സാമൂഹ്യപരിഷ്കരണത്തിനു സിനിമയെ ഉപയോഗിച്ച ടി.വി. ചന്ദ്രൻ
Monday, July 3, 2017 5:19 AM IST
സൂക്ഷ്മതയോടെയുള്ള സാമൂഹ്യനിരീക്ഷണത്തിനുശേഷം തയാറാക്കുന്ന പ്രമേയങ്ങൾ, അവയ്ക്ക് അതീവ ശ്രദ്ധയോടെ നൽകുന്ന ദൃശ്യപരിചരണം- സംവിധായകൻ ടി.വി. ചന്ദ്രന്റെ ചിത്രങ്ങൾ വ്യത്യസ്തങ്ങളാകുന്നത് ഇവിടെയാണ്. സാമൂഹ്യപരിഷ്കരണത്തിനു സിനിമയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചിന്തയാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് എത്തിക്കുന്നതുതന്നെ. ആദ്യം അഭിനേതാവും സഹസംവിധായകനുമായി. പിന്നീടു സംവിധായകനും തിരക്കഥാകൃത്തും. താൻ സംവിധാനംചെയ്ത എല്ലാ ചിത്രങ്ങളുടെയും രചന നിർവഹിച്ചതും ഇദ്ദേഹംതന്നെ.
റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു ടി.വി. ചന്ദ്രൻ. പവിത്രൻ നിർമിച്ചു ബക്കർ സംവിധാനംചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേക്കെത്തുന്നത്. രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗങ്ങളിൽ സമാനചിന്ത പുലർത്തിയ ഒരു യുവകൂട്ടായ്മയായിരുന്നു ഇവരുടേത്.
ചരിത്രം, രാഷ്ട്രീയം, സ്ത്രീ സ്വാതന്ത്ര്യവാദം തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ സിനിമകളുടെ പ്രമേയം. ഗൗരവമേറിയ വിഷയങ്ങൾപോലും ലളിതമായ രീതിയിൽ അവതരിപ്പിക്കാൻ ചന്ദ്രനു സാധിച്ചു. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം പ്രേക്ഷകരെയും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ആകർഷിച്ചു. കൊമേഴ്സ്യൽ വിജയത്തിനുവേണ്ടിയുള്ള ചേരുവകൾ ഇവയിൽ അശേഷം ഇല്ലായിരുന്നുവെങ്കിൽപ്പോലും.
കൃഷ്ണൻകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചന്ദ്രൻ സംവിധായകനായി തുടക്കമിട്ടത്. എങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നത് ഹേമാവിൻ കാതലിർകൾ എന്ന തമിഴ് ചിത്രത്തിലൂടെ. 1989-ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണമാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഇടയാക്കിയത്. പ്രശസ്തമായ ലൊക്കാർണോ ചലച്ചിത്രമേളയിൽ ഇന്ത്യയുടെ ഒൗദ്യോഗിക ചിത്രമായി ആലീസിന്റെ അന്വേഷണം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മമ്മൂട്ടിയുടെ നടനസാധ്യതകൾ മുതലാക്കി നിർമിച്ച ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെ പ്രശസ്തി നേടുന്നത്. 1993-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പൊന്തൻമാടയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഇദ്ദേഹം കരസ്ഥമാക്കി. 1940-ലെ സാഹചര്യങ്ങളാണ് ഈ ചിത്രത്തിൽ പശ്ചാത്തലമാക്കിയത്. താഴ്ന്ന ജാതിയിൽപ്പെട്ട മാടയും ഇംഗ്ലണ്ടിൽനിന്നും പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തന്പുരാനും തമ്മിലുള്ള ആത്മബന്ധമായിരുന്നു പൊന്തൻമാടയിൽ ദൃശ്യവത്കരിച്ചത്. മാടയായി മമ്മൂട്ടിയും ശീമ തന്പുരാനായി ബോളിവുഡ് നടൻ നസറുദ്ദീൻ ഷായും മികച്ച പ്രകടനം കാഴ്ചവച്ചു.
1958-ൽ നടന്ന വിമോചനസമരത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഓർമകൾ ഉണ്ടായിരിക്കണം. ജയൻ എന്ന ബാലന്റെ കണ്ണുകളിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. കമ്യൂണിസ്റ്റ് പ്രവർത്തകനായ ടെയ്ലർ ഭാസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.
മമ്മൂട്ടി അവിസ്മരണീയ പ്രകടനം നടത്തിയ മറ്റൊരു ചിത്രമായ ഡാനി, ടി.വി. ചന്ദ്രന്റെ യശസുയർത്തിയ ചിത്രമാണ്. സൂപ്പർ താരത്തിന്റെ വേറിട്ട അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകനു പരിചയപ്പെടുത്തിക്കൊടുക്കാൻ സംവിധായകനു സാധിച്ചു. മമ്മൂട്ടി ഏറെ സ്വഭാവികതയോടെ കൊച്ചിഭാഷ പറഞ്ഞു ഫലിപ്പിക്കാൻ കാണിച്ച പ്രാവീണ്യം ചിത്രത്തിന്റെ മാറ്റുകൂട്ടിയ മറ്റൊരു ഘടകമാണ്. ടി.വി. ചന്ദ്രന്റെ ചിത്രങ്ങളിൽതന്നെ അദ്ദേഹത്തിന് ഏറ്റവും മികച്ചതായി തോന്നിയത് ഡാനിയിലെ മമ്മൂട്ടിയുടെ പ്രകടനമാണെന്ന് അദ്ദേഹം പറയുന്നു. ""ഡാനിയായി മമ്മൂട്ടി ബിഹേവ് ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് മറ്റു സിനിമകളിൽനിന്നു വിഭിന്നമായി ഞാൻ അതിന്റെ ടൈറ്റിലിൽ അഭിനയം- മമ്മൂട്ടി എന്നു കൊടുത്തിരിക്കുന്നത്. അവിടെയൊരു പകർന്നാട്ടംതന്നെയാണു നടന്നിരിക്കുന്നത്.’’- ടി.വി. ചന്ദ്രന്റെ വാക്കുകളാണിത്.
വിമോചനസമരവും അടിയന്തരാവസ്ഥയും പ്രമേയമാക്കിയ മങ്കമ്മ, ഒരേ സമയം അഞ്ചു പുരുഷന്മാരോടൊപ്പം ജീവിക്കുന്ന സ്ത്രീയുടെ കഥ പറഞ്ഞ സൂസന്ന, ബാലവിവാഹത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്ന പാഠം ഒന്ന് ഒരു വിലാപം, ലോക പ്രശസ്ത ചലച്ചിത്രകാരനായ അകീര കുറസോവയുടെ റാഷമോണിൽനിന്നു പ്രചോദനമുൾക്കൊണ്ട കഥാവശേഷൻ, ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയ വിലാപങ്ങൾക്കപ്പുറം എന്നിവയും ഇദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽപ്പെടുന്നു. ഭൂമി മലയാളം. ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികൾ എന്നീ ചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയതാണ്. ആടുംകൂത്ത് (തമിഴ്) ദേശീയ പുരസ്കാരം നേടിയ മറ്റൊരു ചിത്രമാണ്.
സാലു ആന്റണി