അവർ എന്റെ നല്ല സുഹൃത്തുക്കൾ: മോഹൻലാൽ
Thursday, January 30, 2020 2:53 PM IST
മലയാള സിനിമയിലെ നടന വിസ്മയമാണ് മോഹൻലാൽ. മലയാള സിനിമയിലെന്നല്ല ലോക സിനിമയിൽ പോലും അഭിനയത്തിന്റെ കാര്യത്തിൽ ലാലിനൊപ്പം നിൽക്കുന്ന നടന്മാർ കുറവാണ്. ലാലിന്റെ മകൻ പ്രണവും സിനിമയിലെത്തിയെങ്കിലും മകൾ വിസ്മയ തെരഞ്ഞെടുത്തത് എഴുത്തിന്റെ ലോകമാണ്. എന്നാൽ തന്റെ മക്കളുടെ വളർച്ചയും അവർ സ്കൂളിൽ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കില്ലായിരുന്നുവെന്ന ദുഃഖം പങ്കുവയ്ക്കുകയാണ് താരരാജാവ്.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ: എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഉൗട്ടിയിലെ ഹെബ്രോണ്‍ സ്കൂളിലാണ് (ഹീബ്രു ഭാഷയിൽ വേരുകളുള്ള ഹെബ്രോണ്‍ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അർഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റർ പഠിക്കാനായി പ്രാഗ്, ലണ്ടൻ, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കൾ എന്നതിലുപരി അവരിപ്പോൾ എന്റെ നല്ല സുഹൃത്തുക്കളാണ്.
പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കൾ വളരുന്നതും സ്കൂളിൽ പോവുന്നതുമൊന്നും കാണാൻ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടൻ എന്നനിലയിൽ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളിൽനിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വർഷങ്ങൾ. കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ് നിറഞ്ഞുതുളുന്പിയിരുന്ന സുന്ദരഭൂതകാലം.
എന്റെയീ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു...""ചേട്ടാ, കുട്ടികളുടെ വളർച്ച, അവരുടെ കളിചിരികൾ എന്നിവയ്ക്ക് റീടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കിൽ ഒരച്ഛനെന്നനിലയിൽ പിന്നീട് ദുഃഖിക്കും...'' അന്ന് അത് എനിക്ക് അത്രയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇപ്പോൾ മനസിന്റെ വിദൂരമായ ഒരു കോണിൽ ആ നഷ്ടബോധത്തിന്റെ നിഴൽ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്.
40 വർഷമായി സിനിമയിൽ എത്രയോ റീടേക്കുകൾ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളർച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീടേക്കുകൾക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവയ്ക്കുന്നുണ്ടാവാം- മോഹൻ ലാൽ പറയുന്നു.