ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി. സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ് ഒരുങ്ങുന്നത്. ജിത്തു ജോസഫിനൊപ്പം സംവിധാനസഹായിയായി എത്തിയ ആളാണ് അർഫാസ് അയൂബ്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ളയാണ് ചിത്രം നിർമിക്കുന്നത്.
സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. അമലാ പോൾ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങളാണ്.
ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ.
ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. ചിത്രം ജൂൺ രണ്ടാം വാരം തിയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.