ദാസനെ നല്കി മറഞ്ഞ മോഹൻ രാഘവൻ
Sunday, October 15, 2017 11:42 PM IST
"ഒരു ചെടി നട്ട് പൂമരമാകുന്നതുവരെയുള്ള കാത്തിരിപ്പ്.’- ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് സിക്സ് ബി എന്ന സിനിമ പിറവിയെടുത്തതിനെക്കുറിച്ചു സംവിധായകൻ മോഹൻ രാഘവൻ വിലയിരുത്തിയിരുന്നത് ഇങ്ങനെയാണ്. തന്റെ മനസിൽ രൂപംകൊണ്ട മണ്ണിന്റെ മണമുള്ള കഥയുടെ വിത്ത്, മുളപ്പിച്ചു സിനിമയാക്കി മാറ്റാൻ ഇദ്ദേഹം ഏറെ യത്നിച്ചിരുന്നു. തിയറ്റുകളിലെത്തിയ ഈ ചിത്രം പടർന്നു പന്തലിച്ച ഒരു തണൽമരമെന്നതുപോലെ പ്രേക്ഷകർക്ക് നന്മയുടെ ഫലങ്ങൾ നൽകുന്നതുകണ്ട് ഇദ്ദേഹം പുളകിതനായി. ആത്മവിശ്വാസത്തോടെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്കും നീങ്ങി. പക്ഷേ, ഈ ഒരൊറ്റ സിനിമചെയ്യുകയെന്ന നിയോഗത്തിനു പിന്നാലെ ജീവിതത്തിൽനിന്നും വിട വാങ്ങാനായിരുന്നു ഇദ്ദേഹത്തിന്റെ വിധി.
തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് അന്നമ്മനട സ്വദേശിയായിരുന്നു മോഹൻ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, മധുര കാമരാജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം. കാവാലം നാരായണപണിക്കർ, ബി.വി. കാരന്ത് തുടങ്ങിയ മികച്ച നാടക പ്രവർത്തകരുടെകൂടെയുള്ള തിയറ്റർ അനുഭവങ്ങളാണ് മോഹന്റെ കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത്. ആന്റിഗണി, മാഗ്ബത്ത് തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രേക്ഷകനു വേറിട്ട തിയറ്റർ അനുഭവങ്ങൾ പകരാനും ഇദ്ദേഹത്തിനു സാധിച്ചിരുന്നു.
ടെലിവിഷൻ പരിപാടികൾക്കു തിരക്കഥ രചിച്ചുതുടങ്ങിയപ്പോഴാണ് മോഹൻ ശ്രദ്ധിക്കപ്പെടുതുടങ്ങിയത്. കേരളത്തിലെ ഉൾനാടൻ ഗ്രാമീണപശ്ചാത്തലം തന്റെ തിരക്കഥകളിലേക്കു പകർത്തുന്നതിൽ ഇദ്ദേഹം പ്രത്യേക താൽപര്യം കാട്ടി. മിനിസ്ക്രീ ൻ പരിപാടികൾക്കുവേണ്ടി മോഹൻ രചിച്ച പല തിരക്കഥകളും അംഗീകാരങ്ങൾ നേടി. ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.
കണ്മഷി എന്ന മലയാള ചിത്രത്തിനു തിരക്കഥാ രചനയിൽ പങ്കാളിയായിക്കൊണ്ടാണ് ഇദ്ദേഹം സിനിമയിലേക്കെത്തുന്നത്. 2010-ലാണ് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് സിക്സ് ബിയുടെ സംവിധാനത്തിലേക്കു തിരിയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നസാക്ഷാത്കരമെന്നതുപോലെയാണ് ഈ അവസരം അദ്ദേഹത്തിന് ഒത്തുവന്നത്. തിരക്കഥയുമായുള്ള ദീർഘനാളുകൾ നീണ്ട അലച്ചിലിനൊടുവിലാണ് ഒരു നിർമാതാവ് കനിയുന്നത്. പുതുമുഖമായതിനാൽ ഈ തിരക്കഥ ഉപയോഗിച്ച് ഒരു ഹ്രസ്വചിത്രം ഒരുക്കാനുള്ള അനുവാദമാണ് ആദ്യം നിർമാതാവു നൽകിയത്. ലെറ്റർ ഫ്രം ദ ഹാർട്ട് എന്ന പേരിൽ പൂർത്തിയാക്കിയ ഈ ഈ ഹ്രസ്വചിത്രംകണ്ട് സംവിധായകന്റെ കഴിവുകൾ മനസിലാക്കിയ നിർമാതാവ്, ഈ തിരക്കഥയിൽതന്നെ സിനിമയൊരുക്കാൻ നിർദേശിക്കുകയായിരുന്നു.
