കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന ചലച്ചിത്രകാരൻ
Sunday, September 15, 2019 4:31 PM IST
മലയാളികൾക്ക് കാഴ്ചാനുഭവത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നുകൊടുത്ത ചലച്ചിത്രകാരനാണ് എ. വിൻസന്റ്. ഛായാഗ്രഹണത്തിലും സംവിധാനത്തിലും മലയാളമുൾപ്പെടെ വിവിധ ഭാഷാ സിനിമകളിൽ നിരവധി മാസ്റ്റർപീസുകൾ ഒരുക്കിയ ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ചലച്ചിത്രമേഖലയ്ക്ക് അദ്ഭുതമായി നിലകൊള്ളുന്നു.
മലയാളത്തിനൊപ്പം വിവിധ ഭാഷാ സിനിമകളുടെ അണിയറയിൽ തിളങ്ങിനിന്ന ഇദ്ദേഹം തമിഴ് സിനിമയും രാഷ്ട്രീയവും നിയന്ത്രിച്ച എം.ജി.ആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, ജയലളിത തുടങ്ങിയ പല വന്പന്മാർക്കും അക്ഷരാർഥത്തിൽ മാസ്റ്റർ തന്നെയായിരുന്നു. അരനൂറ്റാണ്ടിലധികം ചലച്ചിത്രലോകത്തു നിറഞ്ഞുനിന്ന വിൻസെന്റ് മാഷ് 87-ാം വയസിലാണു കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. മലയാളത്തിൽ മാത്രമായി 30 ചിത്രങ്ങൾ സംവിധാനംചെയ്ത ഇദ്ദേഹം അവസാനം ഒരുക്കിയ മലയാള ചിത്രം 1986-ൽ പുറത്തിറങ്ങിയ കൊച്ചുതെമ്മാടിയാണ്.
ചെന്നൈയിലുള്ള ജെമിനി സ്റ്റുഡിയോയിൽ അസിസ്റ്റന്റ് കാമറാമാനായിരുന്ന സമയത്ത് ബ്രദരു തെരുകു എന്ന തെലുങ്കു സിനിമയിലൂടെയാണ് മാഷ് സ്വതന്ത്ര ഛായാഗ്രാഹകനായത്. 1954-ൽ രാമു കാര്യാട്ട്- പി. ഭാസ്കരൻ ടീമിന്റെ നീലക്കുയിലിലൂടെയാണ് മലയാളത്തിലെത്തിയത്. സാങ്കേതികത്വം ഇത്രയധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് കാമറയിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ വിൻസന്റ് മാഷിനു കഴിഞ്ഞു.
നീലക്കുയിലിലൂടെ മലയാള സിനിമ ചിത്രീകരണത്തിന് ആദ്യമായി ക്രെയിൻ ഷോട്ട് ഉപയോഗിച്ച ചലച്ചിത്രകാരൻ എന്ന ക്രെഡിറ്റ് ഇദ്ദേഹത്തിനാണ്. നീലക്കുയിലിനുശേഷം തമിഴ്, തെലുങ്ക്, ഹിന്ദി ഛായാഗ്രഹണ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഇദ്ദേഹം ഇക്കാലത്തെ ചില സൂപ്പർഹിറ്റ് ചിത്രങ്ങളായ മുടിയനായ പുത്രൻ, മൂടുപടം, തച്ചോളി ഒതേനൻ തുടങ്ങിയവയ്ക്കുപിന്നിലും പ്രവർത്തിച്ചു.
1964-ൽ ഭാർഗവീനിലയം എന്ന ഹൊറർ ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കു പ്രവേശിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥ നസീർ, മധു, വിജയ നിർമല തുടങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി ചലച്ചിത്രമാക്കിപ്പോൾ സാങ്കേതികത്വത്തിൽ അതുവരെ ആരും പ്രയോഗിക്കാത്ത പുത്തൻ തന്ത്രങ്ങളാണ് മാഷ് പരീക്ഷിച്ചത്. മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനമായി നിലകൊള്ളുന്ന ഭാർഗവീനിലയത്തിനു പകരം വയ്ക്കാൻ മറ്റൊരു ഹൊറർ ചിത്രവും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഭാർഗവീനിലയത്തിനുശേഷം സംവിധാനം ചെയ്ത മുറപ്പെണ്ണ് ദേശീയ ശ്രദ്ധ നേടി. പിൽക്കാലത്ത് എഴുത്തിലും സംവിധാനത്തിലുമായി പ്രശസ്തിയാർജിച്ച എം.ടി. വാസുദേവൻ നായർ എന്ന അതികായന്റെ സിനിമാ പ്രവേശനം ഈ ചിത്രത്തിലൂടെയായിരുന്നു. തുടർന്നു എംടിയുടെ തിരക്കഥയിൽ നഗരമേ നന്ദി എന്നൊരു ചിത്രംകൂടി ഇദ്ദേഹം സംവിധാനംചെയ്തു.
മലയാള സിനിമയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന തുലാഭാരം, നദി, ത്രിവേണി, ചെണ്ട തുടങ്ങിയ ചിത്രങ്ങളും തൊട്ടടുത്ത വർഷങ്ങളിൽ മാഷ് സംവിധാനം നിർവഹിച്ചവയാണ്. മികച്ച കഥയ്ക്കൊപ്പം മനോഹര ഗാനങ്ങളും ഗാന ചിത്രീകരണവും ഈ ചിത്രങ്ങളെ പ്രേക്ഷകരുടെ പ്രിയങ്കരങ്ങളാക്കി. ഇവയിൽ മിക്കവയും സംസ്ഥാന, ദേശീയ അവാർഡുകളും കരസ്ഥമാക്കി. നസീർ, മധു, ശാരദ ടീമിന്റെ തുലാഭാരം 1968-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയതിനൊപ്പം ശാരദയ്ക്ക് ഉർവശി അവാർഡും നേടിക്കൊടുത്തു. മൂന്നു കുടുംബങ്ങളുടെ അവധിക്കാല കഥ പറഞ്ഞ നദി, സത്യൻ- ശാരദ ജോഡികളുടെ ത്രിവേണി, മധു- ശ്രീവിദ്യ ജോഡികളുടെ ചെണ്ട എന്നീ ചിത്രങ്ങൾ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ്.
ആഭിജാത്യം, തീർഥയാത്ര, ഗന്ധർവക്ഷേത്രം, നഖങ്ങൾ, വയനാടൻ തന്പാൻ തുടങ്ങിയവയും എഴുപതുകളിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായി മാറിയത് മാഷിന്റെ സംവിധാനമികവുകൊണ്ടുതന്നെ. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ശ്രീകൃഷ്ണപ്പരുന്ത് എന്ന ചിത്രവും ഏറെ പ്രശംസകൾ നേടി. വിവിധ ഭാഷകളിലായി എഴുപതിലേറെ ചിത്രങ്ങൾക്ക് സംവിധാനവും 250-ലേറെ ചിത്രങ്ങൾക്കു ഛായാഗ്രഹണവും നിർവഹിച്ച വിൻസെന്റ് മാഷിന്റെ മക്കളായ ജയാനൻ വിൻസന്റും അജയൻ വിൻസന്റും പിതാവിന്റെ പാതതന്നെയാണു പിന്തുടർന്നത്.
തയാറാക്കിയത്: സാലു ആന്റണി