സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത സുരേഷ് ബാബു
Sunday, September 15, 2019 7:30 PM IST
സിംപിൾ- ത്രില്ലർ ചിത്രങ്ങളിലൂടെ ബഹുഭൂരിപക്ഷം വരുന്ന ശരാശരി മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംകണ്ടെത്തിയ സംവിധായകനാണ് ടി.എസ്. സുരേഷ് ബാബു. കൗമാരപ്രായംമുതൽ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ഇദ്ദേഹം സംവിധാനംചെയ്ത ചിത്രങ്ങൾ ഇരുപതിൽ താഴെ മാത്രം. എങ്കിലും കോട്ടയം കുഞ്ഞച്ചൻ പോലെ ഇന്നും ആഘോഷിക്കപ്പെടുന്ന ജനപ്രിയ ചിത്രങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നുണ്ടെന്നുള്ളതാണ് ഇദ്ദേഹത്തിന്റെ ഭാഗ്യം.
16-ാം വയസുമുതൽ സിനിമയുടെ ഭാഗമായിരുന്നു സുരേഷ് ബാബു. പ്രീഡിഗ്രി പഠനത്തിനുശേഷം ഫിലിം ഡിസ്ട്രിബ്യൂട്ടറായ അച്ഛന്റെ സഹായത്തോടെ മെറിലാൻഡ് സ്റ്റുഡിയോയിൽ തുടക്കമിട്ടു. മെറിലാൻഡിൽ ചെന്നപ്പോൾ സിനിമയിൽ താൽപര്യമുണ്ടോ എന്നു ചോദിച്ചത് ഉടമസ്ഥനായ പി. സുബ്രഹ്മണ്യമാണ്. അക്കാലത്തു സിനിമയിൽ വലിയ താൽപര്യമൊന്നുമില്ലായിരുന്നുവെങ്കിലും അവസരം മുതലാക്കി. ശ്രീമുരുകൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് പ്രവർത്തനം തുടങ്ങിയത്. 38- ഓളം ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു.
പി. സുബ്രഹ്മണ്യം, എൻ. ശങ്കരൻ നായർ, കെ.എസ്. ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തന്പി, പി.ജി. വിശ്വംഭരൻ, നാഗവള്ളി ആർ.എസ്. കുറുപ്പ് തുടങ്ങിയ ലെജൻഡ്സിനോടൊപ്പമായിരുന്നു പ്രവർത്തനം. സിനിമയ്ക്കു പുറത്തുള്ള കാര്യങ്ങളെക്കുറിച്ചും നല്ല അറിവുള്ളവരായിരുന്ന അവരോടൊപ്പമുള്ള പ്രവർത്തനമാണു തന്റെ ജീവിതശൈലി രൂപപ്പെടുത്തിയതും വിജയത്തിലേക്കു നയിച്ചതുമെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
1984-ൽ ഇതാ ഇന്നുമുതൽ എന്ന ചിത്രത്തിൽ റജി എന്ന പേരിൽ സ്വതന്ത്ര സംവിധായകനായി. 24 വയസായിരുന്നു അന്നു പ്രായം. അടുത്ത സുഹൃത്തായി മാറിയ മമ്മൂട്ടിയുടെ നിർബന്ധപ്രകാരമാണ് ഇങ്ങനെയൊരു ചിത്രം ചെയ്യാൻ തീരുമാനിച്ചത്. പി.ജി. വിശ്വംഭരൻ ചിത്രത്തിനു പേരിട്ടു. ശങ്കർ, മമ്മൂട്ടി, മോഹൻലാൽ, സുകുമാരി, നസീർ, മധു, മേനക, സീമ, ബാലചന്ദ്രമേനോൻ തുടങ്ങിയവരെല്ലാം അഭിനയിച്ച ഈ വന്പൻ ചിത്രം വിജയമായി മാറി.
ഇതാ ഇന്നുമുതൽ കഴിഞ്ഞു നാലു ചിത്രങ്ങൾ ചെയ്തു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ആലോചകൾക്കിടെയാണ് മമ്മൂട്ടിയുടെ നിർദേശ പ്രകാരം ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ കോട്ടയം കുഞ്ഞച്ചൻ ഒരുക്കിയത്.