വിലാസം തെറ്റിയെത്തുന്ന ഒരു കത്തിലൂടെയാണ് ടി.ഡി. ദാസൻ എന്ന സിനിമയുടെ കഥ വികസിക്കുന്നത്. ഓർമവയ്ക്കുന്നതിനുമുന്പ് പിതാവിനെ നഷ്ടപ്പെട്ട ദാസൻ എന്ന ആറാംക്ലാസുകാരൻ പാലക്കാട്ടെ തന്റെ വീട്ടിലിരുന്ന് ബംഗളൂരുവിലുള്ള പിതാവിനു സ്ഥിരം കത്തെഴുതുന്നു. എന്നാൽ, ദാസന്റെ അച്ഛനല്ല ആ കത്തുകൾ ലഭിക്കുന്നത്. ബംഗളൂരുവിലെ വാടകവീട്ടിൽ ഇപ്പോൾ താമസിക്കുന്ന പുതിയ താമസക്കാർക്കാണ്. ആ വീട്ടിലെ ചെറിയ പെണ്കുട്ടി ദാസന്റെ അച്ഛനെന്ന വ്യാജേന മറുപടികത്തുകൾ എഴുതുന്നു. ദാസന് ഏറെ വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു ആ കത്തുകൾ. സ്വന്തം അച്ഛൻ എന്നെങ്കിലും തിരിച്ചുവരുമെന്ന അവന്റെ പ്രതീക്ഷയ്ക്ക് ആ കത്തുകൾ ആക്കംകൂട്ടി. ദാസനും അവൻ അയയ്ക്കുന്ന കത്തുകളിലൂടെ കാണാമറയത്തിരിക്കുന്ന അവന്റെ അച്ഛനും തമ്മിലുള്ള അസാധാരണ ബന്ധമാണ് മോഹൻ ഈ ചിത്രത്തിൽ ഹൃദയസ്പർശിയായി ഒരുക്കിയത്.
ആദ്യചിത്രത്തിലൂടെതന്നെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരവും ജോണ് ഏബ്രഹാം പുരസ്കാരവും ഇദ്ദേഹം നേടി. വാണിജ്യ ചിത്രങ്ങളുടെ കുത്തൊഴുക്കിനിടയിൽ തിയറ്ററുകളിൽ വേണ്ട രീതിയിൽ അംഗീകരിക്കപ്പെടാതിരുന്ന ടി.ഡി. ദാസൻ ചലച്ചിത്രമേളകളിലൂടെയും മറ്റുമാണ് ശ്രദ്ധിക്കപ്പെട്ടത്. ഷാങ്ഹായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്ക് മേളയിലുമൊക്കെ പ്രദർശിപ്പിച്ച ഈ ചിത്രം നേടിയ ഖ്യാതി ചെറുതല്ല.
കഥാദാരിദ്യ്രം നേരിടുന്ന മലയാള സിനിമയ്ക്ക് ഒരു മറുപടിയായിരുന്നു ടി.ഡി. ദാസൻ. പ്രമുഖരായ ചലച്ചിത്രകാരന്മാർപോലും ഈ ചിത്രത്തിന്റെ സംവിധായകൻ ആരെന്ന് അന്വേഷിക്കുന്പോളും വിനീതനായി നിലകൊണ്ട മോഹൻ രാഘവൻ, അദ്ദേഹത്തെ സ്നേഹിച്ചുതുടങ്ങിയ അനേകായിരങ്ങളെ നിരാശയിലാഴ്ത്തിക്കൊണ്ട് 47-ാമത്തെ വയസിൽ മരണത്തെ പുൽകി.
തയാറാക്കിയത്: സാലു ആന്റണി