കലാരൂപമായി സിനിമയെ ആദരിച്ച സംവിധായകൻ
Thursday, September 12, 2019 2:37 PM IST
സിനിമയെ കച്ചവടലക്ഷ്യത്തോടെ സമീപിക്കുന്നവരും കലാരൂപമെന്ന നിലയിൽ ആദരിക്കുന്നവരുമുണ്ട്. സംവിധായകൻ ഹരികുമാർ രണ്ടാമത്തെ ഗണത്തിൽപ്പെട്ടയാളാണ്. സുകൃതം എന്ന ഉത്കൃഷ്ടചിത്രമൊരുക്കിയതിലൂടെ സുകൃതം ഹരികുമാർ എന്ന് അറിയപ്പെടുന്ന ചലച്ചിത്രകാരനാണ് ഇദ്ദേഹത്തിനു തന്റെ സൃഷ്ടികളൊക്കെയും സുകൃതങ്ങളായി മാറണമെന്നാണ് ആഗ്രഹം.
പ്രേക്ഷകർക്കു താൽപര്യമുള്ളതു നൽകി ജനപ്രിയനാകാൻ ശ്രമിക്കാതെ പ്രേക്ഷകർക്ക് ആവശ്യമുള്ളതു മാത്രം നൽകാനാണ് ഇദ്ദേഹം എന്നും പരിശ്രമിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ഇതു തെളിയിക്കുകയും ചെയ്യുന്നു. സിനിമയിലെത്തി നാലു പതിറ്റാണ്ടിനോട് അടുക്കുന്പോളും 16 ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം ചില ചിത്രങ്ങൾക്കുവേണ്ടി തിരക്കഥയും രചിച്ചിട്ടുണ്ട്.
1981-ൽ ആന്പൽപ്പൂവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കംകുറിച്ച ഹരികുമാർ ഈ ചിത്രത്തിൽ നായകനാകാൻ അന്ന് താരപദവിയുണ്ടായിരുന്ന സുകുമാരനെയാണ് ക്ഷണിച്ചത്. സുകുമാരനു പുതിയ സംവിധായകനെ പരിചയമില്ല. അതുകൊണ്ടുതന്നെ സുകുമാരൻ പുതുമുഖ സംവിധായകനോട് ഇങ്ങനെയൊരു ചോദ്യമെറിഞ്ഞു.
""ഞാൻതന്നെ ഈ സിനിമ ചെയ്യണമെന്ന് താങ്കൾക്കെന്താ നിർബന്ധം? സോമന് ഈ വേഷം കൊടുത്തുകൂടേ.’’
""എന്റെ മനസിൽ ഈ കഥാപാത്രം വന്നപ്പോൾ ഞാൻ സുകുമാരനെയാണ് മനസിൽ കണ്ടത്.’’ ഹരികുമാറിന്റെ ഈ മറുപടി കേട്ടപ്പോൾ സുകുമാരൻ ചിത്രത്തിൽ അഭിനയിക്കാമെന്നു സമ്മതിച്ചുവെന്നു മാത്രമല്ല, നവസംവിധായകനെ ഇൻഡസ്ട്രിയിൽ എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
ഹരികുമാറിന്റെ അഭിപ്രായമുൾക്കൊണ്ട് തന്റെ സ്ഥിരം ശൈലിയിൽനിന്നെല്ലാം വ്യത്യസ്തമായാണ് അദ്ദേഹം ആന്പൽപ്പൂവിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷങ്ങളിൽ ഇദ്ദേഹം സംവിധാനം ചെയ്ത അയനം, ജാലകം എന്നീ ചിത്രങ്ങളും വിജയം കൊയ്തു. അയനത്തിൽ മധു, ശ്രീവിദ്യ, മമ്മൂട്ടി എന്നിവർ ഒന്നിച്ചപ്പോൾ ജാലകത്തിൽ സുകുമാരി, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു അണിനിരന്നത്.
1994-ൽ ഒരുക്കിയ സുകൃതം ഇദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപാത്രം പ്രേക്ഷകഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.
""എവിടെയും പരാജയം ഏറ്റുവാങ്ങുന്ന കഥാപാത്രം. ഒരിടത്തും സ്റ്റാർഡം ഇല്ലാത്ത അവസ്ഥ. മമ്മൂട്ടി സൂപ്പർതാര പദവിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ താരപ്പൊലിമയൊന്നും ഉപയോഗിക്കാതെ തീർത്ത ചിത്രമാണിത്. എം.ടിയുടേതായിരുന്നു തിരക്കഥ. ഒറ്റ വരിയിലാണ് മമ്മൂട്ടിയോടു കഥ പറഞ്ഞത്. മരണം കാത്തുകിടക്കുന്ന ഇന്റലക്ച്വൽ ലെവലിലുള്ള ഒരു വ്യക്തി ജീവിതത്തിലേക്കു തിരിച്ചുവന്നപ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ- കഥ കേട്ടുകഴിഞ്ഞപ്പോൾതന്നെ അഭിനയിക്കാനുള്ള സന്നദ്ധത മമ്മൂട്ടി അറിയിച്ചു. അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ പോലും കഥാപാത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. ഫുൾ സ്ക്രിപ്റ്റ് കൊടുത്തിട്ടും വായിച്ചുമില്ല. -ഞാനത് വായിച്ചാൽ ശരിയാകില്ല. വായിച്ചാൽ ഞാനൊരു കഥാപാത്രം മനസിൽ രൂപപ്പെടുത്തിക്കൊണ്ടുവരും. ഇപ്പോൾ താനും എം.ടിയും എങ്ങനെയാണോ ആ കഥാപാത്രത്തെ മനസിൽ കണ്ടിരിക്കുന്നത് ആ രീതിയിൽ അവതരിപ്പിച്ചാൽ മതി.- അതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. ’’- സുകൃതത്തെക്കുറിച്ച് ഹരികുമാർ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്.
ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടി, കാവേരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ഒരുക്കിയ ഉദ്യാനപാലകൻ എന്ന ചിത്രമാണ് ഇദ്ദേഹം പിന്നീട് ഒരുക്കിയത്. തുടർന്നു ജയറാം, സംയുക്താമേനോൻ എന്നിവർ അഭിനയിച്ച സ്വയംവരപ്പന്തലും ഇദ്ദേഹം തയാറാക്കി. പിന്നീടു ചെയ്ത പുലർവെട്ടം എന്ന ചിത്രവും മികച്ചുനിന്നു.
പറഞ്ഞുതീരാത്ത വിശേഷങ്ങൾ, സദ്ഗമയ, കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കുശേഷം ഏറെ തയാറെടുപ്പുകളോടെ ചെയ്ത ചിത്രമാണ് ക്ലിന്റ്. 35 വർഷം മുൻപ് ജീവിച്ചിരിക്കുന്ന ക്ലിന്റ് എന്ന ആറുവയസുകാരനായ ചിത്രകാരനെക്കുറിച്ച് ഏറെ ഗവേഷണങ്ങൾക്കുശേഷമാണ് ഇദ്ദേഹം ഈ ചിത്രമൊരുക്കിയത്.
തയാറാക്കിയത്: സാലു ആന്റണി