അനശ്വര സൃഷ്ടികളുടെ സംവിധായകൻ
Thursday, September 12, 2019 3:12 PM IST
ശക്തമായ സാമൂഹ്യനിരീക്ഷണത്തോടെ തയാറാക്കിയ തിരക്കഥകൾക്ക് മികച്ച രീതിയിൽ ദൃശ്യാവിഷ്കാരം നടത്തിയതിലൂടെയാണു സംവിധായകൻ ജോർജ് കിത്തു ശ്രദ്ധിക്കപ്പെടുന്നത്. ആത്യന്തികമായി ഒരു സിനിമ വിജയം നേടുന്നത് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്പോഴാണ് എന്ന ഉറപ്പുള്ള കിത്തു തിരക്കഥകൾ തെരഞ്ഞെടുക്കുന്നതിൽ അതീവശ്രദ്ധയാണു പുലർത്തിയിരുന്നത്. ലോഹിതദാസ്, ജോണ് പോൾ തുടങ്ങിയ അനുഗൃഹീത തിരക്കഥാകൃത്തുക്കളിലൂടെ കിത്തു തന്റെ സൃഷ്ടികളെ അനശ്വരതയുടെ കുപ്പായമണിയിച്ചു.
ആധാരമാണ് ജോർജ് കിത്തു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. കിത്തുവിനെ മലയാള സിനിമ എന്നും ആദരിക്കുന്നതിനു കാരണവും ഈ ചിത്രംന്നെ. 1992- ൽ ലോഹിതദാസിന്റെ തിരക്കഥയിൽ തീർത്ത ആധാരത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ഇദ്ദേഹം കരസ്ഥമാക്കി. നടൻ മുരളി ആദ്യമായി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുര സ്കാരത്തിനർഹനായതും ഈ ചിത്രത്തിലൂടെയാണ്.
മതേതരത്വം പ്രമേയമാക്കി നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങിയിട്ടുണ്ട്. എന്നാൽ, ഒരു ബിസിനസ് എന്നതിലുപരിയായി ജാതിമത ചിന്തകൾക്ക് അതീതമായ ഉള്ളഴിഞ്ഞ ഒരു സമീപനം അത്തരം സൃഷ്ടികളിലൊന്നും കാണാനാവില്ല. അതുകൊണ്ടുതന്നെ അവയ്ക്കൊന്നും പ്രേക്ഷക ഹൃദയത്തെ തൊടാനായില്ല. ആധാരം വേറിട്ടുനിൽക്കുന്നതും അവിടെയാണ്.
ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞു പോരിനിറങ്ങുന്ന ബുദ്ധിശൂന്യരെയും തന്റേടവും നിഷ്കപട സ്നേഹവുംകൊണ്ട് അവരെ തോൽപ്പിക്കുന്ന നായകനെയും കിത്തു അതിമനോഹരമായി അവതരിപ്പിച്ചു. ലോഹിതദാസിന്റെ സുന്ദരസൃഷ്ടികളിലൊന്നായ ആധാരം ഒട്ടും തനിമ ചോരാതെയാണ് അഭ്രപാളികളിൽ ഇദ്ദേഹം വരച്ചുചേർത്തത്.
1973-ൽ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ പ്രവേശനം നേടിയ ജോർജ് കിത്തു ഒന്നാം റാങ്കോടെയാണ് കോഴ്സ് പൂർത്തിയാക്കുന്നത്. മികച്ച ഡിപ്ളോമ ചിത്രത്തിനുള്ള അവാർഡ് (ദി കേജ്), മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് (യുവർ ഗോഡ് ഈസ് മൈ ഗോഡ്) എന്നിവയും കിത്തു നേടിയിരുന്നു. മികച്ച വിദ്യാർഥിക്കുള്ള എൻ ഡോവ്മെന്റും നേടി യാണ് ഇൻസ്റ്റിറ്റ്യൂട്ട് വിടുന്നത്. സംവിധായകൻ അജയൻ, നടൻ രവീന്ദ്രൻ, മണിയൻ പിള്ള രാജു, ചെന്നെയിലെ ശിവാജി റാവു എന്ന രജനീകാന്ത് എന്നിവരൊക്കെ ഇൻസ്റ്റിറ്റ്യൂട്ടിൽ കിത്തുവിന്റെ സതീർ ഥ്യരായിരുന്നു.
