പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംഗീതജ്ഞൻ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു.
താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരിൽ പകർപ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. വിണൈയ്താണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകൾക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.
താന്‍ സംഗീതം നൽകിയ പാട്ടുകൾ ഗാനമേളകളിലും സ്റ്റേജ്ഷോകളിലും ഉപയോഗിക്കുന്നതിനെതിരേ ഇളയരാജ നിയമനടപടിക്കൊരുങ്ങിയ സാഹചര്യത്തിലാണ് വൈരമുത്തുവിന്റെ പ്രതികരണം.
ആരും സമ്മതം ചോദിക്കാതെയാണ് തന്റെ കവിതകളുടെ പേരുകൾ സിനിമയ്ക്ക് നൽകിയത്. ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മിൽ ഒരാൾ, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാട്ട് എന്നാൽ ഈണം മാത്രമല്ല, അതിലെ വരികൾ കൂടിയാണെന്ന് സാമാന്യബോധമുള്ളവർക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തിൽ വൈരമുത്തു പ്രതികരിച്ചിരുന്നു.
തുടർന്ന് ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരൻ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.