രാജീവ് അഞ്ചൽ എന്ന ശിൽപി
Friday, August 11, 2017 2:29 AM IST
ഒരു കലാകാരന്റെ സൃഷ്ടികളുടെ മൂല്യമളക്കുന്നത് അവ ആസ്വാദകർക്ക് എത്രമാത്രം പ്രയോജനപ്പെട്ടു എന്നതുകൂടി പരിഗണിച്ചുകൊണ്ടാണ്. ഇങ്ങനെയൊരു വിലയിരുത്തലിൽ രാജീവ് അഞ്ചൽ എന്ന സംവിധായകന്റെ സ്ഥാനം ഉന്നതങ്ങളിലാണ്. ഗുരു എന്ന ചിത്രമൊരുക്കിയതിലൂടെയാണു രാജീവ് ഈ നേട്ടം കൈവരിച്ചത്. തങ്ങളുടെ അന്ധമായ മതവിശ്വാസത്തിൽ മുറുകെപ്പിടിച്ച് സഹജീവികളെ കൊല്ലാൻ പോലും മടിക്കാത്ത മനുഷ്യരാശിയുടെ കഥയാണ് പ്രതീകാത്മകമായി ഈ ചിത്രത്തിലൂടെ രാജീവ് അവതരിപ്പിച്ചത്. എക്കാലത്തും ഏറെ പ്രസക്തിയുള്ള ഒരു വിഷയം തെരഞ്ഞെടുത്തു ചിത്രംകാണുന്ന പ്രേക്ഷകരുടെ ഉള്ളിൽ വെളിച്ചത്തിന്റെ കണികകൾ വിതറാൻ കഴിഞ്ഞുവെന്നുള്ളത് സംവിധായകന്റെ നേട്ടമാണ്. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഗുരു ഓസ്കർ പുരസ്കാരത്തിന് നാമനിർദേശംചെയ്യപ്പെട്ട ആദ്യ മലയാളചിത്രവുമായിരുന്നു.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിലുപരി ഒരു ശില്പികൂടിയാണ് ഇദ്ദേഹം. ഒരു ശില്പിയായി അറിയപ്പെടാനാണ് അദ്ദേഹത്തിന് ഏറെ താൽപര്യവും. കാരണം ഒരു ശിൽപത്തിന്റെ ആയുസ് മറ്റേതു കലാസൃഷ്ടിക്കാളും ഉപരിയായി നിലകൊള്ളുമെന്ന് രാജീവിനറിയാം. ഇദ്ദേഹത്തിന്റെ നാടായ കൊല്ലം അഞ്ചലിന് അടുത്തുള്ള ചടയമംഗലത്തെ ജഡായു പ്രതിമ, പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ പർണശാല തുടങ്ങിയവയുടെ നിർമാണ ആശയം രാജീവിന്റേതാണ്. ശില്പിയായി പ്രവർത്തിക്കുന്നതിന്റെ ഇടവേളകളിലാണ് ഇദ്ദേഹം സിനിമയിലേക്കു തിരിയുന്നത്. പ്രേക്ഷകർക്ക് എന്തെങ്കിലും ആശയം പകരാനുണ്ട് എന്ന തോന്നൽ ശക്തമാകുന്പോഴാണ് താൻ സിനിമ ഒരുക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.
ഒരു കലാസംവിധായകനായാണ് രാജീവ് തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. അഥർവം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി കലാസംവിധാനം നിർവഹിക്കുന്നത്. തുടർന്നു പദ്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലും കലാസംവിധായകനായി പ്രവർത്തിച്ചു.
ബട്ടർഫ്ളൈസ് എന്ന ആഘോഷചിത്രമാണ് രാജീവ് ആദ്യമായി സംവിധാനം ചെയ്തത്. മോഹൻലാൽ, ജഗദീഷ്, നാസർ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിലെ നായികയായ ഐശ്വര്യയുടെ ഇരട്ടവേഷവും ശ്രദ്ധേയയായി. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി പാട്ടും നൃത്തവുമൊക്കെ കൂട്ടിച്ചേർത്ത് ആകർഷണീയമാക്കിയവയാണ് ഇദ്ദേഹം ബട്ടർഫ്ളൈസ് ഒരുക്കിയത്. അപ്പോഴും തന്റെ സൃഷ്ടിയുടെ നിലവാരം താഴ്ന്നുപോകാതിരിക്കാനും സൗന്ദര്യാത്മകത നിലനിർത്തുന്നതിനുമുള്ള വിവേകവും ഇദ്ദേഹം കാണിച്ചു.
