റിസൾട്ടിനേക്കാൾ സംതൃപ്തി ആഗ്രഹിച്ച ചലച്ചിത്രകാരൻ
Monday, July 15, 2019 1:17 PM IST
"നമുക്ക് തിരക്കഥയൊരുക്കാം, കാമറയും അഭിനേതാക്കളെയും വാടകയ്ക്കെടുക്കാം. എന്നാൽ, യഥാർഥ സിനിമ ഇവിടെയൊന്നുമല്ല. അതു മറ്റെവിടെയോ ആണ്, അത് സംഭവിക്കുകയാണ്. ആ പരിണാമമാണു യഥാർഥ സൃഷ്ടി. റിസൾട്ടിനെപ്പറ്റി വിഷമിക്കേണ്ട ആവശ്യമില്ല. വാണിജ്യവിജയം ടെൻഷനടിപ്പിക്കാറുമില്ല.’’ സിനിമയെക്കുറിച്ചുള്ള സംവിധായകൻ രാജീവ്നാഥിന്റെ കാഴ്ചപ്പാടുകൾ ഇങ്ങനെയൊക്കെയാണ്.
ബഹുമതിക്കുവേണ്ടിയോ വാണിജ്യവിജയത്തിനുവേണ്ടിയോ അല്ല ഞാൻ ചലച്ചിത്രങ്ങൾ ചെയ്യുന്നത്. മറിച്ച് എന്റെ സംതൃപ്തിക്കുവേണ്ടി മാത്രം - രാജീവ് തന്റെ നയം വ്യക്തമാക്കുന്നു. 30 വർഷത്തിനുള്ളിൽ 13 ചിത്രങ്ങൾ മാത്രമാണ് ഇദ്ദേഹം സംവിധാനംചെയ്തിരിക്കുന്നത്. പക്ഷേ, മലയാള സിനിമയുടെ പേരും പെരുമയും വർധിപ്പിച്ച ഒട്ടേറെ സൃഷ്ടികൾ ഇക്കൂട്ടത്തിലുണ്ട്.
സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിലും ലൊക്കേഷൻ തീരുമാനിക്കുന്നതിലുമൊക്കെ സമാനകാലഘട്ടത്തിലെ മലയാള ചലച്ചിത്രകാരന്മാരിൽനിന്നും ഇദ്ദേഹം ഏറെ വ്യത്യസ്തത പുലർത്തിയിരുന്നു. ഇതിനോടകം 50 രാജ്യങ്ങൾ സന്ദർശിച്ച ഈ സഞ്ചാരപ്രിയൻ തന്റെ സിനിമകൾ ചിത്രീകരിക്കുന്നതിന് നിരവധി രാജ്യങ്ങൾ വേദിയാക്കിയിട്ടുണ്ട്. അമേരിക്ക, ദുബായ്, ലങ്ക എന്നിവിടങ്ങൾക്കൂടാതെ കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം സിനിമകൾ ഷൂട്ടുചെയ്തു.
സൈനിക് സ്കൂളിലെ പഠനമാണു തനിക്കു ജീവിതത്തിൽ അടുക്കും ചിട്ടയും ലക്ഷ്യവും ഉണ്ടാക്കിയെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. സിനിമയെ ഇദ്ദേഹം തൊട്ടറിയുന്നത് സൈനിക് സ്കൂളിൽ പഠിക്കുന്ന സമയത്താണ്. അന്നു സ്കൂളിൽ ഒരു ഫിലിം ക്ലബ് ഉണ്ടായിയിരുന്നു. ആ സമയത്തു കാണുന്ന സിനിമയാണ് പഥേർ പാഞ്ചാലി. ഒരു കാമറാമാൻ ആകണമെന്ന ആഗ്രഹമാണ് അന്ന് ഉടലെടുത്തത്. പിന്നീട് ഉന്നത പഠനത്തിനുശേഷം കെ.ജി. ജോർജ് ഉൾപ്പെടെയുള്ള സിനിമാക്കാരുമായി ബന്ധപ്പെട്ടതോടെ സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ഉണ്ടായി.
