കാലത്തിന് അനുസരിച്ച് മാറിവരുന്ന പ്രേക്ഷകസമൂഹത്തിനും തന്‍റെ സൃഷ്ടികൾ നന്നായി ആസ്വദിക്കാനാകുന്നു എന്നറിയുന്നത് ഏതു കലാകാരനും സംതൃപ്തിനൽകും. സംവിധായകൻ ഭദ്രനും ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചു. സ്ഫടികം എന്ന ചിത്രത്തിലൂടെ. മൂന്നു പതിറ്റാണ്ടുകളായി സംവിധായകനും രചയിതാവുമായി പ്രവർത്തിക്കുന്ന ഭദ്രന്‍റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതായി പരിഗണിക്കപ്പെടുന്നതും സ്ഫടികംതന്നെ.



225 ദിവസത്തെ പ്രദർശനത്തിനുശേഷം തിയറ്റർവിട്ട് രണ്ടര പതിറ്റാണ്ടുകളോട് അടുക്കുന്പോഴും പുതുമ നശിക്കാത്ത ഈ ചിത്രം ഇപ്പോൾ കാണുന്ന പ്രേക്ഷകർക്കുപോലും നൽകുന്ന തൃപ്തി വിവരണാതീതംതന്നെ. സ്ഫടികത്തിലെ ആടുതോമയും ചാക്കോമാഷും കുറ്റിക്കാടനുമൊക്കെ പ്രേക്ഷകഹൃദയങ്ങളിൽ ഇന്നുമുണ്ട്.

പാലാ കൊല്ലപ്പള്ളി മാട്ടേൽ കുടുംബത്തിലെ തോമസിന് ഭദ്രൻ എന്ന പേരു ലഭിച്ചത് രസകരമാണ്. സ്കൂൾ പഠനകാലത്തെ ഇദ്ദേഹത്തിന്‍റെ വികൃതികൾ അതിരുകടന്നപ്പോൾ ഭദ്രകാളി എന്ന ഇരട്ടപ്പേര് നൽകി കൂട്ടുകാർ "ആദരിച്ചു’. പിന്നീട് ഈ പേര് പതിഞ്ഞുവെന്നുറപ്പായപ്പോൾ ഇദ്ദേഹത്തിന്‍റെ പിതാവ് അതൊന്നു പരിഷ്കരിച്ച് ഭദ്രൻ എന്നാക്കി മാറ്റുകയായിരുന്നു.
സംഗീതത്തോട് ഇദ്ദേഹത്തിനു ചെറുപ്പംമുതൽ താൽപര്യമുണ്ടായിരുന്നു. സ്കൂൾ നാടകമത്സരങ്ങളിലും മറ്റും പങ്കെടുത്ത് മികച്ച അഭിനേതാവിനും രചയിതാവിനുമുള്ള സമ്മാനങ്ങളും കരസ്ഥമാക്കി. സിനിമാസംവിധായകനാകുക എന്ന മോഹം അപ്പോൾ മുതൽ ഉള്ളിൽ കൊണ്ടുനടന്നിരുന്നു. പഠനശേഷം ചെന്നൈയിലേക്കു തിരിച്ച ഭദ്രൻ ദക്ഷിണേന്ത്യൻ സിനിമയെ അന്പരപ്പിക്കുന്ന വിജയങ്ങൾ സമ്മാനിക്കുന്ന ഒരു സംവിധായകനായിത്തീരുമെന്ന് ആരും കരുതിയിരുന്നില്ല.



സംവിധായകൻ ഹരിഹരനൊപ്പം രാജഹംസം എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായാണു സിനിമയിൽ ചുവടുവയ്ക്കുന്നത്. ഈ ചിത്രത്തെത്തുടർന്ന് പതിനാലു ചിത്രങ്ങളിൽക്കൂടി ഹരിഹരനൊപ്പം പ്രവർത്തിച്ചതിനുശേഷം എന്‍റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ശങ്കർ, മോഹൻലാൽ, മേനക, കലാരഞ്ജിനി തുടങ്ങിയവർ വേഷമിട്ട ഈ ചിത്രം പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയതോടെ ഈ രംഗത്തു തുടരാനുള്ള ആത്മവിശ്വാസം ലഭിച്ചു. തൊട്ടടുത്ത വർഷം ചങ്ങാത്തം എന്ന ഒരു ചിത്രംകൂടി അദ്ദേഹം സംവിധാനംചെയ്തു. മമ്മൂട്ടി, മോഹൻലാൽ, മാധവി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചതും ഇദ്ദേഹംതന്നെ. ചങ്ങാത്തവും ഗംഭീരവിജയം നേടിയതോടെ ഭദ്രൻ എന്ന പേര് പ്രേക്ഷകർക്കു പരിചിതമായി.

തുടക്കത്തിൽതന്നെ നേടിയ ജനപ്രീതി മുതലാക്കി വാരിവലിച്ചു ചിത്രങ്ങൾ ചെയ്യാൻ ഈ സംവിധായകൻ താൽപര്യം പ്രകടിപ്പിച്ചില്ല. കലയോടും പ്രേക്ഷകരോടും നീതിപുലർത്തിയതിനാൽ മൂന്നു പതിറ്റാണ്ടിനുള്ളിൽ 12 ചിത്രങ്ങൾ മാത്രമാണ് ഇദ്ദേഹം സംവിധാനംചെയ്തത്.



മധു, മമ്മൂട്ടി എന്നിവർ അഭിനയിച്ച ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ ഒന്നിച്ച പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, വിനീത്- കാർത്തിക ഒന്നിച്ച ഇടനാഴിയിൽ ഒരു കാലൊച്ച എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി നായകനായ അയ്യർ ദി ഗ്രേറ്റ് എന്ന ചിത്രവുമൊരുക്കി. അതീന്ദ്രിയ ജ്ഞാനമുള്ള അയ്യർ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ഈ ചിത്രം തിയറ്ററുകളിൽ നൂറുദിവസം തികച്ചു. മോഹൻലാലിനെ നായകനാക്കി തയാറാക്കിയ അങ്കിൾ ബണ്‍ എന്ന ചിത്രവും ഏറെ വ്യത്യസ്തത പുലർ ത്തിയിരുന്നു. സുരേഷ് ഗോപി നായകനായ യുവതുർക്കി, മോഹൻലാൽ ചിത്രങ്ങളായ ഒളിന്പ്യൻ അന്തോണി ആദം, ഉടയോൻ എന്നിവയും പൃഥ്വിരാജ് നായകനായ വെള്ളിത്തിരയും ഇദ്ദേഹം തയാറാക്കിയവയാണ്. തന്‍റെ മുൻ ചിത്രങ്ങളേക്കാൾ മികച്ചതു സൃഷ്ടിക്കുക എന്നതാണ് ഈ സംവിധായകൻ എക്കാലവും ലക്ഷ്യമിടുന്നത്.

തയാറാക്കിയത്: സാലു ആന്‍റണി