ബിഗ് ബ്രദറിന് എന്തുസംഭവിച്ചു: സിദ്ധിഖ് പറയുന്നു
Thursday, January 30, 2020 6:36 PM IST
മലയാള സിനിമാ മേഖലയുടെ അടിത്തറ തകർക്കുന്ന സൈബർ അക്രമണമാണ് ഒടിയനും മാമാങ്കത്തിനും ഇപ്പോൾ ബിഗ് ബ്രദറിനും നേരിടേണ്ടി വന്നത്. ഗൗരവമായ ഇത്തരം പ്രശ്നങ്ങളോട് നമ്മുടെ സിനിമാ പ്രവർത്തകർ എന്തുകൊണ്ട് മൗനം പാലിക്കുന്നു. ബിഗ് ബ്രദറിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ സിദ്ധിഖ് ഒരു സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു...
ഒരു മോഹൻലാൽ സിനിമ: സിനിമയുടെ പ്രമോഷനുവേണ്ടി മാത്രമാണ് ബിഗ് ബ്രദർ ഒരു മോഹൻലാൽ സിനിമ എന്നു ഹൈലൈറ്റ് ചെയ്തത്. മേക്കിംഗ് സ്റ്റൈലിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലുള്ള മുൻ കരുതൽ എന്ന നിലയിലെടുത്ത ഒരു പരസ്യ തന്ത്രം.
പ്രേക്ഷകർ തിയറ്ററിൽ എത്തുന്നത് ഒരു മൈൻഡ് സെറ്റോടെയാണ്. അതുകൊണ്ട് സിനിമയുടെ സ്വഭാവം ആദ്യം തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള മാർഗമായിരുന്നു അത്.
രണ്ടു മോഹൻലാലും ഹ്യൂമറും: രണ്ടു മോഹൻലാലും തമ്മിൽ സിനിമയിൽ കൂടിക്കുഴഞ്ഞു പോയിട്ടില്ല. ആക്ഷൻ സിനിമ എങ്കിലും എന്റെ ഇമേജിനെ പ്രൊട്ടക്ട് ചെയിതിട്ടുണ്ട്. എന്റെ മുൻ സിനിമകളിലെ ഹ്യൂമറടക്കം എല്ലാ ഘടകങ്ങളും ബിഗ് ബ്രദറിലുമുണ്ട്.
കണ്ടന്റും കോടികളും: സിനിമയുടെ കണ്ടന്റ് തന്നെയാണ് പ്രേക്ഷകർക്കു മുഖ്യം. അതു എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം. കോടികൾ മുടക്കുന്നതിൽ കാര്യമില്ല. അതു സിനിമയുടെ റീച്ചിനു മാത്രമാണ് ഗുണം ചെയ്യുക.
ഫിലോസഫിയിൽ മാറ്റമില്ല: പ്രേക്ഷകരെ സന്തോഷിപ്പിക്കാനുള്ളതാണ് സിനിമ എന്നത് എന്റെ ഫിലോസഫി. ഇവിടെ ഞാനും പ്രേക്ഷകരും തമ്മിലുള്ള രസതന്ത്രമാണത്. സിനിമ എടുക്കുന്പോൾ എന്ത് ആഗ്രഹിച്ചുവോ അതു ബിഗ് ബ്രദർ നേടിയിട്ടുണ്ട്.
മലയാളികൾ തുറന്നു പറയുന്നവരാണ്: നമ്മുടെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ മനസ് തുറന്നു പറയുന്നവരാണ്. എന്റെ തെറ്റുകൾ പരിഹരിച്ചും മറ്റുള്ളവരുടെ മനസ് അറിഞ്ഞും പോകാനാണ് ശ്രമിച്ചിട്ടുള്ളത്.
ശത്രുതാ മനോഭാവം: എന്റെ സിനിമയോടുള്ള ശത്രുത ഞാൻ പ്രതിനിധാനം ചെയ്യുന്ന ജനറേഷനോടുള്ള ശത്രുതാ മനോഭാവമാണ്.
സൈബറുകൾ ബ്രെയിൻവാഷ് ചെയ്യുന്നു: സോഷ്യൽമീഡിയ വഴി ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഇന്ന്. വിജയിക്കുന്നവർക്കു നേരെയാണ് അവിടെ എപ്പോഴും ആക്രമണം. ഇതു ചിലർ സ്വയം നിയന്ത്രിക്കുന്ന മാഫിയയാണ്. ഇഷ്ടപ്പെടുന്നവരെപ്പോലും മാറ്റി ചിന്തിപ്പിക്കുന്ന ബ്രെയിൻവാഷാണ് അവിടെ നടക്കുന്നത്. ഇതിനു പിന്നിൽ സിനിമാക്കാർ തന്നെയാണ്. സമീപ കാലത്തിറങ്ങിയ സിനിമകളുടെ ഫലം പരിശോധിച്ചാൽ അതറിയാൻ സാധിക്കും.
ആക്രമണവും പ്രതിരോധവും: ഇത്തരം സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാൻ ആരും മുതിരുന്നില്ല. ഒന്നായി നിൽക്കുമെന്ന പ്രതീക്ഷയുമില്ല. അവനവൻ അനുഭവിക്കുന്പോൾ സ്വയം പറഞ്ഞു പോകുന്നു എന്നു മാത്രം. ഈ വ്യവസായത്തിന്റെ സ്വഭാവം അങ്ങനെയാണ്. ഒരാൾ വീഴുന്പോൾ ബഹുഭൂരിപക്ഷം ചിരിക്കും.
