ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസ് നീട്ടി. നേരത്തെ 2024 ഓഗസ്റ്റ് 15ന് ചിത്രം റിലീസിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ച വിവരമാണ് ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഡിസംബർ ആറിന് ചിത്രം റിലീസ് ചെയ്യും. അല്ലു അർജുൻ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.
ഷൂട്ടിംഗ് തീരാത്തത് അടക്കമുള്ള ചില പ്രശ്നങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര്‍ സൂചിപ്പിച്ചിരുന്നു. 2024 ലെ സ്വാതന്ത്ര്യ ദിനത്തിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിനാല്‍ ഷൂട്ട് പൂർത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിർമാതാക്കൾ കഠിനമായ പ്രയത്നത്തിലായിരുന്നു. എന്നാൽ ഇതിന് കാലതാമസം വരുന്നതിനാലാണ് റിലീസിംഗ് തിയതി നീട്ടുന്നത്.
തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്മാറുകയായിരുന്നു എന്നാണ് വിവരം. പുഷ്പ: ദി റൈസ് വിജയത്തില്‍ റൂബന്റെ എഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിന്റെ പിന്മാറല് പുഷ്പ ടീമിന് തിരിച്ചടിയായി എന്നാണ് വിവരം.
2021 ഡിസംബർ 17-നാണ് പുഷ്പ: ദി റൈസ് റിലീസ് ചെയ്തത്. ചിത്രം ഇന്ത്യയൊട്ടാകെ വൻ ഹിറ്റായിരുന്നു. ഇതിനകം തീയറ്റര്‍ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.
മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.