ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി: അടൂരിനെതിരെ നടൻ ബൈജു
Tuesday, October 7, 2025 3:36 PM IST
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച വാനോളം മലയാളം ലാൽ സലാം എന്ന പരിപാടിയിൽ അടൂർ ഗോപാലകൃഷ്ണന്റെ ചില പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഇപ്പോഴിതാ ഈ വിവാദചർച്ചകൾക്കിടെ നടൻ ബൈജു സന്തോഷ് അടൂരിനെതിരെ നടത്തിയ ഒരു കമന്റാണ് വൈറലാകുന്നത്.
ചടങ്ങിൽ അടൂർ നടത്തിയ പ്രസംഗവും അതിന് മോഹൻലാൽ നൽകിയ മറുപടിയും മുൻപ് അടൂർ മോഹൻലാലിനെക്കുറിച്ച് നടത്തിയ ഒരു പരാമർശവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ചർച്ചാവിഷയം ആയതോടെയാണ് ബൈജു സന്തോഷിന്റെ പ്രതികരണം.

‘എന്നെപ്പറ്റി ആദ്യമായി പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി,’ എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഇതിനിടെയാണ്, മോഹൻലാലിനെ ഒരിക്കലും സിനിമയിൽ കാസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് അടൂർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഉൾപ്പെടെയുള്ള വീഡിയോ പ്രചരിച്ചത്.
‘മോഹൻലാലിന് വല്ലാത്തൊരു ഇമേജ് ആണ്. ഒരു നല്ലവനായ റൗഡി, എനിക്ക് ആ റോൾ പറ്റുകില്ല. നല്ലവനായ റൗഡി എന്ന അവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. റൗഡി എങ്ങനെയാണ് നല്ലവനാകുന്നത്?’ എന്നായിരുന്നു അടൂരിന്റെ അന്നത്തെ പരാമർശം.
ഈ രണ്ട് സന്ദർഭങ്ങളും ചേർത്തുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് നടൻ ബൈജു സന്തോഷ് രൂക്ഷമായ കമന്റുമായി എത്തിയത്. ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി എന്നായിരുന്നു ബൈജു സന്തോഷിന്റെ കമന്റ്. മോഹൻലാലിനെ പിന്തുണച്ചുള്ള ബൈജുവിന്റെ ശക്തമായ നിലപാട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.