എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.. അല്ല മുൻപും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി'; വൈറലായി മോഹൻലാലിന്റെ മറുപടി
Monday, October 6, 2025 8:38 AM IST
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച "വാനോളം മലയാളം ലാൽ സലാം' എന്ന പരിപാടിയിലെ സന്ദർഭോചിതമായ മോഹൻലാലിന്റെ പ്രസംഗത്തിലെ വരികളേറ്റെടുത്ത് ആരാധകർ.
ചടങ്ങിൽ നിന്നുള്ള അടൂർ ഗോപലകൃഷ്ണന്റെ വാക്കുകളും അടൂരിന് നന്ദി പറഞ്ഞുകൊണ്ടുള്ള മോഹൻലാലിന്റെ പ്രസംഗവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നതെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു അടൂരിന്റെ വാക്കുകൾ.
തുടർന്ന് മോഹൻലാലിന്റെ മറുപടി പ്രസംഗത്തിൽ താരം നൽകിയ മറുപടിയും വൈറലായിരിക്കുകയാണ്.
"എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
മോഹൻലാലിന്റെ വാക്കുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ ലഭിക്കുന്നുണ്ട്. അടൂരിന് കൃത്യമായ മറുപടി മോഹൻലാൽ നൽകിയെന്നും സംവിധായകൻ അത് അർഹിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.