കാലഘട്ടത്തിന്‍റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജയങ്ങൾ സാധ്യമാകുന്നത്. മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് ഇതിനു തെളിവാണ്.

തുടക്കകാലത്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലും പിന്നീടു സിദ്ധിഖ് എന്ന പേരിലും സംവിധാനംചെയ്ത ചലച്ചിത്രങ്ങളിലൊക്കെ ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയായിരുന്നു ഇദ്ദേഹം പിന്തുടർന്നുപോന്നിരുന്നത്. കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ടതുപോലെചേർക്കുന്നതിൽ ഇദ്ദേഹം സാമർഥ്യംകാട്ടി. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതാതു സമയത്തെ ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. വിവേകത്തോടെ സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഇദ്ദേഹത്തോടൊപ്പം നിന്നു.



കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ ബഹുകാതം മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്‍റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾതന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി മലയാള സിനിമയിൽ രൂപപ്പെട്ടത്. മുൻകാലങ്ങളിലൊക്കെ തമാശ അവതരിപ്പിക്കാനായി പ്രത്യേകമായി ഹാസ്യനടന്മാരെ അവതരിപ്പിക്കാറായിരുന്നു പതിവെങ്കിലും ഇവരുടെ പുതിയ രീതിക്ക് മികച്ച ജനസ്വീകാര്യതയാണു ലഭിച്ചത്. ഹിന്ദി ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിൽപോലും പിൽക്കാലത്ത് നിലവിൽവന്ന ഈ രീതിക്ക് മലയാളത്തിലാണു തുടക്കമായതെന്നും പറയാം.

സിദ്ധിഖിന്‍റെ തമാശകൾ എക്കാലവും മലയാളത്തിൽ ട്രെൻഡ് സെറ്ററുകളായിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ നന്പറുകൾക്കു മൂല്യം കുറഞ്ഞിട്ടില്ല. ആദ്യചിത്രമായ റാംജി റാവ് സ്പീക്കിംഗിൽ അതുവരെ പ്രേക്ഷകർ കണ്ടിട്ടുള്ളതിൽനിന്നും വ്യത്യസ്തമായ കഥ പറച്ചിലാണ് തെരഞ്ഞെടുത്തത്. എന്നാൽ, ഇക്കാലത്ത് സിനിമയെടുക്കുന്പോൾ ഹാസ്യത്തോടൊപ്പം ദൃശ്യസന്പന്നതയ്ക്കും പ്രാധാന്യം നൽകുന്നു. കാരണം സദ്ഗുണ സന്പന്നനായ നായകനും പരമദുഷ്ടനായ വില്ലനുമടങ്ങുന്ന പരന്പരാഗത സിനിമാക്കഥകളുമായി ഇക്കാലത്തു വന്നാൽ പ്രേക്ഷകരുടെ ചിരി പരിഹാസച്ചുവയുള്ളതായിരിക്കുമെന്ന് മറ്റാരേക്കാളും ഇദ്ദേഹത്തിനു നന്നായറിയാം. നായകനാക്കേളുപരി സോ- കോൾഡ് വില്ലൻ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും മുന്നിൽ കണ്ടുകൊണ്ടാണ് താൻ ഇക്കാലത്ത് സിനിമയൊരുക്കാറുള്ളതെന്ന് ഇദ്ദേഹം പറയുന്നു.



കൊച്ചിൻ കലാഭവനിലെ മിമിക്രി കലാകാരന്മാരായിരുന്ന സിദ്ധിഖിനെയും ലാലിനെയും കഴിവുകൾ തിരിച്ചറിഞ്ഞു സിനിമയിലേക്ക് ആനയിച്ചതിന്‍റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ഫാസിലിനാണ്. ഒരു കഥയുണ്ടെന്നു പറഞ്ഞാണ് സിദ്ധിഖും ലാലും ഫാസിലിന്‍റെ അടുത്തു ചെല്ലുന്നത്. ഫാസിലിനൊപ്പം അസിസ്റ്റന്‍റ് ഡയറക്ടർമാരായി ജോയിൻ ചെയ്യാൻ ആ കണ്ടുമുട്ടൽ വഴിതെളിച്ചു.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രംമുതൽ ഫാസിലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. സിനിമയുടെ സാങ്കേതിക വശങ്ങൾ എളുപ്പത്തിൽ പഠിച്ചെടുത്ത സിദ്ധിഖ്- ലാലിന് സ്വതന്ത്ര സംവിധായകരാകാനുള്ള വഴിയൊരുക്കിയതും ഫാസിൽതന്നെ. സ്വതന്ത്ര സംവിധായകരായതിനുശേഷവും ഇവർ ഫാസിലിനെ അസിസ്റ്റ് ചെയ്തിരുന്നു.



റാംജി റാവ് സ്പീക്കിംഗിനുശേഷം ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ വന്പൻ ഹിറ്റുകൾ ലാലിനൊപ്പം ചെയ്തു. കാബൂളിവാലയ്ക്കുശേഷം സംവിധാനത്തിലുള്ള ഈ കൂട്ടുകെട്ട് പിരിഞ്ഞുവെങ്കിലും പിന്നീടു പലപ്പോഴും ഇൻഡസ്ട്രിയിൽ ഇവർ ഒത്തുചേർന്നിട്ടുണ്ട്.

ലാലിന്‍റെ നിർമാണ പങ്കാളിത്തത്തോടെ സിദ്ധിഖ് ആദ്യമായി തനിയെ ഒരുക്കിയ ഹിറ്റ്ലർ വൻ വിജയമായി. സിദ്ധിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സിന്‍റെ നിർമാതാവായും ലാൽ എത്തി. ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയതാകട്ടെ സിദ്ധിഖും.



ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജെന്‍റിൽമാൻ, ഭാസ്കർ ദ റാസ്കൽ എന്നീ ചിത്രങ്ങളും സിദ്ധിഖ് സംവിധാനംചെയ്തു വിജയിപ്പിച്ച ചിത്രങ്ങളാണ്. ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മലയാളത്തിൽനിന്ന് ഏറ്റവുംകൂടുതൽ റീമേക്കുകൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്‍റെ ചിത്രങ്ങളാണെന്നതും ശ്രദ്ധേയമാണ്.

തയാറാക്കിയത്: സാലു ആന്‍റണി