ചരിത്രമെഴുതിയ ടി.ആർ. സുന്ദരം
Friday, October 27, 2017 3:32 AM IST
ഇന്ത്യൻ സിനിമയ്ക്ക് സാങ്കേതികരംഗത്തുണ്ടായ നവീനതകൾ കാലക്രമേണ മലയാളത്തിലേക്കുമെത്തി. ഇതിന് അധികം കാലതാമസമൊന്നുമുണ്ടായില്ലെന്നു ചരിത്രവഴികൾ പരിശോധിച്ചാൽ വ്യക്തമാകും. തുടക്കകാലത്തെ പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞു മലയാളസിനിമയ്ക്കു തനതായ അടിത്തറ പാകാൻ യത്നിച്ച നിരവധി പ്രതിഭാധനരുണ്ട്. അവരിലൊരാളാണ് നിർമാതാവും സംവിധായകനുമായ ടി.ആർ. സുന്ദരം.
1931-ലാണ് ഇന്ത്യയിലെ ആദ്യശബ്ദചിത്രമായ ആലം ആരാ ഹിന്ദിയിൽ സൃഷ്ടിക്കപ്പെടുന്നത്. ഇതിനുശേഷം ആറു വർഷങ്ങൾ പൂർത്തിയായപ്പോൾ ബാലൻ എന്ന പേരിൽ മലയാളത്തിലും ഒരു ശബ്ദചിത്രം പിറവിയെടുത്തു. ടി.ആർ. സുന്ദരം എന്ന നിർമാതാവാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്. എസ്. നൊട്ടാണി സംവിധാനംചെയ്ത ബാലന്റെ വൻ വിജയത്തെത്തുടർന്ന് മറ്റു ഭാഷകളിലും ഇദ്ദേഹം ചിത്രങ്ങളൊരുക്കി. പിന്നീട് സംവിധാനത്തിലേക്കും സുന്ദരത്തിന്റെ ശ്രദ്ധ തിരിഞ്ഞു. വിവിധ ഭാഷകളിലായി സുന്ദരം നിർമിച്ച നൂറിലേറെ ചിത്രങ്ങളിൽ അന്പത്തിയാറെണ്ണം ഇദ്ദേഹംതന്നെ സംവിധാനംചെയ്തവയാണ്. കണ്ടം ബച്ച കോട്ട് എന്ന ചിത്രത്തിലൂടെ മലയാളക്കരയിലും സംവിധായകനായി സാന്നിധ്യം അറിയിച്ചു. മലയാളത്തിലെ ആദ്യത്തെ ബഹുവർണ ചിത്രമെന്ന പ്രത്യേകത ഉള്ള സിനിമയായിരുന്നു ഇത്. അങ്ങനെ ആദ്യശബ്ദ ചിത്രത്തിന്റെ നിർമാതാവ്, ആദ്യ കളർ ചിത്രത്തിന്റെ സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയുടെ ചരിത്രത്താളുകളിൽ ഇദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.
കോയന്പത്തൂരിലെ ഒരു സന്പന്ന കുടുംബത്തിലെ അംഗമായിരുന്നു ടി.ആർ. സുന്ദരം. ഇംഗ്ലണ്ടിൽനിന്നു ടെക്സ്റ്റൈൽ എൻജിനിയറിംഗ് ബിരുദംനേടിയതിനുശേഷം നാട്ടിലെത്തിയ ഇദ്ദേഹം കുടുംബ ബിസിനസ് ഏറ്റെടുത്തെങ്കിലും താമസിയാതെ സിനിമാവ്യവസായത്തിലേക്കു തിരിയുകയായിരുന്നു. ഇംഗ്ലണ്ടിലെ പഠനകാലത്ത് പരിചയപ്പെട്ട ബ്രിട്ടീഷ് വനിത ഗ്ലാഡിസിനെയാണ് ഇദ്ദേഹം ഭാര്യയാക്കിയത്. കലയോടും സിനിമയോടുമൊക്കെ താൽപര്യമുണ്ടായിരുന്ന ഭാര്യ ഗ്ലാഡിസിന്റെ താൽപര്യപ്രകാരമാണ് സുന്ദരം സിനിമാ മേഖലയിലേക്കു തിരിഞ്ഞത്.
