സമാന്തര സിനിമയെ സ്നേഹിച്ച കെ.ആർ. മോഹനൻ
Thursday, November 16, 2017 4:11 AM IST
കേരളത്തിൽ സമാന്തര സിനിമയുടെ വളർച്ചയ്ക്ക് ഏറെ സഹായിച്ച സംവിധായകനാണ് കെ.ആർ. മോഹനൻ. ചലച്ചിത്രപ്രവർത്തനവും സാംസ്കാരിക പ്രവർത്തനവും ഒരേ ലക്ഷ്യത്തിലേക്കുള്ള വഴിയാണെന്നു തിരിച്ചറിഞ്ഞുള്ള സപര്യയായിരുന്നു ഇദ്ദേഹത്തിന്റേത്. ഈ പ്രതിഭയുടെ സൃഷ്ടികൾക്കും ഏറെ പ്രത്യേകതയുണ്ടായിരുന്നു. വാണിജ്യവിജയം ലക്ഷ്യമാക്കി തുടരെത്തുടരെ സിനിമകളൊരുക്കി സിനിമാ മതിലുകൾക്കുള്ളിൽ ഒതുങ്ങാൻ ഇദ്ദേഹം തയാറായില്ല. സമൂഹനന്മ ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ ചലച്ചിത്രങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശൈലി. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ, രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 69-കാരനായ ഇദ്ദേഹം അടുത്തകാലത്ത് അന്തരിച്ചു.
സിനിമയുടെ ദൃശ്യസൗന്ദര്യം എന്തെന്ന് ആസ്വാദകരെ ബോധ്യപ്പെടുത്തിയ ഒരുപറ്റം സംവിധായകർ നമുക്കുണ്ട്. മറ്റുള്ളവർ സഞ്ചരിച്ചവഴിയിൽനിന്നെല്ലാം വേറിട്ട സഞ്ചാരപഥങ്ങളാണ് അവർ തെരഞ്ഞെടുത്തത്. അവരുടെ സിനിമകളൊക്കെയും തിയറ്റർ പ്രദർശനത്തിനപ്പുറം കാലാതീതമായി നിലകൊള്ളുന്ന ഉജ്വല കലാസൃഷ്ടികളായി മാറി. ആസ്വാദനത്തിന്റെ പുതിയ മേഖലകളിലേക്കും ചിന്തകളുടെ പുത്തൻ സരണികളിലേക്കും അവ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. 39 വർഷം മുന്പ് അശ്വത്ഥാമാ എന്ന സിനിമ സംവിധാനംചെയ്തതിലൂടെ കെ.ആർ. മോഹനനും ഈ ഗണത്തിൽപ്പെട്ടു. നാമമാത്രമായ ചലച്ചിത്രങ്ങൾ മാത്രമേ ഇദ്ദേഹം തയാറാക്കിയിട്ടുള്ളുവെങ്കിലും അവ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്കിടയിലും ചലച്ചിത്രനിരൂപകർക്കിടയിലും ഇന്നും ഏറെ ചർച്ചചെയ്യപ്പെടുന്നവയാണ്.
ചാവക്കാടിന്റെ തീരമേഖലയായ തിരുവത്രയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. തൃശൂർ സെന്റ് തോമസ് കോളജിൽ പഠിച്ച് പുറത്തിറങ്ങിയ മോഹനൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ചലച്ചിത്രപഠനവും പൂർത്തിയാക്കിയാണ് സിനിമാമേഖലയിൽ എത്തിച്ചേർന്നത്. പഠനശേഷം ആദ്യമെടുത്ത ചിത്രം അശ്വത്ഥാമാ. ഈ ചിത്രം 1975-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയത് പുതുമുഖ സംവിധായകനെന്ന നിലയിൽ ഇദ്ദേഹത്തിന് നേട്ടമായി. തുടർന്ന് 12 വർഷങ്ങൾക്കുശേഷമാണ് അടുത്ത ചിത്രം സംവിധാനംചെയ്തത്. 1987-ൽ പുറത്തിറങ്ങിയ പുരുഷാർഥമായിരുന്നു ഈ ചിത്രം. രണ്ടാത്തെ സംരംഭവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടി. 92-ൽ സ്വരൂപം എന്ന ചിത്രംകൂടി ഇദ്ദേഹം ഒരുക്കി. തീവ്ര വർഗീയ നിലപാടുകളെ ദീർഘവീക്ഷണത്തോടെ സമീപിച്ച ചിത്രമായിരുന്നു സ്വരൂപം. സിനിമകൾക്കു പുറമെ 32 ഡോക്യുമെന്ററികളും ഇദ്ദേഹം സംവിധാനംചെയ്തു.
എഴുപതുകളിൽ പുത്തൻ പ്രമേയങ്ങളും പരീക്ഷണങ്ങളുമായി എത്തിയ നവസിനിമയുടെ അമരക്കാരിൽ മോഹനന് ഗണ്യമായ സ്ഥാനമാണുള്ളത്. തനിക്കു പറയാനുള്ള കാര്യങ്ങളൊക്കെ തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുമായി സംവദിച്ചു. സിനിമയൊരുക്കുന്നതിനുമുന്പ് അദ്ദേഹം സമൂഹത്തെ കണ്ണുതുറന്നു കണ്ടു. ചിരിപ്പിച്ചു രസിപ്പിച്ച് കാഴ്ചക്കാരെ പുറത്തേക്ക് അയയ്ക്കുകയല്ല ഇദ്ദേഹം ചെയ്തിരുന്നത്. അർഥവത്തായ സൃഷ്ടികളൊരുക്കുമെന്ന ദൃഢനിശ്ചയമുണ്ടായിരുന്നതിനാൽ ഓരോ സിനിമയ്ക്കുശേഷവും വർഷങ്ങളുടെ ഇടവേളകൾ എടുത്ത് സൂക്ഷ്മതയോടെയാണ് ഇദ്ദേഹം സിനിമ ചെയ്തത്. പ്രേക്ഷകരുടെ ചിന്തകൾക്ക് ഉണർവേകാൻ പര്യാപ്തമായ ഈ സിനിമകൾ മൗലികമായ കലാസൃഷ്ടികളായി മാറി.
സിനിമയും സൗഹൃദവുമായിരുന്നു കെ.ആർ. മോഹനനന്റെ ജീവവായു. കേരളത്തിലെ ചലച്ചിത്ര സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും ചലച്ചിത്ര ഉത്സവങ്ങൾക്കും അതിശക്തമായ ദിശാബോധം തീർക്കാൻ തന്റെ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം പ്രവർത്തിച്ചുപോന്നു. 2008 മുതൽ 2011 വരെ കേരള ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയെ ജനകീയമാക്കിയതിൽ പ്രധാനപങ്കുവഹിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം. സാമൂഹിക, സാംസ്കാരിക ഇടങ്ങളിലെ എല്ലാ വിഷയങ്ങളോടും കരുതലോടെ പ്രതികരിക്കാനും ഇദ്ദേഹം തയാറായി. ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനും അതിനെ സർഗാത്മകമായി ഉയർത്തിയെടുക്കുന്നതിനും വലിയ ഇടപെടലുകൾ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
സീരിയലുകൾ മലയാളം ടെലിവിഷൻ രംഗം അടക്കി വാണ കാലത്ത് കലാമൂല്യമുള്ള വ്യത്യസ്തമായ പരിപാടികൾ ഒരുക്കി ടെലിവിഷൻ രംഗത്തും ഇദ്ദേഹം ശ്രദ്ധേയനായി മാറിയിരുന്നു.
തയാറാക്കിയത്: സാലു ആന്റണി