാൻ ഇദ്ദേഹം അനുവദിക്കാറുമില്ല. അതുകൊണ്ടുതന്നെ സമൂഹത്തെ മുന്നോട്ടു നയിക്കാൻ ഉതകുന്ന ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ഹരിപ്പാട് പുന്നൂർ തന്പിമാരുടെ തറവാട്ടിലെ അംഗമായ തന്പി എൻജിനീയറിംഗ് ബിരുദധാരിയാണ്. കുട്ടിക്കാലം മുതൽ കവിതാ രചനയിൽ അസാമാന്യ വൈഭവം പുലർത്തിയിരുന്ന ഇദ്ദേഹം, പി. ഭാസ്കരൻ സംവിധാനംചെയ്ത കാക്കത്തന്പുരാട്ടിക്കു തിരക്കഥ രചിച്ചുകൊണ്ടാണു സിനിമയിലെത്തിയത്. എഴുപത്തെട്ടു ചലച്ചിത്രങ്ങൾക്കു തിരക്കഥയൊരുക്കിയിട്ടുള്ള തന്പി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കഥ രചിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്.
1974-ൽ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തി. മുപ്പത് ചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഇവയിൽ ഭൂഗോളം തിരിയുന്നു, മോഹിനിയാട്ടം, മാളിക പണിയുന്നവർ, ജീവിതം ഒരു ഗാനം, പുതിയ വെളിച്ചം, അന്പലവിളക്ക്, നായാട്ട്, ഇടിമുഴക്കം, സ്വന്തമെന്ന പദം, ഗാനം, ആധിപത്യം, ഏതോ ഒരു സ്വപ്നം, യുവജനോത്സവം, ബന്ധുക്കൾ ശത്രുക്കൾ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. സംവിധാനം ചെയ്ത ചിത്രങ്ങൾക്കുവേണ്ടിയെല്ലാം ഗാനരചന നടത്തിയതും തന്പി തന്നെ. എം.എസ്. വിശ്വനാഥ്, വി. ദക്ഷിണാമൂർത്തി, ശ്യാം, രവീന്ദ്രൻ തുടങ്ങിയവരുടെ സംഗീത സംവിധാനത്തിൽ പിറന്ന ഈ ഗാനങ്ങൾ, മലയാള ചലച്ചിത്രഗാനശാഖയിലെ അമൂല്യസൃഷ്ടികളുടെ ഗണത്തിൽപ്പെടുന്നവയാണ്. സംവിധാനം ചെ യ്ത ചിത്രങ്ങളിൽ 22 എണ്ണം നിർമിച്ചതും ഇദ്ദേഹംതന്നെ.
ആദ്യമായി തന്പി ഒരുക്കിയ ചന്ദ്രകാന്തത്തിൽ പ്രേം നസീർ, ജയഭാരതി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സംഗീതത്തിന് ഏറെ പ്രാധാന്യംകൊടുത്ത ചിത്രമാണിത്. എം.എസ് വിശ്വനാഥൻ സംഗീതം നിർവഹിച്ച 13 ഗാനങ്ങളിലൂടെ ഈ ചിത്രം ഇന്നും അനുസ്മരിക്കപ്പെടുന്നു. ആ നിമിഷത്തിന്റെ, ഹൃദയവാഹിനീ തുടങ്ങിയ എവർഗ്രീൻ സൂപ്പർഹിറ്റ് ഗാനങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്.
രാഘവൻ, റാണി ചന്ദ്ര എന്നിവർ അഭിനയിച്ച ഭൂഗോളം തിരിയുന്നു എന്ന ആദ്യകാലചിത്രവും ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ സിനിമ എന്ന പേരിൽ അറിയപ്പെടുന്ന മോഹിനിയാട്ടം അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ലക്ഷ്മി, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച മോഹിനിയാട്ടം മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും തേടിയിരുന്നു. തന്പിയുടെ മറ്റൊരു ചിത്രമായ മാളിക പണിയുന്നവരിൽ മഹേന്ദ്രൻ, സുകുമാരൻ എന്നിവർക്കൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിയും ഒരു പ്രധാന വേഷം ചെയ്തു.
മധു, ശ്രീവിദ്യ എന്നിവർ ഒന്നിച്ച ജീവിതം ഒരു ഗാനം സൂപ്പർഹിറ്റ് നിരയിൽ ഉൾപ്പെട്ടു. ജയൻ, ശ്രീവിദ്യ, ജയഭാരതി എന്നിവർ ഒന്നിച്ച പുതിയ വെളിച്ചം, മധു- ശ്രീവിദ്യ ചിത്രം അന്പലവിളക്ക് എന്നിവയും വിജയംനേടി. ജയൻ ചിത്രങ്ങളായ നായാട്ട്, ഇടിമുഴക്കം, മധു, ശ്രീവിദ്യ ജോഡിചേർന്ന സ്വന്തമെന്ന പദം എന്നിവയും ഹിറ്റുകളായിരുന്നു. കന്നട നടൻ അംബരീഷ് ലക്ഷ്മിക്കൊപ്പം അഭിനയിച്ച സംഗീതപ്രാധാന്യമുള്ള ചിത്രമാണ് ഗാനം. ഈ ചിത്രം പ്രശസ്ത സംഗീതജ്ഞനായ ബാലമുരളീകൃഷ്ണ ആലപിച്ച മൂന്നു ഗാനങ്ങൾകൊണ്ട് അനശ്വരമായി. മോഹൻലാലിനെ നായകനാക്കി സംവിധാനം നിർവഹിച്ച യുവജനോത്സവം വൻ വിജയം നേടിയ മറ്റൊരു ചിത്രമാണ്.
ജയറാം, മുകേഷ്, രോഹിണി, രൂപിണി എന്നിവർ അഭിനയിച്ച ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിനുവേണ്ടി തന്പി ഗാനരചനയ്ക്കൊപ്പം സംഗീത സംവിധാനവും നിർവഹിച്ചിരുന്നു. 2015-ൽ പുറത്തിറങ്ങിയ അമ്മയ്ക്കൊരു താരാട്ടാണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം വിവിധ ചലച്ചിത്ര- സാഹിത്യ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ രാജേശ്വരി. മക്കൾ: കവിത, രാജകുമാരൻ തന്പി.
തയാറാക്കിയത്: സാലു ആന്റണി