ഹിമാലയൻ മലനിരകളിൽ ധ്യാനനിരതനാകാൻ സൂപ്പർതാരം രജനീകാന്ത് പുറപ്പെട്ടു. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതോടെയാണ് താരം ഹിമാലയത്തിലേക്ക് പോകുന്നത്. ഇതിനായി താരം ചെന്നൈയിൽ നിന്നും ഡെറാഡൂണിലെത്തി.
"എല്ലാ വർഷവും ഈ യാത്രകളിൽ എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമായിരുന്നു, അത് എന്നെ വീണ്ടും വീണ്ടും ആത്മീയ യാത്ര തുടരാൻ പ്രേരിപ്പിച്ചു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ യാത്രകൾ എന്റെ വളർച്ചയെ സഹായിക്കും.
ലോകത്തിന് മുഴുവനും ആത്മീയത ആവശ്യമാണ്, അത് എല്ലാ മനുഷ്യർക്കും പ്രധാനമാണ്. ആത്മീയത എന്നാൽ സമാധാനം അനുഭവിക്കുക എന്നാണ് അർത്ഥമാക്കുന്നത്'. രജനീകാന്ത് യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞു.
ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലാണ് ഇനി താരം അഭിനയിക്കേണ്ടത്. ഇതിന് മുൻപ് ധ്യാനത്തിനായി പോയിവരാനാണ് നീക്കം. നേരത്തെ ജയിലര്‍ സിനിമ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.
ലോകേഷ് ചിത്രം കൂലി ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. സാധാരണയായ ഓഗസ്റ്റ് മാസത്തോടെയാണ് താരം ഹിമാലയ സന്ദര്‍ശനം നടത്താറുള്ളത്. എന്നാല്‍ ഇത്തവണ കൂലിയുടെ ഷെഡ്യൂള്‍ ഉള്ളതിനാലാണ് യാത്ര നേരത്തെയാക്കിയതെന്നാണ് വിവരം.
അടുത്തിടെ രജനീകാന്ത് അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിൽ അനുഗ്രഹം തേടുന്ന രജനീകാന്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇവർ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.