വ്യത്യസ്തത നിറഞ്ഞ വിനയൻ ചിത്രങ്ങൾ
Monday, September 3, 2018 5:28 PM IST
പ്രതിസന്ധികളോടു പോരാടി വിജയംനേടിയ കുട്ടനാടൻ കർഷകകുടുംബത്തിലെ പിൻതലമുറക്കാരനാണു വിനയൻ. പക്ഷേ, വിനയൻ തന്റെ കൃഷിയിടമായി തെരഞ്ഞെടുത്തതു നാടകവും സിനിമയുമുൾപ്പെട്ട കലാമേഖലയാണ്. അവസരങ്ങളുടെ പിൻബലമുണ്ടായിരുന്നെങ്കിലും ഒരിക്കലും തന്റെ മാത്രം നേട്ടങ്ങൾക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നില്ല ഇദ്ദേഹം. അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും ഭാഗത്തുനിന്നു പോരാടുന്ന തനി കുട്ടനാടൻ ശൈലി താൻ കൈവെച്ച മേഖലകളിലൊക്കെ ഇദ്ദേഹം പിന്തുടർന്നു. വിജയകൂട്ടായ്മകൾക്കൊപ്പം ചേർന്ന് കരിയർ സുഗമമാക്കാൻ ശ്രമിക്കാതെ, ഒറ്റപ്പെട്ടുപോയവരെയും കൂടെക്കൂട്ടി മുന്നേറാനായിരുന്നു എന്നും ഇദ്ദേഹം ശ്രമിച്ചത്. അതുകൊണ്ടുതന്നെ വിനയന്റെ വിജയങ്ങൾക്ക് ഇരട്ടിമധുരമാണുള്ളത്.
കുട്ടനാട്ടിലെ കോണ്വെന്റ് സ്കൂളിലും ആലപ്പുഴ എസ്.ഡി കോളജിലും കാർമൽ പോളി ടെക്നിക്കിലുമായാണ് വിനയൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വൈദ്യുതി ബോർഡിൽ എൻജിനീയറായി. ജോലിയിലിരിക്കെ നാടക സംവിധായകനായും നടനായും ട്രൂപ്പ് ഉടമയായും പ്രവർത്തിച്ചു. തൊഴിൽ രഹിതരായ ഒരുപറ്റം നാടക കലാകാരന്മാരെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ സ്വദേശാഭിമാനി എന്ന പേരിൽ ഒരു നാടക ട്രൂപ്പ് ഉണ്ടാക്കേണ്ടിവന്നു. നാടകവും അഭിനയവുമൊക്കെയായി നടക്കുന്ന കാലത്ത് സിനിമയിൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്നതിനും ശ്രമിച്ചിരുന്നു. ധാരാളം സംവിധായകരെ കണ്ടെങ്കിലും ഒന്നും ഫലവത്താകാതെവന്നപ്പോളാണ് സുഹൃത്തുക്കൾക്കൊപ്പംചേർന്ന് ഒരു ചെറിയ സിനിമ നിർമിച്ചത്. ആ പരിചയവുമായി ആദ്യ ചിത്രമായ സൂപ്പർസ്റ്റാർ സംവിധാനം ചെയ്യാനിറങ്ങി. മോഹൻലാലിനോടു രൂപസാദൃശ്യമുള്ള മദൻലാലിനെ നായകനാക്കി ചിത്രമൊരുക്കിയ പുതുമുഖ സംവിധായകനെ മാധ്യമങ്ങൾ പ്രശസ്തനാക്കി. എങ്കിലും 1994-ൽ ശിപായി ലഹള എന്ന ചിത്രം ഒരുക്കിയതോടെയാണ് വിജയം വിനയനെ നോക്കി പുഞ്ചിരിച്ചത്.
