തന്‍റെ ജീവിതത്തിലെ വ്യത്യസ്തത സൃഷ്ടിച്ച സിനിമകളിലും പുലർത്തിയ സംവിധായകനായിരുന്നു ജോണ്‍ എബ്രഹാം. ആത്മസാക്ഷാത്കാരത്തിനു വേണ്ടി സിനിമയെടുക്കാറില്ല, മറിച്ച് ജനങ്ങളോടു ചിലതു വിളിച്ചുപറയണമെന്നു തോന്നുന്പോഴാണ് താൻ സൃഷ്ടാവുന്നത് എന്ന പ്രഖ്യാപനത്തോടെ, ആരുടെയും മുന്പിൽ മുട്ടുമടക്കാതെ അദ്ദേഹം ജീവിതാന്ത്യം വരെ തന്‍റെ നിലപാടുകളിൽ ഉറച്ചുനിന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജോൺ എബ്രഹാമിന്‍റെ രണ്ടു ദൗർബല്യങ്ങളായിരുന്നു സുഹൃത്തുക്കളും ലഹരിയും. കോഴിക്കോട്ട് ഒരു കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുന്നതുവരെയും ഇതു തുടർന്നു. വെറും നാലു ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള ജോണ്‍ എബ്രഹാമിന്‍റെ സിനിമകളുടെ മൂല്യം അദ്ദേഹത്തിന്‍റെ മരണശേഷമാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.

കുട്ടനാട്ടിലെ ചേന്നങ്കരിയിലാണ് ജോണിന്‍റെ ജനനം. സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം കോയന്പത്തൂരിൽ എൽഐസി ഉദ്യോഗസ്ഥനായി കുറേക്കാലം ജോലി ചെയ്തു. എന്നാൽ, സിനിമയോടുള്ള അഭിനിവേശം ജോലി രാജിവച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാ പഠനത്തിനു ചേരുന്നതിൽ എത്തിച്ചു. അവിടെ നിന്നും സ്വർണ മെഡലോടുകൂടി പഠനം പൂർത്തിയാക്കിയതിനുശേഷം ബംഗാളി സംവിധായകനായ ഋഥ്വിക് ഘട്ടക്കിന്‍റെ കീഴിൽ പരിശീലനത്തിനായി ചേർന്നു. പ്രമുഖ സംവിധായകനായ മണി കൗളിനൊപ്പം സഹായിയായി പ്രവർത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.

1972-ൽ തിയറ്ററുകളിലെത്തിയ "വിദ്യാർഥികളെ ഇതിലേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണു സ്വതന്ത്ര സംവിധായകനാകുന്നത്. തന്‍റെ ആദ്യ ചിത്രത്തിന് വേണ്ടത്ര ശ്രേഷ്ഠതയില്ലായിരുന്നെന്നു സ്വയം വിലയിരുത്താനും ഈ പ്രതിഭ തയാറായി. തുടർന്ന് അഗ്രഹാരത്തിലെ കഴുത (തമിഴ്), ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ എന്നീ അതുല് യസൃഷ്ടികളൊരുക്കി. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും ജോണ്‍ ചിത്രങ്ങളുടെ പ്രത്യേകതയായിരുന്നു. ഇവയോടൊപ്പം പുലർത്തിയ പരീക്ഷണാത്മകതയും അദ്ദേഹത്തിന്‍റെ സിനിമകളെ വേറിട്ടുനിർത്തി.