30 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നൽകിയത്. സെറ്റിലുള്ളവരെ കോട്ടയം സ്ലാംഗ് പഠിപ്പിച്ചുകൊടുത്തതും ലൊക്കേഷൻ നോക്കാൻ കാറിൽ കൊണ്ടുപോയതുമൊക്കെ മമ്മൂട്ടിതന്നെ. മമ്മൂട്ടിയുടെ ആത്മാർഥമായ സഹകരണത്തോടെ പുറത്തിറങ്ങിയചിത്രം 225 ദിവസം ഓടി വന്പൻ ബ്രേക്കായി മാറി.
സിനിമയിലെ പരിചയമൊക്കെ ഇത്തവണയും മുതലാക്കി. "ജോഷി ചതിച്ചാശാനേ’’ എന്ന ഡയലോഗ് ഒക്കെ ജോഷിയോടു ചോദിച്ച് സമ്മതം വാങ്ങിയതിനുശേഷം ചേർത്തതാണ്. ചിത്രം വിജയം നേടിക്കഴിഞ്ഞപ്പോൾ മമ്മൂട്ടി പറഞ്ഞു. "ഇനി ബാബുവിന് തനിയെ ക്രെഡിറ്റ് വേണമെങ്കിൽ അടുത്ത പ്രോജക്ട് തനിയെ ചെയ്യണം.’’
ഈ വെല്ലുവിളി ഏറ്റെടുത്ത ഇദ്ദേഹം തുടർന്നു ചെയ്ത കൂടിക്കാഴ്ച എന്ന ചിത്രവും വന്പൻ ഹിറ്റായി മാറി. ജയറാം, സുകുമാരൻ, ബാബു ആന്റണി, ജഗദീഷ് തുടങ്ങിയവർ അഭിനയിച്ചു.
മാന്യന്മാർ എന്ന മറ്റൊരു ചിത്രംകൂടി ഒരുക്കിയതിനുശേഷം കിഴക്കൻ പത്രോസിലൂടെ മമ്മൂട്ടി- ഡെന്നീസ് ജോസഫ്- സുരേഷ് ബാബു സംഘം വീണ്ടും ഒന്നിച്ചു. ഈ ചിത്രവും വിജയംകണ്ടു. മമ്മൂട്ടിയെ നായകനാക്കി ഏഴു ചിത്രങ്ങളാണ് സുരേഷ് ബാബു സംവിധാനം ചെയ്തത്.
കലൂർ ഡെന്നീസിന്റെ തിരക്കഥയിലൊരുക്കിയ ഉപ്പുകണ്ടം ബ്രദേഴ്സ് ലോ ബജറ്റിൽ തീർത്ത് വന്പൻ വിജയം നേടിയ ചിത്രമാണ്. ജഗദീഷ്, ബാബു ആന്റണി തുടങ്ങിയവരായിരുന്നു പ്രധാനവേഷം ചെയ്തത്. മനോജ് കെ. ജയനെ നായകനാക്കി ഒരുക്കിയ പാളയം എന്ന ചിത്രവും ശ്രദ്ധേയവിജയം നേടി.
സുരേഷ് ബാബുവിന്റെ കരിയറിനു തിളക്കമേകിയ മറ്റൊരു വന്പൻ ഹിറ്റാണ് പ്രായിക്കര പാപ്പാൻ. ആനക്കഥ പറഞ്ഞെത്തിയ ഈ ചിത്രം മുരളി, ജഗദീഷ് എന്നിവരുടെ തകർപ്പൻ പ്രകടനത്തോടെ ഏറെ റിസ്ക്കെടുത്താണ് പൂർത്തിയാക്കിയത്. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടില്ല, ഗ്രാഫിക്സ് ഇല്ല, ഷൂട്ടിംഗിന് റോപ് പോലും ഉപയോഗിക്കാത്ത കാലം. എങ്കിലും ചിത്രത്തിന്റെ ദൃശ്യമികവിന് ഇവയൊന്നും തടസമായില്ല. സ്റ്റാലിൻ ശിവദാസ്, മാർക്ക് ആന്റണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളെ തുടർന്ന് ഉപ്പുകണ്ടം ബ്രദേഴ്സിന്റെ രണ്ടാംഭാഗവും ഇദ്ദേഹം തയാറാക്കി.
തയാറാക്കിയത്: സാലു ആന്റണി