അവാര്‍ഡ് ജൂറിയില്‍ നിര്‍മാതാക്കളുടെ പ്രതിനിധിയില്ല; പ്രതിഷേധവുമായി ഫിലിം ചേംബര്‍
Tuesday, October 7, 2025 12:22 PM IST
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയസമിതിയില്‍ ഒരു നിര്‍മാതാവിനെപ്പോലും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്.
അന്തിമജൂറിയില്‍ ഒരു നിര്‍മാതാവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സജി ചെറിയാന് ഫിലിം ചേംബര്‍ കത്ത് നല്കി.
കഴിഞ്ഞദിവസമാണ് നടനും സംവിധായകനുമായ പ്രകാശ് രാജിനെയാണ് 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ജൂറി ചെയര്‍മാനായി നിയമിച്ചത്. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരാണ്.
പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് രംഗത്തെത്തിയത്.
2024-ലെ അവാര്‍ഡ് നിര്‍ണയത്തിനുള്ള കമ്മിറ്റിയെ നിയമിച്ചതായി മാധ്യമ വാര്‍ത്തകളിലൂടെയാണ് തങ്ങള്‍ അറിഞ്ഞതെന്നും നിര്‍മാതാക്കളുടെ പ്രാതിനിധ്യം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും ചൂണ്ടിക്കാണിച്ചാണ് ചേംബര്‍ കത്ത് നല്‍കിയിരിക്കുന്നത്.
കത്തിന്റെ പകര്‍പ്പ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും കൈമാറിയതായി പ്രസിഡന്റ് അനില്‍ തോമസും ജനറല്‍ സെക്രട്ടറി സോണി തോമസ് ജോണും പറഞ്ഞു.