അഗ്രഹാരത്തിലെ കഴുത നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രമാണ്. ഉന്നതകുലജാതരായ ബ്രാഹ്മണർ പാർക്കുന്ന അഗ്രഹാരത്തിൽ അലഞ്ഞുനടന്ന ഒരു കഴുതയെ അഗ്രഹാരത്തിൽ തന്നെയുള്ള പ്രഫ. നാരായണസ്വാമി തന്‍റെ വളർത്തുമൃഗമാക്കുന്നു. ഗ്രാമവാസികൾക്ക് തികച്ചും അനഭിമതമായിരുന്നു ഈ തീരുമാനം. തുടർന്നു ഗ്രാമത്തിലുണ്ടായ ചില ദുർനിമിത്തങ്ങൾ ഈ കഴുത മൂലമാണെന്ന് ആരോപിച്ച് ഗ്രാമവാസികൾ കഴുതയെ കൊല്ലുന്നു. എന്നാൽ, ഇതിനുശേഷം ഗ്രാമത്തിൽ ചില അദ്ഭുത സംഭവങ്ങളുണ്ടാകുകയാണ്. ഇതും കഴുതമൂലമാണെന്നു ധരിച്ച ഗ്രാമവാസികൾ കഴുതയുടെ മൃതശരീരത്തെ പൂജിക്കുന്നതാണു ചിത്രത്തിന്‍റെ കഥ. സവർണ മേധാവിത്വത്തോടുള്ള വെല്ലുവിളിയായാണ് ചിത്രം വ്യാഖ്യാനിക്കപ്പെട്ടത്. അതോടൊപ്പം ഏറെ വിമർശനങ്ങളും ഈ ചിത്രം ഏറ്റുവാങ്ങി. പ്രശസ്ത സംഗീത സംവിധായകനായ എം.ബി. ശ്രീനിവാസനാണ് പ്രഫ. നാരായണസ്വാമിയെ അവതരിപ്പിച്ചത്.

അടുത്ത ചിത്രമായ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളിൽ നാടുവാഴി ദുഷ്പ്രഭുത്വത്തിന്‍റെ പിന്തുടർച്ചക്കാരായ ഭൂവുടമകളുടെ അക്രമങ്ങളും പോലീസ് അരാജകത്വവുമാണ് ജോൺ തുറന്നുകാട്ടിയത്. തന്‍റെ ജൻമനാടായ കുട്ടനാടാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലമായി അദ്ദേഹം സ്വീകരിച്ചത്.

ഒരു കാലഘട്ടത്തിലെ യുവാക്കളെ ഉദ്ദീപിപ്പിച്ച നക്സലിസത്തിന്‍റെ അനന്തരഫലമായിരുന്നു അമ്മ അറിയാൻ എന്ന ചിത്രം. സംവിധായകനും നടനുമായി ഇപ്പോൾ തിളങ്ങുന്ന ജോയ് മാത്യുവായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കോഴിക്കോട് കേന്ദ്രമായി ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയ്ക്കും അദ്ദേഹം രൂപം നൽകി. ഒഡേസയുടെ ശ്രമഫലമായി സാധാരണ ജനങ്ങളിൽ നിന്നു ചില്ലിക്കാശുവരെ ഇരന്നുവാങ്ങിക്കൊണ്ടാണ് അമ്മ അറിയാൻ നിർമിച്ചത്. വിതരണത്തിലെ കുത്തക തട്ടിത്തെറിപ്പിച്ച് തെരുവോരങ്ങളിലും ചന്തയിലും പൊതുസ്ഥലങ്ങളിലുമുള്ള പാവങ്ങളുടെ മുന്നിൽ അമ്മ അറിയാൻ പ്രദർശിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ ജനകീയ സിനിമയുടെ പിതാവായി ജോണ്‍ അവരോധിക്കപ്പെടുകയും ചെയ്തു.

സാധാരണക്കാരന്‍റെ സിനിമ എന്നും ജോണ്‍ ഏബ്രഹാമിന്‍റെ സ്വപ്നമായിരുന്നു. തനിക്ക് ഒരു കാമറ മാത്രമേയുള്ളുവെങ്കിലും അതുമായി ജനങ്ങൾക്കിടയിലൂടെ നടന്നു സിനിമ നിർമിക്കാനാകുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നിരവധി അക്കാദമിക് അംഗീകാരങ്ങൾ നേടിയിട്ടുള്ളവയാണ് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങൾ. മൂന്നു ഡോക്യുമെന്‍ററികൾ സംവിധാനം ചെയ്തിട്ടുള്ള ജോൺ നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. 1987-ൽ 49-ാം വയസിലാണ് ജോൺ ലോകത്തോട് യാത്ര പറഞ്ഞത്.

സാലു ആന്‍റണി