1936-ൽ സിനിമാ നിർമാണത്തിനുവേണ്ടി സേലത്ത് മോഡേണ്‍ തിയേറ്റേഴ്സ് എന്ന വന്പൻ സംരംഭം സ്ഥാപിച്ചുകൊണ്ടുള്ള ഗംഭീരതുടക്കമായിരുന്നു സുന്ദരം നടത്തിയത്. ഷൂട്ടിംഗ് ഫ്ളോറുകൾ, സ്റ്റുഡിയോ, റെക്കോർഡിംഗ് തിയറ്റർ, ഫിലിം പ്രോസസിംഗ് ലാബറട്ടറി തുടങ്ങിയ സംവിധാനങ്ങളൊക്കെ മോഡേണ്‍ തിയറ്റേഴ്സിൽ സജ്ജമാക്കിയിരുന്നു. അക്കാലത്തെ ഒന്നാംനിരയിൽപ്പെട്ട ഹോളിവുഡ് സ്റ്റുഡിയോകൾ സന്ദർശിച്ചാണ് സുന്ദരം ഇതിനുവേണ്ട അറിവുകൾ നേടിയത്. മോഡേണ്‍ സ്റ്റുഡിയോ തുടങ്ങി തൊട്ടടുത്ത വർഷം സതി അഹല്യ എന്ന പേരിൽ ആദ്യ തമിഴ്ചിത്രം ഈ സ്റ്റുഡിയോയിൽനിന്നു പുറത്തിറങ്ങി.
മലയാള സിനിമയുടെ തുടക്കക്കാരനായ ജെ.സി. ഡാനിയൽ, അദ്ദേഹത്തിന്റെ ആദ്യചിത്രമായ വിഗതകുമാരനിലൂടെ സിനിമാ മേഖലയിൽനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടു. മുൻപരിചയമില്ലാത്ത ബിസിനസ് മേഖലയിലേക്ക് വൻമുതൽമുടക്കുമായി ഇറങ്ങിത്തിരിച്ച സുന്ദരത്തിന്റെ ആദ്യാനുഭവവും ഇതായിരുന്നു. ഇതേത്തുടർന്ന് സ്റ്റുഡിയോയുടെ നിലനിൽപും പരുങ്ങലിലായെങ്കിലും അദ്ദേഹം പിന്മാറിയില്ല. ധൈര്യപൂർവം രണ്ടാമത്തെ ചിത്രത്തിനുവേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങി. ഇദ്ദേഹത്തോടൊപ്പം മദ്രാസ് മലയാളി അസോസിയേഷൻ സെക്രട്ടറി എ. സുന്ദരംപിള്ളകൂടി സഹകരിച്ചപ്പോൾ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലൻ പിറവിയെടുത്തു.
1961-ലാണ് ഇദ്ദേഹം കണ്ടം ബച്ച കോട്ട് സംവിധാനം ചെയ്തത്. തിക്കുറിശിക്കും ആറന്മുള പൊന്നമ്മയ്ക്കുമൊപ്പം പ്രേം നസീറിന്റെ സഹോദരൻ പ്രേം നവാസും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആദ്യത്തെ തമിഴ് കളർ സിനിമ ആലിബാബയും നാൽപത് തിരുടർകളും സംവിധാനംചെയ്ത സുന്ദരം ആ അനുഭവ പരിചയത്തിൽനിന്നാണ് മലയാളത്തിലും ഇത്തരമൊരു ചിത്രം ഒരുക്കിയത്.
നിർമാതാവായും സംവിധായകനായും ഏകദേശം നാല്പതു വർഷക്കാലം സിനിമാ മേഖലയിൽ ഇദ്ദേഹം നിറഞ്ഞുനിന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, സിംഹള, ഇംഗ്ലീഷ് ഭാഷകളിലും ഇദ്ദേഹം ചിത്രങ്ങളൊരുക്കിയിട്ടുണണ്ട്. പി.സി. ചിന്നപ്പ, ആർ.എസ്. മനോഹർ, എം.ജി.ആർ തുടങ്ങിയ അക്കാലത്തെ പല തമിഴ് സൂപ്പർസ്റ്റാറുകളുടെയും വളർച്ചയ്ക്കു വഴിയൊരുക്കിയത് സുന്ദരത്തിന്റെ ചിത്രങ്ങളാണ്. 1963-ൽ ഇദ്ദേഹം അന്തരിച്ചു. അധികം വൈകാതെതന്നെ മോഡേണ്‍ സ്റ്റുഡിയോയ്ക്കും തിരശീല വീണു.
തയാറാക്കിയത്: സാലു ആന്റണി