അഡയാറിലെ പഠനത്തിനുശേഷം സംവിധായകൻ ഭരതന്റെ അസോസിയേറ്റായാണു മലയാള സിനിമയിൽ പ്രവേശിച്ചത്. ആരവം, തകര, ചാമരം, ലോറി, മർമ്മരം, ഓർമ്മക്കായി, സന്ധ്യ മയങ്ങും നേരം, ഈണം, കാറ്റത്തെ കിളിക്കൂട്, മാളൂട്ടി, താഴ്വാരം, അമരം, കേളി തുടങ്ങിയ സിനിമകളിൽ ഭരതന്റെ അസോസിയേറ്റായി പ്രവർത്തിച്ചു. പ്രതാപ് പോത്തന്റെ ഋതുഭേദം, ഡെയ്സി, കെ.എസ്. സേതു മാധവന്റെ ആരോരുമറിയാതെ, ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് എന്നീ സിനിമകളിലും ഇദ്ദേഹം സഹകരിച്ചു.
ജോണ് പോൾ തിരക്കഥയെഴുതിയ സവിധമായിരുന്നു ആധാരത്തെ തുടർന്നു സംവിധാനം ചെയ്ത ചിത്രം. നെടുമുടി വേണു, ശാന്തികൃഷ്ണ, മാതു, സുനിത തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ സുരേഷ് ഗോപി അതിഥിതാരമായും എത്തി. ജയറാം, രോഹിണി തുടങ്ങിയവർ അഭിനയിച്ച സമാഗമം എന്ന ചിത്രവും ഇദ്ദേഹം ഒരുക്കിയതാണ്. ജോണ് പോളിന്റെ അനുഗൃഹീത തൂലികയിൽ വിരിഞ്ഞതാണ് ഈ ചിത്രത്തിന്റെ കഥയും. ജയറാം, വിന്ദുജാ മേനോൻ, ഗീത, സുധീഷ് തുടങ്ങിയവർ അഭിനയിച്ച ശ്രീരാഗം, ബിജു മേനോൻ, മഞ്ജു വാര്യർ ജോഡികൾ അഭിനയിച്ച ഇന്നലെകളില്ലാതെ എന്ന ചിത്രവും ഇദ്ദേഹം ഒരുക്കിയവയാണ്.
മലയാള സിനിമയെ പ്രേതകഥകൾ പിടികൂടിയ സമയത്ത് തയാറാക്കിയ ചിത്രമാണ് ബി. ജയചന്ദ്രന്റെ തിരക്കഥയിൽ ഒരുക്കിയ ഇന്ദ്രിയം. 2000-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിക്രം, നിഷാന്ത് സാഗർ, ബോബൻ അലമുദൻ, ലെന, വാണി വിശ്വനാഥ് തുടങ്ങിയവർ അഭിനയിച്ചു. ഒരു കൂട്ടം കോളജ് വിദ്യാർഥികൾ മുതുവൻമല എന്ന ഒരു കാട്ടിലെത്തുകയും അവിടെ അവരെ നേരിടാൻ ഒരു യക്ഷി എത്തുന്നതുമാണു ചിത്രത്തിന്റെ പ്രമേയം. മികച്ച വരുമാനം നേടിയ ഈ ചിത്രം മന്ദിര കോട്ടൈ എന്ന പേരിൽ തമിഴിലേക്കു മൊഴിമാറ്റിയും പ്രദർശിപ്പിച്ചു. സൂര്യകിരീടം, ആകസ്മികം എന്നീ ചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
തയാറാക്കിയത്: സാലു ആന്റണി