സംവിധാനവും നിർമാണവും: സിനിമയ്ക്കു പണം മുടക്കുന്നവരുടെ മാത്രം താത്പര്യം പലപ്പോഴും ബാധിക്കാറുമുണ്ട്. ബിഗ് ബ്രദർ എന്റെ സിനിമ ആയതുകൊണ്ടു മറ്റു ബാധ്യതയില്ല. ദുരനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സിനിമ സ്വന്തമായി നിർമിക്കാൻ തുനിഞ്ഞത്. അതു അനുഭവങ്ങളിലൂടെ കിട്ടിയതാണ്.
സിനിമയുടെ നിലനിൽപ്: ഞാനടക്കമുള്ള സിനിമാക്കാരുടെ കൂട്ടായ്മയിലൂടെയാണ് ഇന്നത്തെ നിലയിൽ സിനിമ എത്തിനിൽക്കുന്നത്. ഇതു നാളത്തെ തലമുറയ്ക്കു കൈമാറിക്കൊടുക്കേണ്ടതാണെന്ന ബോധം പുതിയ തലമുറയ്ക്ക് ഉണ്ടാകേണ്ടതാണ്.
പുതുനടന്മാർ സേഫ് സോണിൽ: പുതിയ നടന്മാർ സേഫ് സോണിലാണെന്നു സിനിമ വിലയിരുത്തിയാണ് ഞാൻ പറഞ്ഞത്. ഇവർ എങ്ങനെ ഇവിടെ എത്തിയെന്നും മുന്നോട്ട് എങ്ങനെയാകണം എന്നതിനു പുറകോട്ടാണ് നോക്കേണ്ടത്. അപ്പോഴാണ് മമ്മൂട്ടിയും മോഹൻലാലും ഈ ലെവലിൽ എത്തിയത് എങ്ങനെയെന്നു അവർ തിരിച്ചറിയുന്നത്.
വിവിധ കാലഘട്ടങ്ങളിലൂടെയാണ് അവർ വന്നത്. ഇന്നും അവർക്കു ജനറേഷൻ ഗ്യാപ് ഇല്ല. സേഫ് സോണിൽ നിന്നും വെല്ലുവിളികളെയാണ് നേരിടേണ്ടത്. ഞാൻ കംഫർട്ട് സോണിൽ നിന്നും പല തരത്തിലുള്ള സിനിമകൾ ചെയ്തിട്ടുള്ളതാണ്. മിമിക്രിയും സിനിമയുമെല്ലാം ആസ്വദിക്കാൻ സാധിച്ചു.
മിമിക്രിക്കാരെ അടുപ്പിക്കരുത്: ദയവു ചെയ്തു മിമിക്രിക്കാരെ എന്റെ അടുക്കൽ കൊണ്ടുവരരുതേ എന്ന് ഒരു നടൻ പറയുകയുണ്ടായി എന്ന്. ഒന്ന് ഓർത്തു നോക്കു, അവർക്കിടയിലാണ് നമ്മൾ നിൽക്കുന്നത്.
നയൻതാരയും ഷെയ്ൻ നിഗവും: ഷൂട്ടിംഗ് സെറ്റിൽ സ്ഥിരമായി ഒന്പതു മണിക്ക് എത്തിയിരുന്ന നയൻതാരയെ ഏഴു മണിക്ക് സെറ്റിലെത്തിച്ച് സെവൻതാരയാക്കി എന്നു പറയുന്നത് ശരിയാണ്. ഇവിടെ ഷെയ്ൻ നിഗത്തിന്റെ കാര്യത്തിലാണെങ്കിൽ, അവൻ ചെറിയ പയ്യനാണ്. എന്തെല്ലാം സൈബർ ആക്രമണങ്ങളാണ് അവനെതിരെ നടന്നത്. സ്നേഹം കൊണ്ടാണ് ഇത്തരക്കാരെ മാറ്റിയെടുക്കേണ്ടത്.
മറുഭാഷയിലും സിനിമകൾ: ബോഡിഗാർഡിൽ അഭിനയിക്കുന്ന സമയത്ത് ഹിന്ദിയിൽ സൽമാൻ ഖാനേയും തമിഴിൽ വിജയേയും പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു. പക്വതയുള്ളവരായതുകൊണ്ട് അവർ അതു ചെവികൊണ്ടില്ല. അതുകൊണ്ടു തന്നെ ബിഗ് ബ്രദറിന്റെ അന്യഭാഷയെക്കുറിച്ച് ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല.
താൻ പരാജയമാണെന്നു തനിക്കു തോന്നിയിട്ടില്ലെന്നു സിദ്ധിഖ് പറയുന്നുണ്ട്. അതു വളരെ ശരിയാണ്. സിദ്ധിഖ് തൊടുത്തുവിട്ട ഹ്യൂമറുകൾ ഇന്നും നിത്യഹരിതശോഭയോടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതിനെ മറികടക്കാൻ മറ്റാർക്കും കഴിഞ്ഞട്ടില്ല എന്നതാണ് വാസ്തവം. എങ്കിലും സമീപ കാല സിനിമകൾക്ക് എവിടെ പിഴക്കുന്നു എന്നു സ്വയം വിലയിരുത്തേണ്ടതാണ്.
അന്യഭാഷാ മാർക്കറ്റ് ലക്ഷ്യംവയ്ക്കുന്നതോടെ സംഭവിക്കുന്ന തിരക്കഥയുടെ അഭാവമാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. എന്തായും സിദ്ധിഖ് മാജിക് വീണ്ടും കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ...
പ്രേം ടി. നാഥ്