20 വർഷം മുൻപ് എനിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല; അടൂർ ഗോപാലകൃഷ്ണൻ
Monday, October 6, 2025 8:17 AM IST
2004ല്‍ തനിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ അടുർ ഗോപാലകൃഷ്ണൻ. പുരസ്കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ മനസു കാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അടൂർ ബാലകൃഷ്ണൻ പറഞ്ഞു.
സിനിമ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് ആദരമർപ്പിച്ച് സംസ്ഥാന സർക്കാർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
""എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാൽ മോഹൻലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് ഞാൻ. മോഹൻലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാർഡ് നൽകിയ ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാൻ. അക്കാര്യത്തിൽ എനിക്ക് വളരെ അഭിമാനമുണ്ട്.
രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്.
മോഹൻലാലിനെ സംബന്ധിച്ചെടുത്തോളം ഓരോ മലയാളിക്കും തന്റെ പ്രതിബിംബം ഈ നടനിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തെ എല്ലാ മലയാളിക്കും സ്നേഹപാത്രമായി അദ്ദേഹം മാറിയത്. ഇനിയും ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന അഭിനയ ജീവിതവും കൂടുതൽ വിജയവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.'' അദ്ദേഹം കൂട്ടിച്ചേർത്തു.