മലയാളത്തിലും തമിഴിലുമായി 37 ചിത്രങ്ങളാണ് വിനയൻ സംവിധാനംചെയ്തിട്ടുള്ളത്. കൂടാതെ തിരക്കഥാ രചനയിലും നിർമാണത്തിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കോമഡി, സെന്റിമെന്റ്സ്, ഹൊറർ, ഫാന്റസി, ആക്ഷൻ എന്നിങ്ങനെ വാണിജ്യസിനിമയ്ക്കു സ്വീകാര്യമായ വിഷയങ്ങൾ സമർഥമായി അവതരിപ്പിക്കാൻ വിനയൻ മിടുക്കുകാട്ടി. വിനയൻ തെരഞ്ഞെടുത്ത വ്യത്യസ്തമായ പ്രമേയങ്ങൾ പലതും വാണിജ്യസിനിമയിലെ അതികായന്മാർക്കുപോലും വഴങ്ങുന്നവയായിരുന്നില്ല എന്നതും ശ്രദ്ധേയം. വേറിട്ട ഈ കഥകളൊക്കെ പുതുമുഖ താരങ്ങളെയും മുൻപ് ചെറിയ വേഷങ്ങൾ ചെയ്തിരുന്നവരെയുംമറ്റും ഉൾപ്പെടുത്തി വിജയിപ്പിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.
ദിലീപ് നായകപദവിയിലേക്കുള്ള തേരോട്ടം തുടങ്ങിയതിനുപിന്നിൽ വിനയൻ ചിത്രങ്ങളുടെ പങ്ക് ചെറുതല്ല. ദിവ്യാ ഉണ്ണിയെ നായികയാക്കി അവതരിപ്പിച്ച കല്യാണ സൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗകൊട്ടാരം, പ്രണയനിലാവ് തുടങ്ങിയ ദിലീപ് ചിത്രങ്ങൾ മിക്കവയും പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
ചെറിയ വേഷങ്ങളിൽ അഭിനയിച്ചുപോന്നിരുന്ന കലാഭവൻ മണിയെ മലയാളസിനിമയിലെ നായകനിരയിലേക്ക് കൈപിടിച്ചുയർത്തിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ചിത്രത്തിലെ അന്ധഗായകനായ രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ദേശീയതലത്തിൽ ശ്രദ്ധ നേടിയ മണിക്ക് പിന്നീട് കരുമാടിക്കുട്ടൻ എന്ന മറ്റൊരു വന്പൻ ഹിറ്റും വിനയൻ നൽകി.
വിനയൻ നിർമിച്ച് സംവിധാനംചെയ്ത ആകാശഗംഗ മലയാളത്തിൽ ഒരിക്കൽക്കൂടി ഹൊറർ ചിത്രങ്ങളുടെ ട്രെൻഡ് സെറ്ററായി. വെള്ളിനക്ഷത്രം, ഡ്രാക്കുള എന്നീ ഹൊറർ ചിത്രങ്ങളും വിനയൻ പിന്നീട് ഒരുക്കി. ഫാന്റസി ചിത്രമായ ഇൻഡിപെൻഡൻസിലൂടെയും വിനയൻ പ്രേക്ഷകരെ രസിപ്പിച്ചു. ദാദാസാഹിബ്, രാക്ഷസരാജാവ് എന്നീ ആക്ഷൻ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഗംഭീരപ്രകടനമാണ് വിനയൻ അവതരിപ്പിച്ചത്. ഉൗമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ ജയസൂര്യ, ഇന്ദ്രജിത് എന്നിവരെ മലയാളത്തിനു സമ്മാനിച്ചതും വിനയൻതന്നെ. സത്യത്തിലൂടെ പൃഥ്വിരാജിനെ ആക്ഷൻ നായകനാക്കിയതും കാട്ടുചെന്പകത്തിലൂടെ അനൂപ് മേനോനെ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, നായികമാരായ പ്രിയാമണി, കാർത്തിക, ചാമി, ഹണി റോസ്, മേഘ്നാ രാജ് തുടങ്ങിയവരും വിനയൻ ചിത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതരായവരാണ്. 300 കുള്ളന്മാരെ അണിനിരത്തി തയാറാക്കിയ അദ്ഭുതദ്വീപും വിനയന്റെ മറ്റൊരു അദ്ഭുതസൃഷ്ടിയാണ്.
തയാറാക്കിയത്: സാലു ആന്റണി