എന്റെ റിക്കാർഡ് തകർത്തല്ലോ മാഡം: ബാലതാരം ട്രീഷ തൊസാറിനെ വീഡിയോ കോൾ ചെയ്ത് കമൽഹാസൻ
Saturday, September 27, 2025 9:57 AM IST
ദേശീയപുരസ്കാരനേട്ടത്തിൽ തന്റെ റിക്കാർഡ് തകർത്ത ബാലതാരം ട്രീഷ തൊസാറിന് അഭിനന്ദനം അറിയിച്ച് നടൻ കമൽഹാസൻ. വീഡിയോ കോൾ ചെയ്താണ് കമൽഹാസൻ കുഞ്ഞുതാരത്തെ അഭിനന്ദിച്ചത്.
നാം ഇരുവരും വളരെ ചെറുപ്പത്തിൽ തന്നെ സിനിമാ ജീവിതം ആരംഭിച്ച സിനിമയുടെ കുട്ടികൾ ആണെന്ന് കമല്ഹാസൻ ട്രീഷയോട് പറഞ്ഞു.
തനിക്ക് പുരസ്കാരം ലഭിച്ചത് ആറാം വയസിലാണെന്നും നാലാം വയസിൽ ദേശീയപുരസ്കാരം നേടി, നീ എന്റെ റിക്കാർഡ് തകർത്തുവെന്നും കമല്ഹാസൻ പറഞ്ഞു.
കമല്‍ഹാസന്റെ അനുഗ്രഹം വേണം എന്നുപറഞ്ഞ കുട്ടിയോട് വെറും ആശംസകൾ നൽകുന്നതിനു പകരം ഈ ഘട്ടത്തിൽ അനുഗ്രഹങ്ങളേക്കാൾ കൂടുതൽ ആവശ്യമുള്ളത് കൃത്യമായ പരിശീലനമാണെന്നും അദ്ദേഹം മറുപടി നൽകി. കലാരംഗത്ത് കുഞ്ഞിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും താരം ട്രീഷയുടെ അമ്മയ്ക്ക് ഉറപ്പുനൽകി.
സുധാകർ റെഡ്ഡി യാക്കാന്തിയുടെ മറാഠി ചിത്രമായ നാൾ-2 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ട്രീഷ തൊസാറിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. കളത്തൂർ കണ്ണമ്മയിലെ അഭിനയത്തിനാണ് രാഷ്ട്രപതിയുടെ കൈയിൽ നിന്നും ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സ്വർണമെഡൽ കമൽഹാസൻ സ്വന്തമാക്കുന്നത്.
‘ഒരു ബാലപ്രതിഭയിൽ നിന്ന് മറ്റൊരു ബാലപ്രതിഭയിലേക്ക്. ട്രീഷ തൊസാറിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചതിൽ കമൽഹാസൻ സർ നേരിട്ട് അഭിനന്ദിച്ചിരിക്കുന്നു. ഇന്ത്യൻ സിനിമയ്ക്കു ഇതൊരു അവിസ്മരണീയ നിമിഷമാണ്.
കമൽഹാസൻ സാറിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത് ആറാം വയസിലാണ്, എന്നാൽ ട്രീഷ തൊസാറിന് നാലാം വയസ്സിൽ അത് നേടാൻ കഴിഞ്ഞു, അഭിനന്ദനങ്ങൾ. ട്രീഷ നിങ്ങൾ ഇതിനകം രാജ്യത്തിന് തന്നെ അഭിമാനമായി കഴിഞ്ഞു.’’ കമൽഹാസന്റെ ടീം വിഡിയോ പങ്കുവച്ച് കുറിച്ചു.
കുഞ്ഞുതാരം പുരസ്കാരം വാങ്ങാൻ വേദിയിലെത്തിയപ്പോൾ സദസിൽ വലിയ കരഘോഷം മുഴങ്ങി. പുരസ്കാരദാന ചടങ്ങിൽ, പരമ്പരാഗത സാരി ധരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയ ബാലികയുടെ നിഷ്കളങ്കമായ ഭാവങ്ങൾ ഷാറുഖ് ഖാനെപ്പോലുള്ള മുതിർന്ന താരങ്ങളുടെ ഇഷ്ടം നേടിയിരുന്നു.