പഠനശേഷം ഓട്ടോമൊബൈൽ രംഗത്തു പ്രവർത്തിക്കുന്നതിനിടയിലാണ് രാജീവ് സിനിമയിലേക്കെത്തുന്നത്. 24-ാമത്തെ വയസിൽ തണൽ എന്ന ചിത്രത്തിലൂടെ. ആദ്യചിത്രംതന്നെ സംസ്ഥാനസർക്കാരിന്റെ മികച്ച സംവിധായകനുള്ള പുരസ്കാരം ഇദ്ദേഹത്തിനു സമ്മാനിച്ചു. ഇതോടൊപ്പം ഈ ചിത്രത്തിൽ നായകവേഷം അവതരിപ്പിച്ച എം.ജി. സോമന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
തീരങ്ങൾ, സൂര്യന്റെ മൗനം, കാവേരി തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥ അഭ്രപാളിയിലെത്തിക്കുന്ന ദൗത്യവും ഇദ്ദേഹം ഏറ്റെടുത്തു. "ഈ കഥ വായിച്ചിട്ട് എനിക്ക് ദിവസങ്ങളോളം ഉറങ്ങാൻ സാധിച്ചില്ല. വളരെ ഓമനിച്ചുവളർത്തിയ ഒരു മകൻ അച്ഛനുവേണ്ടി ഒരു കൊലപാതകം നടത്തി അവനെ കോടതി തൂക്കിക്കൊല്ലാൻ വിധിക്കുന്നതാണ് കഥ. ഗ്രാമത്തിൽനിന്ന് മകനെ കാണാൻ പോകുന്ന പിതാവ്. അയാളുടെ വിചാരം മകനെ തനിക്ക് എങ്ങനെയെങ്കിലും രക്ഷിക്കാനാവുമോ എന്നാണ്. ഈ കഥ എന്നെ വളരെയേറെ സ്പർശിച്ചു. ഒരിക്കൽ ഒ.വി. വിജയനോടു നേരിട്ടു ചോദിച്ചാണ് ഇതു സിനിമയാക്കാൻ അനുവാദം നേടിയത്.’’ ഇദ്ദേഹം പറഞ്ഞു.
മോഹൻലാൽ ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടനാണ്. ലാലിനെ നായകനാക്കിയ അഹം എന്ന ചിത്രം നിരൂപകപ്രശംസ നേടിയ ചിത്രമാണ്. തന്റെ ജീവിതത്തിന്റെ ഒരംശം അഹത്തിൽ കാണാമെന്ന് ഇദ്ദേഹം പറയുന്നു. "ഞാൻ പൂജാമുറിയിലെത്തിയാൽ ഒന്നുമേ ചോദിക്കാറില്ല. അതു വളരെ ബാലിശമാണ്. ഇതുവരെ ഉണ്ടായതിനും ഇനി വരാനുള്ളതിനുമൊക്കെ നന്ദി മാത്രം. ഇതാണ് നന്ദിയാരോടു ചൊല്ലേണ്ടു എന്ന അഹത്തിലെ ഗാനത്തിലൂടെ താൻ വെളിവാക്കിയത്.’’ രാജീവ് നാഥ് കൂട്ടിച്ചേർത്തു.
1998-ൽ ഒരുക്കിയ ജനനി എന്ന ചിത്രമാണ് ഇദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ഇദ്ദേഹം ഈ ചിത്രത്തിലൂടെ നേടിയിരുന്നു. മോക്ഷം, പകൽനക്ഷത്രങ്ങൾ, ദാവീദ് ആൻഡ് ഗോലിയാത്ത്, രസം എന്നീ ചിത്രങ്ങൾക്കുശേഷം പൂട്ട് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. മറ്റു ഭാഷകളിലും സിനിമകൾ ഒരുക്കിയിട്ടുള്ള ഇദ്ദേഹം കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
തയാറാക്കിയത്: സാലു ആന്റണി