ചെറിയസിനിമകളെ വലിയ വിജയമാക്കിയ ഹരിദാസ്
Wednesday, November 14, 2018 2:34 PM IST
ഹാസ്യരസത്തിനു പ്രാധാന്യം നൽകിയിരുന്ന ലോ ബജറ്റ് സിനിമകളുടെ അമരക്കാരൻ എന്ന നിലയിലാണ് സംവിധായകൻ കെ.കെ. ഹരിദാസ് മലയാള സിനിമയിൽ അംഗീകരിക്കപ്പെട്ടിരുന്നത്. ചെറിയ സിനിമകളെപ്പോലും വലിയ വിജയമാക്കാൻ കഴിവുള്ള ഫിലിം മേക്കർ എന്ന നിലയിൽ തൊണ്ണൂറുകളിൽ ചെറുതല്ലാത്ത സ്ഥാനമാണ് സിനിമാ വ്യവസായത്തിൽ ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഒരു വിജയസിനിമയ്ക്കുവേണ്ട ഫോർമുല എന്തെന്നു കൃത്യമായി മനസിലാക്കിയിരുന്ന ഇദ്ദേഹം തമാശയ്ക്കൊപ്പം ജീവിതവൈഷമ്യങ്ങളും തന്റെ സിനിമകളിൽ നന്നായി സംയോജിപ്പിച്ചു. നിഷ്കളങ്ക ഹാസ്യത്തിന്റെ അകന്പടിയോടെ സൃഷ്ടിക്കപ്പെട്ട് ബോക്സോഫീസ് വിജയം നേടിയ ഹരിദാസ് ചിത്രങ്ങൾ ഇന്നും ടെലിവിഷനിലും മറ്റും പ്രദർശിപ്പിക്കുന്പോൾ ആസ്വാദകർ ഏറെയുണ്ട്. ഏറെ മുന്നൊരുക്കങ്ങൾക്കൊന്നും ഇടകൊടുക്കാതെ സൃഷ്ടിക്കപ്പെടുന്ന തന്റെ ചലച്ചിത്രങ്ങൾപോലെതന്നെ ഇദ്ദേഹവും കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് പൊടുന്നനെയാണ്. 52-ാം വയസിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഈ ചലച്ചിത്രകാരന്റെ അന്ത്യം. അനിതയാണു ഭാര്യ. ഹരിത, സൂര്യദാസ് എന്നിവർ മക്കളും.
പത്തനംതിട്ട മൈലപ്രയിലാണ് ഹരിദാസിന്റെ ജനനം. സഹോദരീ ഭർത്താവും പ്രശസ്ത സംഗീത സംവിധായകനുമായ കണ്ണൂർ രാജനാണ് അഭ്രപാളികളുടെ അണിയറയിലേക്ക് ഹരിദാസിനെ ആനയിച്ചത്. 1982-ൽ രാജു മഹേന്ദ്ര സംവിധാനംചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തിൽ സംവിധാന സഹായിയായി. തുടർന്ന് ബി.കെ. പൊറ്റക്കാട്, ടി.എസ്. മോഹൻ, തന്പി കണ്ണന്താനം, വിജി തന്പി, നിസാർ, രാജസേനൻ തുടങ്ങിയ പ്രശസ്ത സംവിധായകർക്കൊപ്പം 48-ഓളം ചിത്രങ്ങളിൽ അസോസിയേറ്റായി പ്രവർത്തിച്ചു.
18 വർഷത്തോളം അസോസിയേറ്റായി പ്രവർത്തിച്ചതിനുശേഷമാണ് 1994-ൽ സ്വതന്ത്ര സംവിധായകനായത്; ജയറാമിനെ നായകനാക്കി ഒരുക്കിയ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെ. രഘുനാഥ് പലേരിയുടെ രചനയിലൊരുക്കിയ ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായത് നദിയാ മൊയ്തുവാണ്. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, കെപിഎസി ലളിത തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചു.
ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനിയറായ സിദ്ധാർഥൻ ഡോക്ടറെന്നു തെറ്റിദ്ധരിച്ച് വെറ്ററിനറി ഡോക്ടറായ അമ്മുക്കുട്ടിയെ വിവാഹം കഴിച്ചു. വിവാഹാനന്തരം യാഥാർഥ്യം തിരിച്ചറിഞ്ഞ സിദ്ധാർഥൻ തന്റെ പ്രതീക്ഷകൾ തെറ്റിയതിൽ നിരാശനാകുന്നു. തുടർന്ന് അമ്മുക്കുട്ടിയോട് ശത്രുവിനോടെന്നതുപോലെ പെരുമാറുന്ന സിദ്ധാർഥൻ ഒടുവിൽ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് അമ്മുക്കുട്ടിയെ സ്വീകരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യരംഗങ്ങൾക്ക് ഏറെ സാധ്യതയുണ്ടായിരുന്ന പ്രമേയം സൂക്ഷ്മതയോടെ ഉപയോഗിച്ച് തന്റെ കന്നിസംരംഭം അതിഗംഭീരമാക്കാൻ ഹരിദാസിനു സാധിച്ചു.
എറണാകുളം പശ്ചാത്തലമാക്കിയാണ് ഇദ്ദേഹം മിക്ക സിനിമകളും എടുത്തിരുന്നത്. സിനിമയ്ക്കു നൽകുന്ന പേരുകളും കൗതുകമുള്ളവതന്നെ. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി മലയാളികളെ രസിപ്പിച്ച ഒട്ടേറെ ചിത്രങ്ങൾ ഇദ്ദേഹം സംവിധാനംചെയ്തിട്ടുണ്ട്.
രണ്ടാംനിരയിലുള്ള നായക നടന്മാരെയും സഹനടന്മാരെയുമൊക്കെ നായകനിരയിലേക്ക് ഉയർത്താൻ ഇദ്ദേഹം തയാറായി. ദിലീപ് ആദ്യമായി നായകവേഷം ചെയ്തത് ഹരിദാസിന്റെ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിലാണ്. വിജയകുമാർ, ജഗദീഷ്, പ്രേം കുമാർ, കലാഭവൻ മണി, സുധീഷ്, കൊച്ചിൻ ഹനീഫ എന്നിവരെയൊക്കെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
തയാറാക്കിയത്: സാലു ആന്റണി