എ.കെ. സാജന്റെ തിരക്കഥയിൽ ഡൽഹി പശ്ചാത്തലമാക്കിയുള്ള കാഷ്മീരം എന്ന ആക്ഷൻ ചിത്രമാണ് തുടർന്നു രാജീവ് സംവിധാനംചെയ്തത്. തിയറ്റർ വിജയം നേടിയ ഈ ചിത്രത്തിൽ എൻ.എസ്.ജി ഓഫീസറായ ശ്യാം എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപിയാണ്.
ഗുരു എന്ന ചിത്രമൊരുക്കിയതിലൂടെയാണു രാജീവ് കീർത്തി നേടിയത്. ഹിന്ദു- മുസ്ലിം വർഗീയ സംഘട്ടനം പശ്ചാത്തലമാക്കി രാജീവ് രചിച്ച കഥയ്ക്ക് സി.ജി. രാജേന്ദ്രബാബു തിരക്കഥയൊരുക്കി. ഗുരുവിൽ രഘുറാം എന്ന നായകകഥാപാത്രമായി രംഗത്തുവന്നതു മോഹൻലാലാണ്. വർഗീയ ലഹളക്കിടയിൽ തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്തവരെ നശിപ്പിക്കാനായി രഘുരാമൻ ഇറങ്ങിപ്പുറപ്പെടുന്നു. പക്ഷേ, യാദൃച്ഛികമായി ചെന്നെത്തുന്നത് ഒരു ഗുരുവിന്റെ ആശ്രമത്തിൽ. അവിടെ ധ്യാനത്തിലായ രഘുരാമൻ ഒരു കാൽപനിക ലോകത്തിലേക്കു പ്രവേശിക്കുന്നതായി സ്വപ്നം കാണുന്നു. ആ ലോകത്തുള്ളവരെല്ലാം അന്ധരാണ്. ആരാധനാദോഷംകൊണ്ട് അന്ധരായിപ്പോയവർ. അവരുടെ അന്ധത നീക്കാൻ രഘുരാമൻ നിമിത്തമാകുന്നു. മതാന്ധത നിറഞ്ഞ ലോകത്തിന്റെ പ്രതിരൂപമായിരുന്നു താൻ സ്വപ്നത്തിൽ കണ്ടതെന്നു രഘുരാമൻ തിരിച്ചറിയുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്നു മനസിലാക്കിയ അദ്ദേഹം പ്രതികാര ചിന്ത ഉപേക്ഷിച്ച് തന്റെ ആയുധങ്ങൾ വലിച്ചെറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
കലോപാസകനായ രാജീവിന്റെ കഴിവുകൾ ചിത്രത്തിൽ ഉടനീളം വ്യക്തമായിരുന്നു. സാങ്കൽപിക രാജ്യം, വേറിട്ട ജനത, അവർ ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾപോലും പ്രത്യേകതയുള്ളതാണ്. ഗാനങ്ങളൊരുക്കിയ ഇളയരാജയെ കാണുന്നതിനായി രാജീവ് പോകുന്പോൾ സിനിമയിൽ ഉപയോഗിക്കുന്ന വ്യത്യസ്തമായ സംഗീതോപകരണങ്ങളും കൂടെ കരുതിയിരുന്നു. ഈ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്നതെന്ന തോന്നൽ ഉളവാക്കുന്ന സംഗീതമാണ് ഇളയരാജ ചിത്രത്തിനു നൽകിയത്.
സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവർ അഭിനയിച്ച പൈലറ്റ്സ്, മീരാ ജാസ്മിൻ ഗായികയായി അഭിനയിച്ച പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തവയാണ്. ബിയോണ്ട് ദി സോൾ, നതിംഗ് ബട്ട് ലൈഫ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങൾക്കു രചനയും സംവിധാനവും നിർവഹിച്ചതും ഇദ്ദേഹമാണ്.
തയാറാക്കിയത്: സാലു ആന്റണി