വിജയ്യുടെ റാലിക്കിടെയുണ്ടായ ദുരന്തം; അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും
Monday, September 29, 2025 9:51 AM IST
കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി പ്രതികരിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനവും പരിക്കേറ്റവർക്ക് വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കരൂരിലെ തിക്കിലും തിരക്കിലുംപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രാർത്ഥനകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് മോഹൻലാലും കുറിച്ചു.
നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്.
ദുരന്തം ഉണ്ടായതിനു പിന്നാലെ കരൂരിൽനിന്നു ട്രിച്ചിയിലെത്തിയ വിജയ് വിമാനമാർഗം ചെന്നൈയിലേക്ക് പോയിരുന്നു. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.